“കേരളീയ ക്യാംപസുകളുടെ ഇടതുമനസ് ജെഎന്‍യുവിന് കരുത്തുപകര്‍ന്നു”: അപരാജിത രാജയുമായുള്ള അഭിമുഖം

aparajitha

ജെഎന്‍യു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് അപരാജിത രാജ സംസാരിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തവരില്‍ അപരാജിതയുണ്ടെന്നും, അപരാജിതയ്ക്ക് ഐഎസ് ബന്ധമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രമുഖ സിപിഐ നേതാക്കളായ ഡി രാജ എംപി-ആനിരാജ ദമ്പതികളുടെ മകളാണ് അപരാജിത. ജെഎന്‍യു വിവാദങ്ങളെക്കുറിച്ച്, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥിനേതാവ് അപരാജിത രാജ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു

ഫെബ്രുവരി 9ന് അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയിരുന്നോ?

ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയത് നേരിട്ട് കേട്ടിട്ടില്ല. ഫെബ്രുവരി 9 ലെ അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങിനിടെ സംഘര്‍ഷമുണ്ടായപ്പോഴാണ് അവിടെ എത്തിയത് ,അതിന് ശേഷം അവിടെ മുദ്രാവാക്യം വിളി ഉയര്‍ന്നിട്ടില്ല. സ്ഥിതി ശാന്തമാക്കാനാണ് കനയ്യ ശ്രമിച്ചത്. കനയ്യയ്‌ക്കൊപ്പം സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താനാണ് അവിടെ ശ്രമിച്ചത്.

ap[arajitha1

ജെഎന്‍യു ക്യാംപസില്‍ പുറത്ത് നിന്ന് എത്തിയവരാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എന്ന് പറയുന്നു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയോ?

ജെഎന്‍യു ക്യാംപസില്‍ കുട്ടികള്‍ പുറത്ത് നിന്ന് വരുന്നത് സര്‍വസാധാരണമാണ്. അവിടുത്തെ പരിപാടികളില്‍ സജീവ സാന്നിധ്യമായി അത്തരം കുട്ടികള്‍ മാറാറുണ്ട്. പക്ഷേ,മുഖം മറച്ച് കുട്ടികള്‍ മുന്‍പ് വന്നിട്ടില്ല. അതിന് പിന്നില്‍ എന്തെങ്കിലും ആസൂത്രിതമായ നീക്കം ഉണ്ടോ എന്ന് സംശയമാണ്. അതിന് പിന്നില്‍ ആരാണെന്നും അറിയേണ്ടതുണ്ട്.

അപരാജിത പ്രതിയാണ് എന്ന തരത്തില്‍ എങ്ങനെ വാര്‍ത്ത വന്നു?

അറിയില്ല. ചില മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് എന്ന് തോന്നുന്നു. രജിസ്ട്രാര്‍ പൊലീസിന് കൈമാറിയ ലിസ്റ്റില്‍ മാത്രമാണ് എന്റെ പേരുണ്ടായിരുന്നത്. പിന്നീട് രാജ്യദ്രോഹ കേസില്‍ പ്രതിയാണ് എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. അതായിരുന്നില്ല വാസ്തവം.

aparajitha4

കുറേ ദിവസം ഒളിവിലായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍

ഒളിവിലോ?ക്യാംപസില്‍ തന്നെ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. എഐഎസ്എഫ് യോഗങ്ങളില്‍ പങ്കെടുത്തു. എല്ലാവരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഒരു ദിവസം മൊബൈല്‍ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരുന്നു.പിന്നീട് ഓണാക്കുകയും ചെയ്തു.

