വിയോജിക്കാന്‍ കൂടിയുള്ളതാണ് സര്‍ സ്വാതന്ത്ര്യം

jnu

അര്‍ണാബ് ഗോസ്വാമിയെ കണ്ട് പഠിക്കെടാ… കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും വാര്‍ത്താ അവതാരകരും കഴിഞ്ഞയാഴ്ച ഏറ്റവും അധികം കേട്ട ആക്രോശമാണിത്. സംവാദത്തിനിടയിലെ അസഹിഷ്ണുത, ജനാധിപത്യവിരുദ്ധത, ഇടയ്ക്ക് തടസ്സപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അര്‍ണാബിനൊപ്പം വരില്ലെങ്കിലും അത്ര മോശക്കാരല്ല ഇവിടെയുള്ളവര്‍. അപ്പോള്‍ പഠിക്കാന്‍ ആവശ്യപ്പെടുന്നത് അതിദേശീയതാ ഹാലിളക്കവും ജിങ്കോയിസവുമാണ്. ദേശാഭിമാനപ്രചോദിതരായി ഉറഞ്ഞുതുള്ളാത്തതാണ് പ്രശ്‌നം. നിങ്ങള്‍ ദേശസ്‌നേഹികള്‍ക്കൊപ്പമോ ദേശവിരുദ്ധര്‍ക്കൊപ്പമോഎന്ന ചോദ്യമാണ് രാജ്യമെമ്പാടും. മാധ്യമപ്രവര്‍ത്തകര്‍ എവിടെ നില്‍ക്കും?

മോദി സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലത്ത് തന്നെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘പ്രസ്റ്റിറ്റിയൂട്ട്’ പട്ടം ചാര്‍ത്തിക്കിട്ടിയിരുന്നു. സെക്കുലറിസം ‘സിക്കുലറിസ’മായി പരിഹസിക്കപ്പെട്ടു. അസഹിഷ്ണുതാ വിവാദകാലത്ത് ഭരണകൂടവും ലിബറല്‍ മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടി. ഇതിന്റെ കലാശക്കൊട്ടാണ് ജെഎന്‍യു അടിച്ചമര്‍ത്തല്‍ കാലത്ത് നടക്കുന്നത്. ‘ഹൈപ്പര്‍നാഷണല്‍ ‘മീഡിയയും’ആന്റിനാഷണല്‍’ മീഡിയയും തമ്മിലുളള ഉരസല്‍ പൊതുമണ്ഡലത്തെ സംഘര്‍ഷഭരിതമാക്കുന്നു.

arnab

ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തെക്കുറിച്ച് ടൈംസ് നൗ നടത്തിയ ന്യൂസ് അവറാണ് ക്യാമ്പസില്‍ ഒതുങ്ങേണ്ട ഒരു വിഷയത്തെ ദേശീയസുരക്ഷാ പ്രശ്‌നമാക്കി മാറ്റിയത്. അര്‍ണാബ് ഗോസ്വാമി സത്വസിദ്ധമായ ശൈലിയില്‍ രാഷ്ട്രവും ദേശീയതയും അവമതിക്കപ്പെട്ടുവെന്ന് പൊട്ടിത്തെറിച്ചു. ‘ദേശവിരുദ്ധരെ’ അടിച്ചിരുത്തി. ദേശസ്‌നേഹ പ്രചോദിതരായ ന്യൂസ് എക്‌സ്, ഇന്ത്യ ടിവി, സീ ന്യൂസ് തുടങ്ങിയവര്‍ കൂടി ചാടിവീണതോടെ എത്രത്തോളമുണ്ട് രാജ്യസ്‌നേഹം എന്ന് തെളിയിക്കാനുള്ള മത്സരമായി. മാധ്യമങ്ങള്‍ ദേശസ്‌നേഹത്തിന്റെ ചിയര്‍ ലീഡര്‍മാരായ അന്തരീക്ഷം മുതലെടുത്താണ് കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും ജെഎന്‍യു അടിച്ചമര്‍ത്തലിന് ഇറങ്ങിയത്. ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ദേശവിരുദ്ധര്‍ക്കൊപ്പം എന്ന ലളിതമായ സമവാക്യത്തിലായിരുന്നു ഈ ദേശസ്‌നേഹ ബ്രിഗേഡിന്റെ മാധ്യമപ്രവര്‍ത്തനം. ഈ കോറസില്‍ മധ്യ ഇടത് സ്വഭാവമുള്ള എന്‍ഡിടിവിയും ടൈംസിനെ മുഖ്യ എതിരാളിയായി കാണുന്ന ഇന്ത്യാ ടുഡെയും ചേര്‍ന്നിരുന്നില്ല.

