ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം: ജര്‍മ്മന്‍ യുവതിയെ പീഡനത്തിനിരയാക്കിയത് ഓട്ടോ ഡ്രൈവറും സംഘവും

molestation

ദില്ലിയില്‍ ജര്‍മ്മന്‍ യുവതി ബലാത്സംഗത്തിനിരയായതായി പരാതി. രാത്രിയില്‍ വഴി ചോദിച്ച് ഒാട്ടോയില്‍ കയറിയ തന്നെ, ഡ്രൈവറും സംഘവും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയുമായാണ് ജര്‍മ്മന്‍ യുവതി രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 14ന് മധ്യദില്ലിയിലെ പ്രസാദ് നഗറിലായിരുന്നു സംഭവം. ദില്ലി വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ് പോലീസിന് കൈമാറിയിരിക്കുന്നത്.

താമസിക്കുന്ന ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി, വഴി തെറ്റിയ താന്‍ തിരിച്ചുപോകാനാണ് ഓട്ടോയില്‍ കയറിയതെന്ന് യുവതി കമ്മീഷന് മൊഴി നല്‍കി. ഹോട്ടലില്‍ തിരിച്ച് കൊണ്ടാക്കുന്നതിന് പകരം, വെളിച്ചമില്ലാത്ത സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒരുവിധത്തില്‍ രക്ഷപ്പെട്ട് അടുത്ത തെരുവില്‍ എത്തിയപ്പോള്‍, പിന്നാലെ ഒരു സംഘവുമായി ഓട്ടോക്കാരന്‍ എത്തുകയും എല്ലാവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂട്ടത്തിലൊരാളുടെ നാക്ക് താന്‍ കടിച്ച് മുറിക്കുകയും, അയാള്‍ ഉറക്കെ കരയുകയും ചെയ്തു. ശബ്ദം കേട്ട് ആരെങ്കിലും വന്നെങ്കിലോ എന്ന് കരുതി, ഓട്ടോയിലെത്തിയവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

പിന്നീട് മെയിന്‍ റോഡിലെത്തി നടപ്പാതയിലിരുന്ന തന്നെ, ഒരു ചെറുപ്പക്കാരന്‍ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 20നാണ് കമ്മീഷന്‍ പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. എഫ്‌ഐആര്‍ ഇടാത്തതിനെ തുടര്‍ന്ന് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് 24നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

DONT MISS
Top