ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധര്‍

 kn paniker

ജെഎന്‍യുവില്‍ അരങ്ങേറിയത് വര്‍ഗീയ അജണ്ടയുടെ നടപ്പാക്കല്‍

ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ജെഎന്‍യുവിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ജെഎന്‍യു ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും പേരുള്ള സര്‍വകലാശാലയാണ്. അതിന് അതിന്റേതായ സംസ്‌കാരമുണ്ട്. ആ സംസ്‌കാരം ഒരിക്കലും ബലപ്രയോഗത്തില്‍ അധിഷ്ഠിതമായിരുന്നില്ല. ജെഎന്‍യു ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴി കണ്ടുപിടിച്ചിരുന്നത്. അവിടെ പഠിച്ചിരുന്നത് മിക്കവാറും ലിബറല്‍ ഇടതുപക്ഷ സ്വഭാവമുള്ള വിദ്യാര്‍ത്ഥികളായിരുന്നു. വലതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. അടുത്തകാലത്താണ് വലതുപക്ഷ സംഘടനകള്‍ അവിടെ കുറേ സ്വാധീനം ചെലുത്താന്‍ തുടങ്ങിയത്. അതുകൊണ്ട് ഇന്ത്യയിലെ മറ്റെല്ലാ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്നതു പോലെ സംഘപരിവാറും ആര്‍എസ്എസും ഈ സ്ഥാപനങ്ങളെ കയ്യടക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഈ സംഘടനകള്‍ സ്ഥാപനങ്ങളെ അവരുടെ അധികാരത്തിന്റെ കീഴില്‍ കൊണ്ടുവരികയും, അതു സാധ്യമല്ലാത്തിടത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് വാസ്തവത്തില്‍ അത്തരത്തിലൊരു വര്‍ഗീയ അജണ്ടയുടെ ഭാഗമായ പ്രവര്‍ത്തനമാണ്.

സംവാദങ്ങള്‍ സാധ്യമല്ലെങ്കില്‍ പിന്നെ സര്‍വകലാശാലയില്ല

jnu

അധ്യാപകരും വിദ്യാര്‍ത്ഥികളും ഭീകരപ്രവര്‍ത്തകരാണ് എന്ന് പറയുകയും സര്‍വകലാശാല പൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കൂട്ടരാണ് സംഘപരിവാറുകാര്‍ . അത് കുറേ കാലമായി പറയാന്‍ തുടങ്ങിയതാണ്. ഇപ്പോ അതിന് ശക്തി കൂടിയെന്നേ ഉള്ളൂ. അങ്ങനെയുള്ള പല കാരണങ്ങളുടെയും സ്‌ഫോടനമായാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കാരണം ഇത്തരം ചര്‍ച്ചകള്‍ വളരെ തുറന്ന രീതിയില്‍ സര്‍വകലാശാലയില്‍ നടന്നുകൊണ്ടിരുന്നതാണ്, അത് നടക്കുകയും വേണം. അതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് പങ്കുകൊള്ളുകയും ചെയ്യാറുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണിത്. അക്കാദമിക് വിഷയങ്ങളില്‍ പോലും തുറന്ന് ചര്‍ച്ചയുണ്ടാവുക, അവരുടെ അഭിപ്രായം പറയാനും തീരുമാനങ്ങളില്‍ എത്താനുമുള്ള സന്ദര്‍ഭം സൃഷ്ടിക്കുക എന്നതാണ് ജെഎന്‍യു എന്നും ചെയ്യാന്‍ ശ്രമിച്ചത്. അതിനെ നശിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇത്. ഒരു സര്‍വകലാശാലയില്‍ സംവാദങ്ങള്‍ സാധ്യമല്ലെന്ന് പറഞ്ഞാല്‍ പിന്നെയത് സര്‍വകലാശാലയല്ല . ചോദ്യം ചെയ്യുകയെന്നതിന് പ്രേരിപ്പിക്കുകയെന്നതാണ് വാസ്തവത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ.
ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് പറയാന്‍ ആര്‍എസ്എസിന് എന്ത് അവകാശം?

