കനയ്യയ്‌ക്കെതിരെയുള്ള കുറ്റങ്ങളും തെളിവുകളുമെന്ത്? ദില്ലി പോലീസ് പറയുന്നതിങ്ങനെ

kanhaiya

ദില്ലി: കനയ്യയ്‌ക്കെതിരെ നാല് പ്രധാന കുറ്റങ്ങളാണ് ദില്ലി പോലീസ് നിലവില്‍ ചുമത്തിയിരിക്കുന്നത്. കനയ്യ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് തെളിയിക്കുന്ന സ്വകാര്യ ടെലിവിഷന്‍ ദൃശ്യങ്ങളുണ്ടെന്നും പോലീസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. പോലീസ് കനയ്യയ്ക്ക് മേല്‍ ചുമത്തിയ പധാന കുറ്റങ്ങള്‍ ഇവയാണ്.

1.സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു
2. അനുവാദമില്ലാതെ ബലംപ്രയോഗിച്ച് പരിപാടി സംഘടിപ്പിച്ചു.
3. ജെഎന്‍യു ക്യാമ്പസില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി.
4. ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി

രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കനയ്യ അറിയിച്ചിട്ടുണ്ട്. കനയ്യകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റിയിട്ടുണ്ട് . ജസ്റ്റിസ് പ്രതിഭാ റാണി കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായ അഭിഭാഷകര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രതിയുടെ ബന്ധുക്കള്‍ക്കും മാത്രമേ കോടതിയില്‍ പ്രവേഷനം അനുവദിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

പാട്യാല കോടതിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ 32- ാം അനുച്ഛേദം അനുസരിച്ച് ജാമ്യത്തിനായി കനയ്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 11 ന് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ ദേശദ്രോഹപരമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ഐപിസി 124എ/120ബി വകുപ്പുകള്‍ പ്രകാരം ദില്ലി പോലീസ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 12നാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

DONT MISS
Top