ജമ്മുവിലോ പാക്കിസ്ഥാനിലോ പോയിട്ടുണ്ടോ എന്ന് പോലീസ്; ചോദ്യംചെയ്യലില്‍ കനയ്യ പറഞ്ഞതെല്ലാം

kanhaiya kumar

കനയ്യകുമാറിനെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ രേഖകള്‍ പ്രമുഖ ഇംഗ്ലീഷ് പത്രം പുറത്തുവിട്ടു. കോടതിയില്‍ പോലീസ് സമര്‍പ്പിച്ച ചോദ്യംചെയ്യല്‍ രേഖയുടെ മലയാളം പരിഭാഷ വായിക്കാം.
പൊലീസ് താങ്കളുടെ കൂട്ടുപ്രതികളായ ഉമര്‍ ഖാലിദ്, അശുതോഷ് , ആനന്ദ് പ്രകാശ്, അനിര്‍ബന്‍ ഭട്ടാചാര്യ, അപരാജിത രാജ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ എങ്ങനെ ഞങ്ങളെ സഹായിക്കും?                                                                  

കനയ്യ- അവരില്‍ മിക്കവാറുമെല്ലാവരും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ് . അവര്‍ ക്യാമ്പസില്‍ തെന്നയാണ് താമസിക്കുന്നതും. ഇതിനപ്പുറം എനിക്കവരെക്കുറിച്ച് വലിയ ധാരണകളില്ല. ഇക്കൂട്ടത്തില്‍ എന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് അപരാജിത മാത്രമാണ്. എനിക്കവളെ വളരെ നന്നായി അറിയാം. ഉമര്‍ ഖാലിദും അശുതോഷും പ്രകാശും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ്, ക്യാമ്പസില്‍ തെന്നയാണവര്‍ താമസിക്കുന്നതും. ബാക്കിയുള്ളവരെ എനിക്കറിയില്ല, അവരെ ഞാന്‍ കണ്ടിട്ടുമില്ല.

പൊലീസ്- മേല്‍പ്പറഞ്ഞയാളുകളെ കണ്ടെത്താനായി നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം വരാനാകുമോ ഇല്ലയോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

കനയ്യ- അവര്‍ ജെഎന്‍യുവിലുള്ളവരാണ് , വെവ്വേറെ ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമാണ്. അതിനപ്പുറം, അവരെവിടെയാണെന്ന് എനിക്കറിയില്ല.

പൊലീസ്- മേല്‍പ്പറഞ്ഞ പേരുകാരെ എവിടെ കണ്ടെത്താനാകും?

കനയ്യ- ഉമറിനെയും അപരാജിതയെയും അഷുതോഷിനെയും ആനന്ദിനേയും പോലെ അവരും ജെഎന്‍യുവിലുള്ളവരാണ് . ജെഎന്‍യു ക്യാമ്പസില്‍ തന്നെ അവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

പൊലീസ്- നിങ്ങള്‍ എപ്പോഴെങ്കിലും ജമ്മുകാശ്മീരോ പാകിസ്താനോ സന്ദര്‍ശിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്?

കനയ്യ- 2011ലോ 2012ലോ ശ്രീനഗര്‍ സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയിട്ടുണ്ട്. ഞാന്‍ പാകിസ്താനില്‍ പോയിട്ടില്ല.

പൊലീസ്- താങ്കള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്? പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനം എന്താണ്?

കനയ്യ- ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്) . ഞാന്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നു. നിലവില്‍ ഞാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ അധ്യക്ഷനാണ്.

പൊലീസ്- നിങ്ങള്‍ പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനത്തിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ / സഹപ്രവര്‍ത്തകര്‍/ അംഗങ്ങള്‍ ആരൊക്കെ?

കനയ്യ- വിശ്വജീത്ത് സിംഗ്, വല്ലി ഉല്ല കാദ്രി, അപരാജിത രാജ, അരുണ്‍

പൊലീസ്- ഫെബ്രുവരി 9ന് വൈകിട്ട് 3മണി മുതല്‍ 8.30 വരെ താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനം ജെഎന്‍യുവില്‍ എന്ത് പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്?

കനയ്യ- ഞാനോ എന്റെ സംഘടനയോ അന്ന് ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നില്ല. അത്തരത്തിലുള്ള പരിപാടികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുമില്ല.

പൊലീസ്- നിങ്ങള്‍ കാട്ടിയ സാംസ്‌ക്കാരിക സായാഹ്നത്തിന്റെ പോസ്റ്ററില്‍ അനിര്‍ബന്‍, ഉമര്‍ എന്നിവരുടെ പേരുണ്ടായിരുന്നില്ലേ? അവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്നോ ഇല്ലയോ?

കനയ്യ- എന്റെ സംഘടനയില്‍ നിന്ന് ആരുമുണ്ടായിരുന്നില്ല. അവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്നു.

