രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്ന് രാഹുല്‍

rahul
ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിയ്ക്കുന്നവരെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ മകന്‍ എന്ന നിലയില്‍ അഭിപ്രായം പറയില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേ സമയം പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍ എന്നീ ഏഴ് പേരാണ് 24 വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്നത്. ഇവരെ മോചിപ്പിയ്ക്കുന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ.ജ്ഞാനദേശികന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയ്ക്ക് കത്തയച്ചിട്ടുണ്ട്.
പ്രതികളെ വിട്ടയ്ക്കുന്നതിനായുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ കത്ത് പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. സുപ്രീം കോടതി വിധിക്ക് അനുസൃതമായി തീരുമാനം എടുക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയത്.

അതേസമയം, പ്രതികളെ വിട്ടയക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗമിക്കുന്നത് വര്‍ഷങ്ങള്‍ വൈകിയതിനെതുടര്‍ന്നാണ്, സുപ്രീം കോടതി കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ഇത്തരത്തില്‍ 2014 ഫെബ്രുവരി 18ന് റദ്ദാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തീരിമാനിക്കുകയും, 20ാം തീയതി തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

ഈ കേസില്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വോട്ടെടുപ്പിലൂടെയാണ് വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തീരുമാനമെടുത്താണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അന്ന് കേസില്‍ വിധി പറഞ്ഞത്.

ചെന്നൈയിലെ ടാഡാ കോടതിയില്‍ നടന്ന വിചാരണയില്‍ 26 പ്രതികള്‍ക്കും വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഈ വിധിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി ഇത് നാല് പേര്‍ക്ക് മാത്രമായി ചുരുക്കി.

ജയിലില്‍ വെച്ച് പ്രസവിച്ച നളിനിയുടെ മകളുടെ അഭ്യര്‍ത്ഥനയനുസരിച്ച് രാജീവ് ഗാന്ധിയുടെ വിധവ സോണിയാഗാന്ധിയുടെ ഇടപെടല്‍ പ്രശ്‌നത്തിലുണ്ടാകുകയും, നളിനിയുടെ വധശിക്ഷയും റദ്ദാക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പേരുടെ വധശിക്ഷയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത്. നളിനിക്ക് കഴിഞ്ഞ ആഴ്ചയില്‍ അച്ഛന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്ക് പരോളും അനുവദിച്ചിരുന്നു. 1991 മേയ് 21നാണ് രാജീവ് ഗാന്ധിയുള്‍പ്പെടെ 15 പേര്‍ ചെന്നൈ ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടത്.

DONT MISS
Top