രണ്ടാം തവണയും മല്‍സരിച്ചവര്‍ മാറി നില്‍ക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം

CPIM-STATE-SECRATARIATE

തിരുവനന്തപുരം: രണ്ടാം തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന ഇത്തവണ കര്‍ശനമാക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ധാരണ. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഇതിലും ഇളവ് നല്‍കിയേക്കും.

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ഗുരുദാസന്‍, തോമസ് ഐസക്, എകെ ബാലന്‍ എന്നിവര്‍ അടക്കം 28 എംഎല്‍എമാരാണ് നിലവില്‍ രണ്ട് ടേം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, ദേശീയ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന പിബി അംഗം എംഎ ബേബിയും, ഇടുക്കി ജില്ലാസെക്രട്ടറി കെ ജയചന്ദ്രനും ഇത്തവണ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കും.

എന്നാല്‍ നിര്‍ണ്ണായക തെരഞ്ഞെടുപ്പായതിനാല്‍ രണ്ട് തവണ ജയിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന കര്‍ശനമാക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലുണ്ടായിരിക്കുന്ന ധാരണ. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലന്‍, എളമരം കരീം എന്നിവര്‍ മാറി നില്‍ക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. മുതിര്‍ന്ന നേതാവ് പികെ ഗുരുദാസനെ വീണ്ടും മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ് ശര്‍മ്മ, ജി സുധാകരന്‍, എം ചന്ദ്രന്‍, കെ രാധാകൃഷണന്‍, വി ശിവന്‍കുട്ടി, എ പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമായേക്കും. സജുപോള്‍, രാജു എബ്രഹാം എന്നിവര്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ ഇവര്‍ അനിവാര്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, കുറ്റ്യാടി എംഎല്‍എ കെകെ ലതിക,പേരാമ്പ്ര എംഎല്‍എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ഒറ്റപ്പാലം എംഎല്‍എ എം ഹംസ, ഷൊര്‍ണ്ണാര്‍ എംഎല്‍എ കെഎസ് സലീഖ, കുന്നംകുളം എംഎല്‍എ ബാബു എം പാലിശേരി, ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുല്‍ഖാദര്‍ എന്നിവര്‍ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.

പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ ആലോചിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ചില സിറ്റിംങ് എംഎല്‍എമാര്‍ക്കും മാറി നില്‍ക്കേണ്ടി വന്നേക്കും. ജില്ലാസെക്രട്ടറിമാരായ കടകം പള്ളി സുരേന്ദ്രന്‍, പി രാജീവ്, കെപി സതീഷ് ചന്ദ്രന്‍ എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റന്നാള്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യങ്ങളിലുള്ള പ്രാഥമിക ആലോചനകള്‍ നടത്തും.

DONT MISS
Top