വേനല്‍ ചൂടിന് കാഠിന്യമേറുന്നു; ഇടുക്കിയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു

idukki

കട്ടപ്പന: വേനല്‍ ചൂടിന് കാഠിന്യമേറുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍ ചൂടിന്റെ കാഠിന്യം മലയോരമേഖലയിലും വളരെക്കൂടുതലാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ പൊന്‍മുടി ജലാശയത്തിലെ ജലനിരപ്പ് ഏഴ് മീറ്ററോളം താഴ്ന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ജലസ്രോതസുകളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ജല നിരപ്പ് വന്‍തോതില്‍ താഴുകയും ചെയ്തു. അണക്കെട്ടുകളില്‍ ജല നിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിലും കുറവുണ്ടായിട്ടുണ്ട്. 708 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള പൊന്മുടി അണക്കെട്ടില്‍ ഡിസംബര്‍-ജനുവരി മാസത്തില്‍ പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ് ഉയര്‍ന്ന് നിന്നിരുന്നതാണ്. എന്നാല്‍ നിലവില്‍ ഇത് 698 മീറ്ററിലേക്ക് കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 7 മീറ്ററിലധികമാണ് ജലനിരപ്പ് താഴ്ന്നിട്ടുള്ളത്.

വേനല്‍ ചൂടിന്റെ കാഠിന്യം ഇനിയും കൂടുവാനാണ് സാധ്യത. അങ്ങനെയുണ്ടായാല്‍ ചെറു അരുവികളടക്കം വറ്റി വരണ്ട് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ച് ജല സംഭരണികള്‍ വരണ്ടുണങ്ങുമെന്നതിന് സംശയമില്ല. വൈദ്യുതി ഉത്പ്പാദനത്തെയും കാര്‍ഷിക മേഖലയേയും ഇത് സാരമായി ബാധിക്കും. ഏറ്റവും കൂടുതല്‍ നനവ് ആവശ്യമായ ഏലം അടക്കമുള്ള നാണ്യവിളകളും വാഴ, പാവല്‍, കപ്പ അടക്കമുള്ള തന്നാണ്ട് വിളകള്‍ക്കും ഇത് കനത്ത തിരിച്ചടിയാകും.

വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ജല ലഭ്യത കുറയുന്നതോടെ കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുന്നത്. ഇത് വരും വര്‍ഷത്തെ ഉല്‍പ്പാദനത്തേയും സാരമായി ബാധിക്കും. കാര്‍ഷികമേഖലയെ പിടിച്ചുലയ്ക്കുാന്‍ പോകുന്ന വരള്‍ച്ചാ കാലത്തെ ഭീതിയോടെ ഉറ്റുനോക്കുകയാണ് ഹൈറേഞ്ച് ജനത.

DONT MISS
Top