‘ഗാന്ധിജിയെയും നെഹ്റുവിനെയും വേദനിപ്പിക്കുന്നത് ഈ മുദ്രാവാക്യം മാത്രമോ?’: രാഹുല്‍ ഈശ്വറിന് മറുപടി

lekhanam3

ജെഎന്‍യു വിഷയത്തെക്കുറിച്ച് രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടറില്‍ എഴുതിയ അഭിപ്രായം വായിച്ചു.രാജ്യത്തിന്റെ വിശാല താത്പര്യത്തിനായി എന്ന ആ പാക്കിംഗ് നന്നായിട്ടുണ്ട്. പക്ഷെ താങ്കളുടെ വാക്കുകളില്‍ തീവ്ര വലതിനെ നന്നായി സുഖിപ്പിക്കുന്ന ‘ബിജെപി ഉള്‍പ്പെടുന്ന വലതിനെയും’ കൂടെ വിമര്‍ശിച്ചിരുന്നുവെങ്കില്‍ അതൊരു ആത്മാര്‍ഥമായ രാജ്യസ്‌നേഹ നിലപാടായി കാണാമായിരുന്നു. വസ്തുതാപരമായ കാര്യങ്ങളില്‍ വിയോജിച്ചാലും, ഉദ്ദേശത്തില്‍ യോജിക്കാമായിരുന്നു. എന്നാല്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കണമെന്ന് ഒരു വാക്കുകൊണ്ട് പോലും പറയാത്ത ഇടതിനെ അവരെ സംരക്ഷിക്കുന്നവരെന്നു വരുത്തി തീര്‍ത്തുകൊണ്ടും, ഇത്തരം തീവ്ര സ്വരങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിന്നും വന്നപ്പോള്‍ കൃത്യമായി ഇടപെട്ടിട്ടുണ്ട് വലതെന്നു പറഞ്ഞുകൊണ്ടും നിഷ്പക്ഷ സ്വരം എന്ന പേരില്‍ വരുന്ന ഈ എഴുത്തില്‍ കൃത്യമായ ഉദ്ദേശം ഉണ്ട്, ഇടതുപക്ഷ പ്രവര്‍ത്തകരുടെ രാജ്യസ്‌നേഹത്തിനെ ചോദ്യം ചെയ്യുന്നവരുടെ അതേ ഉദ്ദേശം. ഇടതുപക്ഷം രാജ്യ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നില്ല, ചിന്തിക്കുന്നില്ല എന്ന് ജനത്തിനെ തെറ്റിദ്ധരിപ്പികുകയെന്ന ഉദ്ദേശം.

lekhanam

അതവിടെ നില്‍ക്കട്ടെ, പക്ഷെ അപ്പോഴും ഗാന്ധിയും നെഹ്രുവിനെയും പട്ടേലിനെയും വേദനിപ്പിക്കാതിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍, ആ ആഗ്രഹം സത്യമെങ്കില്‍, ചിലതു കൂടെ തിരിച്ചറിയണം. പറഞ്ഞല്ലോ, ആ മുദ്രാവാക്യങ്ങള്‍ കേട്ട് ഗാന്ധിയും നെഹ്രുവും പട്ടേലും വേദനിച്ചു കാണുമെന്ന്. ഉറപ്പ്, അത് ഗാന്ധിയെയും നെഹ്രുവിനെയും പട്ടേലിനെയും വേദനിപ്പിക്കും. എന്നാല്‍ ഇവിടെപ്പറഞ്ഞ ഈ സാഹചര്യം മാത്രമല്ല, പതിറ്റാണ്ടുകള്‍ പൊരുതി നേടിയ സ്വാതന്ത്രം ഒരു വര്‍ഷം പോലും ആസ്വദിക്കുവാന്‍ അനുവദിക്കാതെ ഗാന്ധിയെ വിടപറയിച്ച വികടന്റെ ഓര്‍മ്മദിനം വര്‍ണ ശബളമായി ആഘോഷമാക്കുന്നതും അവരെ വേദനിപ്പിക്കും. ആ വിരുതന് അമ്പലം പണിയുവാന്‍ പ്രചരണങ്ങള്‍ നടക്കുന്നതും അയാളെ വീരനായി ചിത്രീകരിക്കുന്നതും അവരെ വേദനിപ്പിക്കും. ആ വിദ്വാന്‍ ഒരു കടുത്ത ദേശ സ്‌നേഹിയായിരുന്നുവെന്ന് ഈ നാട് ഭരിക്കുന്ന ഒരു എംപി പരസ്യമായി പറയുന്നതും അവരെ വേദനിപ്പിക്കും.

