ക്രിസ്റ്റ്യാനോയെ ബാഴ്സലോണയിലേക്ക് സ്വാഗതം ചെയ്ത് നെയ്മര്‍

cristiano neymar

സമകാലിന ഫുട്ബോളില്‍ മെസ്സിക്കൊപ്പം എന്നും ചേര്‍ത്തു പറയുന്ന പേരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസ്സി ക്രിസ്റ്റ്യാനോയെക്കാള്‍ കൂടുതല്‍ തവണ ലോക ഫുട്ബോളര്‍ അവാര്‍ഡ് നേടിയിട്ടുണ്ടെങ്കിലും തന്റെ വേഗവും മിന്നല്‍ ഷോട്ടുകളും കൊണ്ട് ക്രിസ്റ്റ്യാനോ ലോകമെമ്പാടും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. നിലവില്‍ റയല്‍ താരമായ ക്രിസ്റ്റിയാനോയെ സ്വന്തം ടീമായ ബാഴ്‌സലോണയിലേക്ക് നെയ്മര്‍ ക്ഷണിച്ചിരിക്കുന്നു എന്നതാണ് സ്പാനിഷ് ലീഗില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

2018-ല്‍ റയലുമായുള്ള കരാര്‍ തീരുന്ന സാഹചര്യത്തില്‍ റയല്‍ വിടാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബാഴ്‌സയിലേക്ക് ക്ഷണിച്ചു കൊണ്ട് നെയ്മര്‍ രംഗത്ത് വന്നത്. റൊണാള്‍ഡോ ഇതിഹാസ താരമാണെന്നും അദ്ദേഹത്തിനൊപ്പം ബൂട്ടണിയുക തന്റെ സ്വപ്‌നമാണെന്നും നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോ കൂടി ബാഴ്‌സയിലേക്ക് ചേര്‍ന്നാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരുടെ നിരയാണ് ബാഴ്‌സയ്ക്കുള്ളത്. മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തിനൊപ്പം ഇനിയേസ്ത, പികെ തുടങ്ങിയ കരുത്തരും ബാഴ്‌സയുടെ മുതല്‍ക്കൂട്ടാണ്. ഇവര്‍ക്കൊപ്പം ക്രിസ്റ്റിയാനോ കൂടി എത്തുമെങ്കില്‍ ബാഴ്‌സ അജയ്യരാകുമെന്നു നിസംശയം പറയാം.

എന്നാല്‍ റയല്‍ വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ വിവിധ ക്ലബ്ബുകള്‍ ഇപ്പോഴെ കച്ചകെട്ടിക്കഴിഞ്ഞു. എന്തായാലും ക്ലബ് വിടാനുള്ള തീരുമാനവുമായി ക്രിസ്റ്റിയാനോ മുന്നോട്ട് പോവുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരലേലം തന്നെ നടക്കുമെന്നുറപ്പാണ്.

DONT MISS
Top