ഇന്ത്യന്‍ ചെഗുവേര ജനിച്ചെന്ന് പ്രമുഖര്‍, മോദിക്ക് ഉറക്കമില്ലാത്ത രാത്രികളെന്നും ട്വിറ്റര്‍

kanhaiya
ഇന്ത്യന്‍ ക്യാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയിലാണ് ഇന്ന് ലോകം ആകാംക്ഷയോടെ നോക്കുന്നത്. അതെ, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റെ മോചനം അന്താരാഷ്ട്രതലത്തില്‍ തന്നെ തുടക്കം കുറിച്ചത് വന്‍ ചര്‍ച്ചകള്‍ക്കാണ്. കനയ്യകുമാറിന്റെ അന്‍പത് മിനുട്ടോളം നീണ്ട പ്രസംഗം ദേശീയമാധ്യമങ്ങളെല്ലാം തത്സമയം ചെയ്തതോടെ, പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രമുഖരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.ട്വിറ്ററിലും ഫേസ്ബുക്കിലും #KanhaiyaKumar എന്ന ഹാഷ്ടാഗ് ഏറ്റവും ട്രന്‍ഡിംഗായ ആദ്യ രണ്ട് ടാഗുകളിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.

കനയ്യയെ അഭിവാദ്യം ചെയ്തുകൊണ്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സീതാറാം യെച്ചൂരിയും രംഗത്തെത്തി. മുന്‍ വിദേശ സെക്രട്ടറിയും അംബാസിഡറുമായ നിരുപമാ റാവുവും അഭിനന്ദനവുമായി രംഗത്തെത്തിയവരിലുണ്ട്. ഇന്ത്യന്‍ യുവത്വം കനയ്യയെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രമുഖ ഏഴുത്തുകാരി ഗായത്രി ജയരാമന്‍ പറഞ്ഞു.

കനയ്യയുടെ പ്രസംഗം മോദിയുടെ ഉറക്കം കെടുത്തുമെന്നാണ് വിനോദ് മേത്തയുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്

പ്രസംഗം നേതാക്കളെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍, പുതിയൊരു നേതാവിന്റെ ജനനമാണ് ജെഎന്‍യുവില്‍ ഇന്നലെ കണ്ടെതെന്നായിരുന്നു, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തെത്തി. നിരവധി പ്രമുഖരാണ് കനയ്യയെന്ന നേതാവ് ഉയര്‍ന്നുവന്നുവെന്ന ട്വീറ്റുകളുമായി രംഗത്തെത്തിയത്.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് മോദി കളമൊരുക്കിയെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് കാരണക്കാരനായ മോദിയെ അഭിനന്ദിക്കാനും അവരാരും മറന്നില്ല.

കനയ്യയെ ഇന്ത്യന്‍ ചെഗുവേരയെന്നാണ് പലരും വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെ എല്ലാവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.

പാര്‍ലമെന്റില്‍, മോദി ഇന്നലെ നടത്തിയ ആവേശകരമായ പ്രസംഗത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്നലെ കനയ്യ കാഴ്ചവെച്ചതെന്നും ട്വീറ്റുകളുണ്ട്.

പ്രമുഖ ബോളിവുഡ് സിനിമാതാരം കമാല്‍ ആര്‍ ഖാന്‍ മികച്ച പ്രസംഗം നടത്തിയതിന് കനയ്യയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തന്റെ ഡല്‍ഹിയിലെ ഓഫീസിലെത്തി കനയ്യയ്ക്ക് തുക കൈപ്പറ്റാമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.

നേരിട്ട് ജെഎന്‍യുവിലെത്തി കനയ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ബര്‍ഖ ദത്ത് കനയ്യയുടെ മോചനം ജനങ്ങളിലെത്തിച്ചത്.

ചുരുക്കത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളാകെ ഇന്നലെയും ഇന്നുമായി കനയ്യകുമാറിന്റെ മോചനം അസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

DONT MISS
Top