rss2

ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധ സംഘടന ആര്‍എസ്എസാണ്. ഇന്ത്യന്‍ ദേശീയത എന്നാല്‍ എന്താണ്? ഇന്ത്യന്‍ രാഷ്ട്രം എന്നു പറഞ്ഞാല്‍ എന്താണ് ? ഇന്ത്യന്‍ രാഷ്ട്രം ബഹുസ്വര സ്വഭാവമുള്ള, സാംസ്‌കാരികമായി ബഹുസ്വരമായ ഒരു രാഷ്ട്രമാണ്. വിവിധ മതസ്ഥരായ ആളുകളാണിവിടെ ജീവിക്കുന്നത്. അത്തരമൊരു രാഷ്ട്രത്തില്‍,സമൂഹത്തില്‍ ആര്‍എസ്എസിന്റെ ആശയമെന്താണ്? ആര്‍എസ്എസിന്റെ ദേശീയത എന്ന സങ്കല്‍പ്പമെന്താണ്? ആര്‍എസ്എസിന്റേത് ഏകമതത്തില്‍ അതിഷ്ഠിതമായ ദേശീയതാ സങ്കല്‍പ്പമാണ്, ഹിന്ദുത്വത്തില്‍ അതിഷ്ഠിതമായ സങ്കല്‍പ്പം. ഇത് ഇന്ത്യാ രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് , ഇന്ത്യ എന്ന ആശയത്തിന് തന്നെ എതിരാണ്. അതുകൊണ്ട് തന്നെ ആര്‍എസ്എസിന് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് പറയാന്‍ അധികാരമില്ല. അവര്‍ക്ക് വേണമെങ്കില്‍ ഹിന്ദു ദേശീയതയെക്കുറിച്ച് പറയാം. പക്ഷെ ഹിന്ദു ദേശീയത ഇന്ത്യന്‍ ദേശീയതയല്ല.

ആര്‍എസ്എസ് എന്നും നിലകൊണ്ടത് കൊളോണിയസത്തോടൊപ്പം

hindustan-times_629c24f8-4264-11e5-a8da-005056b4648e

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു സ്ഥാനവുമില്ല, ഒരു പങ്കുമില്ല. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്തത്. മാറി നില്‍ക്കുക മാത്രമല്ല, ബ്രിട്ടീഷ് ഭരണത്തോട് സഹകരിക്കുകയാണ് അവര്‍ ചെയ്തത്. 1940 ല്‍ ആര്‍എസ്എസ് നേതാവായിരുന്ന മൂഞ്ചേ യൂറോപ്പിലെ ഇറ്റലിയില്‍ പോയി ഫാഷിസത്തെ കുറിച്ച് പഠിച്ച് വന്നയാളാണ്. അദ്ദേഹം രണ്ടാം ലോകമഹാ യുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം ഭരണത്തില്‍ എല്ലാ വിധത്തിലും പങ്കാളിയാകാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്, അതിന് വേണ്ടി മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. അങ്ങനെ കൊളോണിയസത്തിന്റെ ഭാഗമായി മാറുകയെന്നതായിരുന്നു എന്നും ആര്‍എസ്എസിന്റെ നയം, സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല.

ജനാധിപത്യചിന്തിയുള്ളവര്‍ എന്നും വര്‍ഗീയതയുടെ ശത്രു

Punarutthan 8

ഹിന്ദു രാഷ്ട്രമെന്നതാണ് എന്നും ഹിന്ദു വര്‍ഗീയതയുടെ ലക്ഷ്യം. അത് സര്‍വര്‍ക്കറുടെ കാലം മുതല്‍ പറഞ്ഞു തുടങ്ങിയതാണ്. ഗോള്‍വര്‍ക്കര്‍ അത് വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ ലക്ഷ്യത്തിന് വേണ്ടിയാണ് അവര്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന ശക്തികളെ എതിര്‍ക്കുന്നത്. അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകാരും ന്യൂനപക്ഷങ്ങളുമാണ്. ഇവരു രണ്ട് കൂട്ടര്‍ക്കും ഹിന്ദു രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇന്നിപ്പോള്‍ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് പറയുന്നത്. പാക്കിസ്ഥാനില്‍ പോകുകയെന്നാല്‍ ഇന്ത്യന്‍ രാഷ്ട്രത്തില്‍ നിന്ന് പുറത്തുപോകുകയെന്നാണ്.