പൊലീസ്- ഫെബ്രുവരി 9ലെ വീഡിയോ ദൃശ്യങ്ങളനുസരിച്ച് , പ്രകടനത്തില്‍ ഉമര്‍ ഖാലിദ്, അഷുതോഷ്, അപരാജിത രാജ, ആനന്ദ് പ്രകാശ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പം നിങ്ങളുമുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ , ആരൊക്കയാണ് നിങ്ങളുടെ സംഘടനയുമായി ബന്ധമുള്ളവര്‍?

കനയ്യ- അപരാജിത രാജ മാത്രമാണ് എന്റെ സംഘടന എഐഎസ്എഫിന്റെ അംഗം.

പൊലീസ്- രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക വഴി മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നിങ്ങള്‍ എന്തെങ്കിലും ശ്രമം നടത്തുകയൊ നടപടികള്‍ സ്വീകരിക്കുകയൊ ചെയ്തിരുന്നോ?

കനയ്യ- ഞാന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. സബര്‍മതിയില്‍ നടന്ന പരിപാടിയിലും ഞാന്‍ ഭാഗമായിരുന്നില്ല. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനെന്ന നിലയില്‍ , സബര്‍മതി ധാബയില്‍ നിന്നും ഗംഗാ ധാബയിലേക്കുള്ള റോഡില്‍ നടന്ന സംഘര്‍ഷവും അടിപിടിയും അവസാനിപ്പിക്കാന്‍ എനിക്ക് ഇടപെടേണ്ടി വിന്നിട്ടുണ്ട്. സംഘര്‍ഷമവസാനിപ്പിക്കാന്‍ വേണ്ടി ഇടപെടാന്‍ സുരക്ഷാ ജീവനക്കാരോടും , പരസ്പരം തല്ലുകൂടാതിരിക്കാന്‍ വിദ്യാര്‍ത്ഥികളോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സമയത്ത് , ഒരു രാജ്യവിരുദ്ധ മുദ്രാവാക്യം വിളിയും നടിന്നിട്ടില്ല.

പൊലീസ്- ജെഎന്‍യുഎസ്‌യു അധ്യക്ഷന്‍ എന്ന നിലയില്‍ , സംഘര്‍ഷം ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി നിങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നോ?

കനയ്യ- ഞാന്‍ സംഘര്‍ഷസ്ഥലത്തെത്തുമ്പോള്‍ സബര്‍മതി ധാബയിലും ഗംഗാ ധാബയിലും പൊലീസുണ്ടായിരുന്നു.

പൊലീസ്- ജെഎന്‍യു ഭരണവിഭാഗത്തെയോ , ജെഎന്‍യു സുരക്ഷാജീവനക്കാരെയോ ദേശവിരുദ്ധപ്രവര്‍ത്തനം തടയുന്നതിനായി താങ്കള്‍ വിവരം അറിയിച്ചിരുന്നോ?

കനയ്യ- ആ സംഭവത്തേക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.

പൊലീസ്- ഫെബ്രുവരി 9ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ജെഎന്‍യുവില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും ജുഡീഷ്യല്‍ കൊലപാതകത്തിന് എതിരായിരുന്നോ?

കനയ്യ- അതെ

പൊലീസ്- ഖാലിദിന്റെയും അനിര്‍ബന്റെയും പിന്നിലുള്ള സംഘവും വ്യക്തികളും ആരൊക്കയാണ്?

കനയ്യ- അവര്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ് , പക്ഷേ അതിലധികമായി എനിക്ക് കൂടുതല്‍ അറിയില്ല.

പൊലീസ്- ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജെഎന്‍യു ക്യാമ്പസില്‍ അനുവദിക്കാമോ?

കനയ്യ- പാടില്ല

പൊലീസ്- ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തികളും സംഘങ്ങളും ആരൊക്കെയാണ്?

കനയ്യ- എനിക്കറിയില്ല

പൊലീസ്- ഫെബ്രുവരി 9ന് വൈകുന്നേരം ജെഎന്‍യുവില്‍ നടന്ന സാംസ്‌ക്കാരിക പരിപാടിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിങ്ങളും ഭാഗമാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനേക്കുറിച്ച് എന്ത് പറയാനുണ്ട്?

