പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ കഴുത്തിന് മുകളില്‍ തലയുണ്ടാകില്ല: പിന്തുണയ്ക്കുന്നവരെ ബംഗ്ലാദേശിലേക്കയക്കുമെന്നും ബിജെപി ബംഗാള്‍ അധ്യക്ഷന്‍

BJP

കല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ക്യാംപസിന് പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി ബിജെപി പശ്ചാമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്ത്. കഴിഞ്ഞയാഴ്ച ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ കൊലവിളി. പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ കഴുത്തിന് മുകളില്‍ തലയുണ്ടാകില്ലെന്നാണ് ഭീഷണി. വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തുന്ന ചിന്തകരെയും സിനിമാതാരങ്ങലെയും ബംഗ്ലാദേശിലേക്ക് അയക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബംഗാളിനെ അഫ്ഗാനോ സിറിയയോ ആകാന്‍ അനുവദിക്കില്ലെന്നും ഘോഷി പറയുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബിര്‍ഭുമാലായിരുന്നു പ്രസംഗം നടന്നത്.

BJP2

ജാദവ്പൂര്‍ സര്‍വകലാശാലയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയാണ്, അവരെ പുറത്തിറങ്ങാന്‍ താന്‍ വെല്ലുവിളിക്കുകയാണെന്നും ദിലീപ് വെല്ലുവിളിച്ചു. ഇവിടെ നിന്നുള്ള ഭക്ഷണവും കഴിച്ച്, പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയാണ് അവരെന്നും ആരോപിക്കുന്നുണ്ട്. ചെരുപ്പുകൊണ്ട് അടിച്ച് ഇവരെ നേരെയാക്കുമെന്നും ബിജെപി നേതാവ് പറയുന്നു. പാക്കിസ്ഥാനെ അനുകൂലിക്കുന്നവരെ ആറടി മണ്ണിനടിയിലേക്ക് അയയ്ക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

എന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം മുഴങ്ങിയെന്നതാണ് ബിജെപി നേതാവിനെ പ്രകോപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും, അഫ്‌സല്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നുമായിരുന്നു സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രതികരണം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

DONT MISS
Top