പൃഥ്വീരാജ് ഇടപെട്ട് തന്റെ പാട്ടുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങള്‍- രമേശ് നാരായണ്‍

RAMESH 1

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചെയ്ത ഗാനങ്ങള്‍ പൃഥ്വീരാജ് നേരിട്ട് ഇടപെട്ട് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് സംഗീതസംവിധായകന്‍ രമേശ് നാരായണ്‍. തന്റെ നാരായണന്റെ പാട്ടുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പൃഥ്വീരാജ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഭയില്‍ നില്‍ക്കുമ്പോഴും പുതിയ വിവാദങ്ങള്‍ എന്ന് നിന്റെ മൊയ്തീന് മേല്‍ കരിനിഴലില്‍ വീഴ്ത്തുന്നു. തനിക്ക് നേരിടേണ്ട വന്ന കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് രമേശ് നാരായണ്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?

സിനിമക്കായി ആദ്യം ഞാനും റഫീഖ് അഹമ്മദും ചേര്‍ന്ന് ആറ് ഗാനങ്ങള്‍ തയ്യാറാക്കിയിരുന്നു. പാട്ടുകള്‍ കേട്ടശേഷം പൃഥ്വീരാജ് ഈ ഗാനങ്ങളെല്ലാം അക്കാദമിക് തലത്തിലുള്ള ഗാനങ്ങളാണെന്നും സിനിമക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആര്‍ എസ് വിമലാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്. എന്തുകൊണ്ട് എന്നോട് പൃഥ്വീരാജ് നേരിട്ട് പറഞ്ഞില്ല? പിന്നീട് ഞാന്‍ പാട്ടുകളില്‍ മാറ്റം വരുത്തണമോ എന്ന് ചോദിച്ച് പൃഥ്വീരാജിന് ഫോണില്‍ സന്ദേശം അയച്ചെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.

എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല?

വെറുതെ ഒരു വിവാദമുണ്ടാക്കാന്‍ അന്ന് ഞാന്‍ തയ്യാറായിരുന്നില്ല. പാട്ടുകള്‍ മാറ്റിയില്ലെങ്കില്‍ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പൃഥീരാജ് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് സുരേഷ് രാജ് പൃഥ്വീരാജിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. അപ്പോഴും ഇങ്ങനെ തന്നെയായിരുന്നു മറുപടി. ആര്‍ എസ് വിമലിന്റെ ഏറെ നാളത്തെ ശ്രമഫലമായിട്ടാണ് സിനിമയുണ്ടായത്. രണ്ടാമതൊരു നടനെ തേടിപ്പോകാന്‍ സമയമില്ലായിരുന്നു. മാത്രമല്ല, പൃഥ്വീരാജ് ചിത്രത്തിനായി അഡ്വാന്‍സും വാങ്ങിയിരുന്നു. ഞാന്‍ തന്നെ സംഗീതസംവിധാനം നിര്‍വ്വഹിക്കണമെന്ന് സുരേഷ് രാജ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പാട്ടുകള്‍ ചെയ്തത്. ഞാന്‍ മൂലം ബുദ്ധിമുട്ടുകളൊന്നു ഉണ്ടാകരുതെന്ന് വിചാരിച്ച് ഇത്ര നാള്‍ മിണ്ടാതിരുന്നു. ഇപ്പോള്‍ ഈ അവാര്‍ഡ് കിട്ടിയപ്പോള്‍ പറയണമെന്ന് തോന്നി.

പിന്നീടുണ്ടായത് ?

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് സംവിധായകര്‍ ചേര്‍ന്ന് പാട്ടുകള്‍ ചെയ്യാന്‍ തീരുമാനിച്ചു. എം ജയചന്ദ്രനും ഒപ്പം ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മൂന്ന് വീതം ഗാനങ്ങള്‍ ചെയ്തു. അതില്‍ ശാരദാംബരം മാത്രമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റ് രണ്ട് ഗാനങ്ങള്‍. ഒന്ന് യേശുദാസും സുജാതയും ചേര്‍ന്ന് ആലപിച്ച മനോഹരമായ ഒരു ഗാനമായിരുന്നു. മറ്റൊന്ന് മകള്‍ മധുശ്രീ പാടിയ ഗാനവും.

ചിത്രത്തിന് പിന്നിലെ അധ്വാനം

സിനിമ ആരംഭിക്കുന്നത് എന്റെ കൂടി സഹകരണത്തോടെയാണ്. ചിത്രത്തിന്റെ പൂജ എന്റെ വീട്ടില്‍ വെച്ചായിരുന്നു. പൃഥ്വീരാജിനേയും പാര്‍വ്വതിയേയും ഉള്‍പ്പെടെ സിനിമയിലേക്ക് മിക്ക കലാകാരന്‍മാരും ഞാനാണ് വിളിച്ചത്. എന്ന് നിന്റെ മൊയ്തീനെന്ന മനോഹരമായ പേര് പോലും ഞാനാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ ഇകഴ്ത്തലുകളില്‍ ഞാന്‍ തളര്‍ന്നിട്ടില്ല. സംഗീതം ചെയ്യുന്നതിന് ഈ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. സംഗീതം സത്യമാണ്.

നല്ല സിനിമയും നല്ല പാട്ടുകളും ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ തലമുറ. മലയാള സിനിമയില്‍ ഇങ്ങനെയുള്ള നടന്‍മാര്‍ കാരണമാണ് സിനിമയില്‍ നല്ല ഗാനങ്ങള്‍ ഇല്ലാതാകുന്നത്. ഇത് അവസാനിപ്പിക്കണം. എന്ത് അര്‍ഹതയാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കുള്ളത്. നല്ല സംഗീതം ഉണ്ടാകട്ടെ. അതാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

DONT MISS
Top