അഫ്‌സല്‍ ഗുരുവല്ല രോഹിത്ത് വെമുലയാണ് തന്റെ മാതൃക: കനയ്യകുമാര്‍

knahaiya
ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരല്ല, അങ്ങനെ ആകാനും കഴിയില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍. ഇന്ത്യയിലെ നികുതിദായകരുടെ പണം സുരക്ഷിതമാണെന്നും കനയ്യ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. നികുതിദായകരുടെ പണം സുരക്ഷിതമാണ്, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ദേശവിരുദ്ധരാകാനാകില്ല, കനയ്യ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 9ന് ക്യാമ്പസില്‍ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത് ദേശവിരുദ്ധമാണോ എന്ന് വിലയിരുത്തേണ്ടത് കോടതിയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുന്ന നിലയില്‍ ദേശദ്രോഹം പോലെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തരുതെന്നും കനയ്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് തങ്ങളെന്നും കനയ്യ വ്യക്തമാക്കി. അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടി ക്യാമ്പസില്‍ നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അഫ്‌സല്‍ ഗുരുവല്ല രോഹിത്ത് വെമുലയാണ് തന്റെ മാതൃകയെന്നായിരുന്നു മറുപടി.

കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്നും കനയ്യകുമാര്‍ പറഞ്ഞു. എന്നാല്‍ ഫെബ്രുവരി 12 ന് കേരളത്തിലെത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് കനയ്യകുമാര്‍ ജയില്‍ മോചിതനായത്.

DONT MISS
Top