ദേശീയതയുടെ വളര്‍ച്ചയും വിഘടനവാദവും

1028206464

ഇവിടെ രാജ്യ ദ്രോഹമെന്നത് അവസരവാദ പരമായ മുദ്രാവാക്യമായി ഉപയോഗിക്കപ്പെടുകയാണ്. ആളുകളെ രാജ്യ ദ്രോഹികളായി മുദ്രവെക്കുകയാണ്. കാരണം ഇന്ത്യന്‍ രാഷ്ട്രത്തിന്റേത് ഫെഡറല്‍ സ്വഭാവമാണ്, അതില്‍ പല ദേശീയതകളുമുണ്ട്. ഈ ദേശീയതകള്‍ക്കെല്ലാം വളര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിലേതെങ്കിലുമൊന്ന് പൂര്‍ണ ദേശീയതയാണെന്ന് അവകാശപ്പെടുകയാണെങ്കില്‍, അതിനെ സ്വീകരിക്കുകയെന്നത് ജനങ്ങളുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കപ്പെടുക. അത് വിഘടനമാണെന്ന് പറയാനാകില്ല. യൂറോപ്പിലുണ്ടായ പല രാജ്യങ്ങളും ഇന്ന് രാഷ്ട്രങ്ങളായി മാറിക്കഴിഞ്ഞു. ചെക്കോസ്ലാവാക്കിയ, യുഗോസ്ലാവിയ അങ്ങനെയുള്ള പല രാജ്യങ്ങളും. അത് ദേശീയതയുടെ വളര്‍ച്ചയാണ്. ഇന്ത്യയിലും അങ്ങനെ ഒരു സംഭവം ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ട് ഇവിടെ ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയാതാല്‍ പോലും കുറ്റമാണെന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യമായ ആവശ്യങ്ങളെ സ്വീകരിക്കുക, അതിനെ കണക്കിലെടുക്കുക എന്നതാണ് യുക്തം.

നിലനിന്നത് സ്വാതന്ത്ര്യത്തിനല്ല, ഹിന്ദുരാഷ്ട്രമൊരുക്കാന്‍

4

സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയവരില്‍ ആര്‍എസ്എസില്‍ നിന്നും ആരുമില്ല. പ്രധാനപ്പെട്ട ആളുകളെല്ലാം സാംസ്‌കാരിക പ്രവര്‍ത്തനമെന്ന പേരില്‍ മാറി നില്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹത്തെ സൈനികവത്കരിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമിച്ചത്. മൂഞ്ചെ പറഞ്ഞത് എല്ലാ ഹിന്ദുക്കളും സൈന്യത്തില്‍ ചേരണമെന്നായിരുന്നു. യുദ്ധത്തില്‍ അണിനിരന്ന് ബ്രിട്ടീഷുകാരെ സഹായിക്കുക. ബ്രിട്ടീഷുകാരെ സഹായിച്ച്, യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ മടങ്ങി വന്ന് ഹിന്ദുത്വത്തിന്റെ ഭടന്മാരാകുകയെന്നതായിരുന്നു മൂഞ്ചെ പറഞ്ഞിരുന്നത്. അവരുടെ ലക്ഷ്യം വളരെ വ്യക്തമാണെന്നര്‍ത്ഥം. കൊളോണിയലിസത്തെയും ഏറ്റവും നിഷ്ഠൂരമായ ഒരു ഭരണത്തെയും ഇന്ത്യയില്‍ നിന്ന് മാറ്റുകയായിരുന്നില്ല അവരുടെ ശ്രമം. ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയെന്നതാണ് എന്നും അവരുടെ ലക്ഷ്യം.

മതേതരവാദികളെ വേട്ടയാടി, ഗാന്ധിജിയെ കൊന്നു

gandhi

സ്വാതന്ത്ര സമരകാലത്ത് സങ്കര സംസ്‌കാരവും വൈവിധ്യമായ ദേശീയതയും വളര്‍ന്നു വന്നിരുന്നു. ഇതിനെ എതിര്‍ത്ത്, ഒരു ഹിന്ദു മതരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിനായാണ് ആര്‍എസ്എസ് എന്നും നിലനിന്നത്, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രം ആവര്‍ക്കില്ല. ഈ കാഴ്ചപ്പാടിന്റെ അനന്തരഫലമായാണ് ഗാന്ധിജി വധിക്കപ്പെടുന്നത്. ഇതിന്റെ മുഖ്യകാരണം ഗാന്ധി ഇന്ത്യന്‍ മതേതരത്വത്തിന്റെ ഏറ്റവും വലിയ ചിഹ്നമായിരുന്നു എന്നതായിരുന്നു. അന്ന് മാത്രമല്ല ഇന്നും സംഭവിക്കുന്നത് ഇത് തന്നെയാണ്. കഴിഞ്ഞ 15 വര്‍ഷമായി ചരിത്രത്തെ തന്നെ മതേതരമായി വ്യാഖ്യാനിക്കുന്നവരെയൊക്കെ വളരെ നിശിതമായി ഇവര്‍ അക്രമിച്ചിട്ടുണ്ട,പല വിധത്തിലും. കാരണം ചരിത്രം ഒരു രാഷ്ട്ര സ്വഭാവത്തിന്റെ, രാഷ്ട്ര രൂപീകരണത്തിന്റെ പ്രധാനപ്പെട്ട അംശമാണ്

(ജെഎന്‍യു വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണരൂപം)

DONT MISS
Top