ത്രിവര്‍ണ പതാകയെ അഭിവാദ്യം ചെയ്ത് സഞ്ജയ് ദത്ത് ജയിലിന് പുറത്തേക്ക്

duth

മുംബൈ: ആയുധം കൈവശംവച്ച കേസില്‍ പൂനെ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. 42 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിനെ സ്വീകരിക്കാന്‍ ജയിലിലെത്തി. രാവിലെ 8.30ഓടെയാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്.

നെറ്റിയില്‍ തിലകവും നീല ജീന്‍സും ഷര്‍ട്ടും അണിഞ്ഞ് ജയിലിന് പുറത്തെത്തിയ സഞ്ജയ് ദത്തിന്റെ തോളില്‍ ഒരു ബാഗും ഉണ്ടായിരുന്നു. പുറത്തിറങ്ങിയ ദത്ത് ജയിലിന്റെ കവാടത്തില്‍ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു.

അതേസമയം, സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ ജയിലിന് മുന്നില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ജയിലിന് മുന്നില്‍ തടിച്ചുകൂടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജയിലില്‍ കഴിഞ്ഞ കാലത്ത് ജോലി ചെയ്ത് സമ്പാദിച്ചത് 38,000ത്തോളം രൂപയാണ്. പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കുന്ന ജോലിയാണ് സഞ്ജയ് ജയിലില്‍ ചെയ്തിരുന്നത്. 50 രൂപയാണ് ഇതിനുള്ള ദിവസക്കൂലി. എന്നാല്‍ ജയില്‍ കാന്റീനില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി ഈ തുക ചെലവായി. ബാക്കി 440 രൂപയേ സഞ്ജയ് ദത്തിന്റെ കൈയിലുള്ളൂ.
ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച് ദത്തിന് അഞ്ച് വര്‍ഷത്തെ തടവില്‍ എട്ട് മാസം ഇളവ് ലഭിച്ചിരുന്നു. ജയില്‍ റേഡിയോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഞ്ജയ് ദത്ത് സജീവമായിരുന്നെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

സഞ്ജയ് ദത്തിനെ ശിക്ഷാ കാലാവധി തികയും മുമ്പേജയില്‍മോചിതനാക്കുന്നതിനെതിരെ ഹര്‍ജിയുമായി മുംബൈ സ്വദേശി രംഗത്തെത്തി. നടപടി പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിലാണ് പ്രദീപ് ഭാലേക്കര്‍ എന്നയാള്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
മുംബൈ സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് തോക്കുകള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്ത് അഞ്ച് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ടത്. എന്നാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കലാപത്തില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കാനാണ് തോക്ക് കൈവശം വച്ചതെന്ന് സഞ്ജയ് വാദിച്ചു. 1993ല്‍ ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ദത്തിനെതിരെ കേസെടുത്തത്.

വിചാരണതടവുകാരനായി കഴിഞ്ഞ ദത്തിന് 1995 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. വിചാരണതടവ് അനുഭവിച്ച 18 മാസം കൂടി ഉള്‍പ്പെടുത്തി 2007ല്‍ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു. 2013 മാര്‍ച്ചില്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി ബാക്കിയിരിയ്‌ക്കെയാണ് സഞ്ജയ് ദത്ത് മോചിതനാകുന്നത്.

ശിക്ഷാ കാലയളവില്‍ പല തവണ പരോള്‍ നേടിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സഞ്ജയ് ദത്തിന്റെ മോചനത്തിനായും മുറവിളികള്‍ ഉയര്‍ന്നു. ജയിലില്‍ ഹാജരാകാന്‍ വൈകിയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തിന് ഇളവ് ലഭിച്ചത്.

DONT MISS
Top