മോഹന്‍ലാലിനൊപ്പമെത്തുമോ മമ്മൂട്ടി? കാത്തിരിപ്പുമായി ആരാധകര്‍

mammootty

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് അറിയേണ്ടത് ഒന്ന് മാത്രം. മമ്മൂക്ക അവാര്‍ഡ് നേട്ടത്തില്‍ ലാലേട്ടന് ഒപ്പമെത്തുമോ എന്ന്. നിലവില്‍ അഞ്ച് തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ളത്. മോഹന്‍ലാല്‍ ആറ് തവണ അവാര്‍ഡ് നേടി പട്ടികയില്‍ ഒന്നാമതുണ്ട്. പത്തേമാരിയിലൂടെ ഈ വര്‍ഷത്തെ സാധ്യതാപട്ടികയില്‍ മമ്മൂട്ടി ശക്തമായ സാന്നിധ്യമായതോടെ ആറാമതും അവാര്‍ഡ് നേടി മോഹന്‍ലാലിനൊപ്പമെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദേശീയ അവാര്‍ഡ് നേട്ടത്തില്‍ പക്ഷെ, മമ്മൂട്ടിയാണ് മലയാളത്തില്‍ നിന്ന് മുന്നില്‍. അമിതാബ് ബച്ചനും കമലഹാസനുമൊപ്പം മൂന്ന് തവണ അവാര്‍ഡ് നേടി ഏറ്റവുമധികം അവാര്‍ഡ് നേടിയ താരങ്ങളുടെ ഗണത്തിലാണ് മമ്മൂട്ടിയുടെ സ്ഥാനം. വിവിധ ഭാഷകളിലായാണ് അവാര്‍ഡ് നേട്ടമെന്ന പ്രത്യേകതയും മമ്മൂട്ടിയുടെ നേട്ടത്തിനുണ്ട്. മോഹന്‍ലാല്‍ രണ്ട് തവണയാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഒടുവിലായി 2009ല്‍ പാലേരി മാണിക്യത്തിലൂടെയാണ് മമ്മൂട്ടി സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായത്, മോഹന്‍ലാല്‍ 2007 ല്‍ പരദേശിയിലൂടെയും.
മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ എട്ടംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ അവാര്‍ഡിന് പരിഗണിക്കുന്നത്. നിന്റെ മൊയ്തീന്‍, അനാര്‍കലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വിരാജും സുസു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാര പട്ടികയിലുണ്ട്.

കാഞ്ചനമാലയെ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ പാര്‍വ്വതിയാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് മുന്‍നിരയിലുളളത്. ചാര്‍ലിയിലെ ടെസയും പാര്‍വ്വതിയുടെ സാധ്യത ഇരട്ടിയാക്കുന്നു. മഞ്ജു വാര്യര്‍, അമല പോള്‍ എന്നിവരാണ് പാര്‍വ്വതിക്ക് വെല്ലുവിളിയായി പട്ടികയിലുള്ളത്. ചായം പൂശിയ വീട്, നിര്‍ണായകം, കാറ്റും മഴയും, എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി എന്നീ ചിത്രങ്ങള്‍ മികച്ച ചിത്രം, സംവിധാനം എന്നീ അവാര്‍ഡുകള്‍ക്ക് മുന്‍പന്തിയിലുള്ളത്. ആര്‍എസ് വിമലിന് തിരക്കഥക്കും, ജോമോന്‍ ടി. ജോണിന് ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിനും സാധ്യത കല്‍പ്പിക്കുന്നു. പന്ത്രണ്ട് മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ, മലയാള സിനിമയുടെ കിരീടം വെക്കാത്ത രണ്ട് രാജാക്കന്മാരുടെയും അവാര്‍ഡ് നേട്ട മത്സരക്കണക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍

DONT MISS
Top