അവിടെയും അവരുടെ വേദന തീരില്ല. ഇന്ത്യയുടെ പതാക ത്രിവര്‍ണമല്ല കാവിയാണെന്ന് പ്രസ്താവിച്ചത് അവരെ വേദനിപ്പിക്കും. ഭരണഘടനയുടെ അടിസ്ഥാന രൂപത്തില്‍ നിന്നും മതേതരത്വം എടുത്തുമാറ്റണം എന്ന് പറഞ്ഞതും അവരെ വേദനിപ്പിക്കും. ഇന്നാട്ടിലെ മുസ്ലീങ്ങളെല്ലാം ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞയാള്‍ ഇന്നും ദേശസ്‌നേഹിയായി ഉയര്‍ത്തി കാണിക്കപ്പെടുന്നത് അവരെ വേദനിപ്പിക്കും. ഇന്ത്യയിലെ മൂന്നു പണ്ഡിതരെ കൊന്നു തള്ളിയെന്ന് സംശയിക്കപ്പെടുന്ന ആ സംഘടനയ്ക്ക് നിരോധനമോ കൂടുതല്‍ അന്വേഷണമോ ഇല്ലാത്തത് അവരെ തീര്‍ച്ചയായും വേദനിപ്പിക്കും.

lekhanam 2

ഇനിയും അവര്‍ വേദനിച്ചിട്ടുണ്ടാകും. ഇന്ത്യയിലെ ദേശീയ സര്‍വകലാശാലയില്‍ പഠിക്കുന്ന ഒരു കുട്ടിയെ പുറത്താക്കുവാന്‍ വേണ്ടി ഒരു കേന്ദ്രമന്ത്രി ഇടപെട്ടതിലെ ആ രാഷ്ട്രീയത്തില്‍ അവര്‍ വേദനിച്ചിട്ടുണ്ടാകും. ആ പുറത്താക്കലില്‍ മനംനൊന്ത് സ്വയം ഈ ലോകത്തില്‍ നിന്നുതന്നെ പുറത്തു പോകുവാന്‍ അവനെടുത്ത തീരുമാനത്തില്‍ അവര്‍ വേദനിച്ച് ഒന്നുകൂടെ മരിച്ചിട്ടുണ്ടാകും. ഡല്‍ഹിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ഒരു ഫെയിക് ട്വീറ്റിന്റെ പേരില്‍ ഹഫീസ് സയീദെന്ന തീവ്രവാദിയുമായി ബന്ധപ്പെടുത്തി അവരെ രാജ്യദ്രോഹികള്‍ എന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിതന്നെ ചിത്രീകരിച്ചത് തീര്‍ച്ചയായും അവരെ വേദനിപ്പിച്ചിട്ടുണ്ടാകും. ഇത്രയുമൊക്കെ നടന്നിട്ടും അറ്റത്തെ വലതും കുറച്ചിപ്പുറത്തെ വലതും കൃത്യം നടുവിലത്തെ വലതും ഒരക്ഷരം ഉരിയാടാത്തതില്‍ അവരുടെ മനസ്സ് നന്നായി നീറിയിട്ടുണ്ടാകും.

ഇത് പറഞ്ഞത് ജെഎന്‍യുവില്‍ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യത്തില്‍ ഗാന്ധിയും നെഹ്രുവും പട്ടേലും കൈകൊട്ടി ചിരിച്ചിരിക്കും എന്ന് സ്ഥാപിക്കുവാനല്ല. മറിച്ച്, താങ്കള്‍ ആ മധ്യ വലതിന്റെ രണ്ടു മില്ലീമീറ്റര്‍ കിഴക്കോട്ടു നീങ്ങിനിന്ന് നോക്കുമ്പോള്‍ കാണാത്ത ചില കാര്യങ്ങളിലും അവര്‍ വേദനിച്ചിരിക്കും എന്ന് ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടി മാത്രമാണ്. ആ വേദനിപ്പിക്കലും നല്ലതല്ല. അതിനെതിരെയും എഴുതണം, സംസാരിക്കണം, വാദിക്കണം. അപ്പോഴല്ലേ അവര്‍ക്ക് സന്തോഷമാവുക.

DONT MISS
Top