കനയ്യ- ഫെബ്രുവരി 9ന് പകല്‍സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നു. വൈകിട്ട് 5 മണിക്കാണ് ഞാന്‍ ഉണര്‍ന്നത്. ഫ്രഷായ ശേഷം , ഹോസ്റ്റല്‍ റൂമില്‍ നിന്ന് ചായയും കടിയും കഴിക്കാനായി ഞാന്‍ പുറത്തുവന്നു. ഹോസ്റ്റലിന് പുറത്ത് കുറച്ച് വിദ്യാര്‍ത്ഥികള്‍ , സബര്‍മതി ഹോസ്റ്റലിന് സമീപത്തുള്ള ഒരു റോഡ് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണെന്നും , മറ്റൊരു സംഘം എന്തോ സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിക്കുകയാണെന്നും പറയുന്നുണ്ടായിരുന്നു. എബിവിപി സംഘം റോഡ് ഉപരോധിച്ചതാണ് , ഇരുസംഘങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. അത് വളരെ അപകടകരമായ അവസ്ഥയിലേക്ക് മാറാന്‍ കഴിയു സ്ഥിതിയിലായിരുന്നു, ഏത് നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥ.

കഴിച്ചുകൊണ്ടിരുന്ന പറാത്ത കയ്യില്‍ പിടിച്ചുകൊണ്ട് ഞാന്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബൈക്കില്‍ സബര്‍മതി ഹോസ്റ്റല്‍ പരിസരത്തെത്തി. ഞാനവിടെ ഒരു പൊലീസ് പിസിആര്‍ വാനും , നിരവധി പൊലീസുകാരെയും സുരക്ഷാജീവനക്കാരെയും കണ്ടു. ഒരുവശത്ത് മുദ്രാവാക്യം മുഴക്കികൊണ്ട് എബിവിപി പ്രവര്‍ത്തകരായിരുന്നു. ഞാനവിടെ നിന്നപ്പോള്‍ , മറ്റൊരു സംഘം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കികൊണ്ട് ഒരു പ്രകടനം തടത്തുന്നതും കണ്ടു. ഇരു സംഘങ്ങളും പരസ്പരം ചീത്തവിളിക്കാനും , പിന്നീട് പരസ്പരം അടിയും തുടങ്ങി. ഇരു സംഘത്തിനുമിടയില്‍ കൈകോര്‍ത്ത് ചങ്ങല തീര്‍ത്ത് സംഘര്‍ഷമവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്ന ഇരു സംഘങ്ങളെയും ശാന്തരാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഗംഗാ ധാബയിലേക്ക് പ്രകടനം നടത്താന്‍ വീണ്ടും മറു സംഘം മുതിരുകയും , എബിവിപി പ്രവര്‍ത്തകര്‍ അവരെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഗംഗാ ധാബയിലേക്ക് ഇരുകൂട്ടരുമെത്തുന്നത് വരെ ഈ പ്രശ്‌നം തുടര്‍ന്നു. അവിടെ അനേകം പൊലീസുകാരും ഉണ്ടായിരുന്നു.

പൊലീസ് ഇടപെടലിന് ശേഷം ഇരു സംഘങ്ങളും വേര്‍പിരിഞ്ഞെങ്കിലും പരസ്പരം മുദ്രാവാക്യം വിളിക്കാനാരംഭിച്ചു . പക്ഷേ ഗംഗാ ധാബയില്‍ ദേശവിരുദ്ധ മുദ്രാവാക്യ വിളികളൊന്നും നടന്നിരുന്നില്ല. ഇരു സംഘങ്ങളുടെയും രോഷം തണുപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നടന്ന കാര്യങ്ങളെയെല്ലാം അപലപിച്ചുകൊണ്ട് , അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഞാനൊരു പ്രസംഗം നടത്തി. എന്റെ പ്രസംഗം കഴിഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇരു സംഘങ്ങളും പിരിഞ്ഞുപോയി.

പോലീസ്: ജെഎന്‍എസ്‌യു അധ്യക്ഷന്‍എന്ന നിലയില്‍, ഫെബ്രുവരി ഒന്‍പതിന്റെ സാംസ്‌കാരിക സായാഹ്നത്തിന്റെ ജെഎന്‍യു ക്യാമ്പസിലൊട്ടിച്ച പോസ്റ്ററുകള്‍ എന്തുകൊണ്ട് നിങ്ങള്‍ നീക്കം ചെയ്തില്ല?

കനയ്യ: എന്നെ അറിയിച്ചില്ല, എനിക്കതിനെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല.

പോലീസ്: സര്‍വകലാശാലയില്‍ അഭിപ്രായ സ്വാതന്ത്ര്യവും സംവാദത്തിന്റെ ഇടങ്ങളും ഉണ്ടാവുകയെന്നത് മൗലീകാവകാശമാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ, ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്നതും, ദേശവിരുദ്ധ സംഘടനകളെ പിന്തുണയ്ക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രാഥമികാവകാശങ്ങളുടെ ദുരുപയോഗമാണ്. നിങ്ങള്‍ എന്ത് പറയുന്നു?

കനയ്യ: ശരിയാണ്, ഞാന്‍ ഈ വസ്തുതകളോട് യോജിക്കുന്നു.

DONT MISS
Top