പെണ്‍കുട്ടികള്‍ക്ക് നേരെയുള്‍പ്പെടെ ഉണ്ടായ അപവാദ പ്രചാരങ്ങളെക്കുറിച്ച്

അത് തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. അത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയമല്ല. എതിര്‍ക്കുന്നവരെ മോശക്കാരാക്കുക എന്നതാണ് സംഘവപരിവാര്‍ രീതി. വസ്തുതകളെ അടിസ്ഥാനമാക്കി മറുപടി നല്‍കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുക. സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണം പണ്ടും ആര്‍എസ്എസ് അജണ്ടയാണ്. അതുവഴി നിശബ്ദരാക്കാനാണ് ശ്രമം. എന്നാല്‍ അത് ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ് ചെയ്തത്, കൂടുതല്‍ പ്രതിസന്ധികളെ നേരിടാന്‍

aparajitha3

അപരാജിതക്ക് ഉമര്‍ഖാലിദുമായും ഐഎസുമായും ബന്ധമുണ്ട് എന്ന തരത്തില്‍ ഒരു മലയാള പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. പ്രതികരണം?

മാധ്യമ ധാര്‍മ്മികത ഇല്ലാത്തവര്‍ പടച്ചുവിടുന്ന വാര്‍ത്തയാണ് അത്, മഞ്ഞപ്പത്ര സംസ്‌കാരമാണതില്‍ തെളിഞ്ഞത്.ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയായതുകൊണ്ട് തന്നെയാണ് ഇതിനെതിരെ  വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നതും. സെന്‍സേഷണല്‍ ജേര്‍ണലിസം ആയിരിക്കാം ലക്ഷ്യം, പക്ഷേ അത് നീതിബോധത്തിന് നിരക്കുന്നതല്ല.

അപരാജിതയ്ക്ക് എതിരെ പ്രചാരണം നടന്ന സമയത്ത് അമ്മയോടും(ആനിരാജ) അച്ഛനോടും(ഡി രാജ) സംസാരിച്ചിരുന്നോ?

അമ്മയുമായും അച്ഛനുമായും ബന്ധം പുലര്‍ത്തിയിരുന്നു. അവരെ കാര്യങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു

aparajitha2

ജെഎന്‍യുവിന് ഒപ്പം അണിനിരന്ന കേരളത്തിലെ ക്യാമ്പസുകളോട് എന്താണ് പറയാനുള്ളത്?

ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാംപസുകളില്‍ വലിയ പ്രകടനങ്ങള്‍ നടന്നിരുന്നതായി അറിഞ്ഞു. തീര്‍ച്ചയായും അത് സന്തോഷകരമാണ്. പ്രകടനങ്ങള്‍ക്കപ്പുറം ആ വിഷയം ആഴത്തില്‍ ക്യാംപസുകള്‍ തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനപ്പെട്ടത്. ഇടതുമനസ് കേരളത്തിലെ ക്യാംപസുകള്‍ കാത്തുസൂക്ഷിക്കുന്നുവെന്നത് ജെഎന്‍യുവിന് കൂടുതല്‍ കരുത്ത് പകരുന്നു.

ജെഎന്‍യുവിന്റെ ഭാവി

എല്ലാ ആരോപണങ്ങളെയും ജെഎന്‍യു ചെറുത്ത് തോല്‍പ്പിക്കും.അതിനുള്ള കരുത്ത് ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട്. ഒറ്റക്കെട്ടായി ജെഎന്‍യു അണിനിരക്കുന്നത് തന്നെ ക്യാംപസിനെ അപകടപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞാണ്. ചര്‍ച്ചയും സംവാദങ്ങളും ജെഎന്‍യുവിനെ ഇനിയും സംവാദമണ്ഡലമാക്കി നിലനിര്‍ത്തും.

aparajitha7

ആര്‍എസ്എസ് ഇനി ഏത് രൂപത്തില്‍ അപകടത്തില്‍പ്പെടുത്താന്‍ എത്തുമെന്നാണ് കരുതുന്നത്?

ക്യാംപസില്‍ അവര്‍ക്ക് ഒപ്പമുള്ള കുറേയേറെ വിദ്യാര്‍ത്ഥികള്‍ മാറിപ്പോയിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ അവര്‍ ആ അപകടത്തില്‍ നിന്ന് പുറത്തുവരുമെന്നാണ് കരുതേണ്ടത്. ആര്‍എസ്എസിന്റെ ഇത്തരം അജണ്ടകളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടും. ഇപ്പൊഴുണ്ടായിരിക്കുന്ന ഇടത് ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടകള്‍ ഉപകരിക്കുകയും ചെയ്യും.

DONT MISS
Top