അഫ്‌സല്‍ഗുരുവിനായി മുദ്രാവാക്യം വിളിക്കുന്നവര്‍ അതിര്‍ത്തികാക്കുന്ന സൈനികരെ ഓര്‍ക്കണമെന്ന് ദില്ലി ഹൈക്കോടതി

DELHI HIGH COURT
ദില്ലി: കനയ്യകുമാറിന്റെ ജാമ്യേപേക്ഷയില്‍ വിധി പറയവെ, കടുത്ത വാക്കുകളിലാണ് ദില്ലി ഹൈക്കോടതി ജെഎന്‍യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചത്. ഉപാകാര്‍ എന്ന സിനിമയിലെ ദേശഭക്തിഗാനം പരാമര്ഞസിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ റാണി വിധിപ്രസ്താവം ആരംഭിച്ചത്. ഫെബ്രുവരി 9ന് ക്യാമ്പസില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളെ മൗലികാവകാശമായോ അഭിപ്രായ സ്വാതന്ത്രമായോ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ബാധിച്ചിരിക്കുന്ന പകര്‍ച്ച വ്യാധി ഉടന്‍ നിയന്ത്രിക്കുകയോ ചികിത്സിച്ച് ബേധമാക്കുകയും വേണം.കാലിന് ഒരു അസുഖം വന്നാല്‍, ആദ്യം ആന്റിബയോട്ടിക് കഴിച്ച് സുഖപ്പെടുത്താനാണ് നോക്കുക. ചിലപ്പോള്‍ ശസ്ത്രക്രീയയും വേണ്ടിവന്നേക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ചിലപ്പോള്‍ കാല് തന്നെ മുറിച്ചുകളയേണ്ടി വരുമെന്നും കോടതി പറഞ്ഞു.
അതിര്‍ത്തിയില്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ജെഎന്‍യുവില്‍ സുഖിച്ച് ജീവിക്കാന്‍ കഴിയുന്നത്. സിയാച്ചിനില്‍ ഓക്‌സിജന്‍ പോലും ലഭിക്കാതെയാണ് സൈനികര്‍ രാജ്യം സംരക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കേണ്ടത് അധ്യാപകരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ജയിലില്‍ കിടക്കുന്ന സമയത്ത് തന്റെ ചെയ്തികളെക്കുറിച്ച് വിപുലമായി ആലോടിക്കാന്‍, കനയ്യയ്ക്ക് സമയം ലഭിച്ചിട്ടുണ്ടാകും. പരമ്പരാഗതമായി നല്‍കുന്ന ചികിത്സയാണ് നിലവില്‍ താന്‍ നിര്‍ദേശിക്കുന്നതെന്നും ജഡ്ജി പ്രസ്താവിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍, ഉത്തകരവാദിത്തം കനയ്യയ്ക്കുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ കാലത്ത് ക്യാമ്പസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കനയ്യയ്ക്ക് നിര്‍ദേശം നല്‍കി. ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പതിനായിരം രൂപ ബോണ്ടിലാണ് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശം. ജെഎന്‍യുവിലെ ഒരു അധ്യാപകന്‍ ജാമ്യം നില്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണിയാണ് കനയ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത് .

jnu 9

ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയുമോ എന്ന് കോടതി പൊലീസിനോട് വാക്കാല്‍ ചോദിച്ചിരുന്നു. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ ഏഴ് വിഡിയോകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം വ്യാജമാണെന്ന് ഇന്നലെ തെളിഞ്ഞു. രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയില്‍ ബോധിപ്പിച്ചത്.  കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കനയ്യയ്ക്കായി ഹാജരായത്. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു കനയ്യയുടെ അഭിഭാഷകരുടെ വാദം. ദേശദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും കബില്‍ സിബല്‍ ബോധിപ്പിച്ചു. കനയ്യ കുമാറിന് ജാമ്യം അനുവദിക്കരുതെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് ആരോപിച്ച് പോലീസ് നിയോഗിച്ച നാലംഗ അഭിഭാഷകമാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.

കനയ്യയ്‌ക്കെതിരെ നാല് പ്രധാന കുറ്റങ്ങളാണ് ദില്ലി പോലീസ് ചുമത്തിയിരുന്നത്. സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു, അനുവാദമില്ലാതെ ബലംപ്രയോഗിച്ച് പരിപാടി സംഘടിപ്പിച്ചു, ജെഎന്‍യു ക്യാമ്പസില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി, ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി എന്നീ കുറ്റങ്ങളാണ് പോലീസ് കനയ്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കനയ്യ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് തെളിയിക്കുന്ന സ്വകാര്യ ടെലിവിഷന്‍ ദൃശ്യങ്ങളുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങളില്ല, സാക്ഷികളുണ്ടെന്ന് പോലീസ് കോടതിയില്‍ തിരുത്തിയിരുന്നു .

പാട്യാല കോടതിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ 32 ാം അനുച്ഛേദം അനുസരിച്ച് ജാമ്യത്തിനായി കനയ്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 11 ന് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ ദേശദ്രോഹപരമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ഐപിസി 124എ/120ബി വകുപ്പുകള്‍ പ്രകാരം ദില്ലി പോലീസ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 12നാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

DONT MISS
Top