പാട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെ ഏകപക്ഷീയമായ മാധ്യമ വ്യവഹാരം രണ്ടായി പിരിഞ്ഞു. ദേശസ്‌നേഹത്തിന്റെ മറവില്‍ അടിച്ചമര്‍ത്തേണ്ടതല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് ലിബറല്‍ മാധ്യമങ്ങള്‍ നിലപാടെടുത്തു. രാജ്ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തുമടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഭൂരിപക്ഷം എങ്ങിനെ ചിന്തിക്കുന്നുവെന്ന് നോക്കിയല്ല സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യാനെന്ന് ബര്‍ഖാ ദത്ത് പ്രഖ്യാപിച്ചു. ദേശവിരുദ്ധനെന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് രാജ്ദീപ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ലേഖനമെഴുതി. പത്രങ്ങളില്‍, കൊല്‍ക്കത്തയില്‍ നിന്ന് ഇറങ്ങുന്ന ടെലഗ്രാഫ് തീവ്രമായ നിലപാടെടുത്തു. അഭിഭാഷക അഴിഞ്ഞാട്ടത്തിന് pat’riot’ എന്നാണ് അവര്‍ തലക്കെട്ട് കൊടുത്തത്. തലക്കെട്ടുകളിലൂടെ തുടര്‍ച്ചയായി കപട ദേശസ്‌നേഹത്തെ ആക്രമിക്കുകയാണ് ടെലഗ്രാഫ്. ജെഎന്‍യു തീയിട്ട് വരുന്ന ഹനുമാനെ ചിത്രീകരിക്കുന്ന സുരേന്ദ്രയുടെ കാര്‍ട്ടൂണ്‍ ആണ് ദ ഹിന്ദു നല്‍കിയ പ്രധാന പഞ്ച്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങളും ഉദാര ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പമായിരുന്നു.

the patriot

അതേസമയം ദേശസ്‌നേഹ ബ്രിഗേഡ് രാജ്യസ്‌നേഹം തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഇല്ലാത്ത വാര്‍ത്തകള്‍ ചമച്ചു. ഉമര്‍ ഖാലിദ് ജെയ്‌ഷെ മുഹമ്മദ് അനുഭാവിയാണെന്ന് ന്യൂസ് എക്‌സും കാശ്മീര്‍ വിഘടനവാദികളുമായി നിരന്തം ബന്ധപ്പെട്ടിരുന്നുവെന്ന് ടൈംസ് നൗവും ഹിന്ദു ദേവതകളുടെ നഗ്‌നചിത്രം പതിപ്പിച്ചുവെന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എബിപി ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഇന്‍പുട്ട് എന്നവകാശപ്പെട്ടാണ് ഇവയൊക്കെ ബ്രേക്കിംഗ് ന്യൂസ് ആയത്. ഈ വാര്‍ത്തകള്‍ പൊള്ളയാണെന്നും ഉമര്‍ മതവിശ്വാസി പോലുമല്ലെന്നും തീവ്ര ഇടതുപക്ഷ നിലപാടുകാരനാണെന്നും അധ്യാപകരെയും സഹപാഠികളെയും ഉദ്ധരിച്ച് സ്‌ക്രോള്‍.കോം പറയുന്നു. ഉദ്ധരിക്കാന്‍ ഏറ്റവും എളുപ്പം ഇന്റലിജന്‍സ് ബ്യൂറോയെയാണ്. അവര്‍ ഒരു കാര്യവും നിഷേധിക്കാനും സ്ഥിരീകരിക്കാനും വരില്ലല്ലോ. ഉമറിനെക്കുറിച്ച് ഐബി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

cartoon

ഇതിനിടെയാണ് കനയ്യയുടെ രാജ്യദ്രോഹത്തിന് തെളിവ് എന്നലറിക്കൊണ്ട് ന്യൂസ് എക്‌സും ഇന്ത്യാ ന്യൂസും ഒരു വീഡിയോയുമായി രംഗത്തെത്തിയത്. സാമൂഹ്യ ശൃംഖലകളില്‍ ഇത് പടര്‍ന്നു. ഫെബ്രുവരി 12-ന് നടന്ന യോഗത്തിന്റെ ദൃശ്യങ്ങളും ഫെബ്രുവരി 9-ന് നടന്ന പരിപാടിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളും കൂട്ടിക്കലര്‍ത്തി വ്യാജമായി ഉണ്ടാക്കിയതാണ് ഈ വീഡിയോകളെന്ന് ഇന്ത്യാ ടുഡെ, എബിപി ന്യൂസ് ചാനലുകള്‍ തെളിയിച്ചു. വ്യാജ വാര്‍ത്തകളുണ്ടാക്കിയും ദേശസ്‌നേഹം തെളിയിക്കണമെന്ന വാശിയിലായിരുന്നു ചില മാധ്യമപ്രവര്‍ത്തകരെന്ന് വ്യക്തം.
jnu 1

ടൈംസ് നൗ മോഡലിലുള്ള ദേശസ്‌നേഹ മാധ്യമപ്രവര്‍ത്തനത്തിനാണ് എപ്പോഴും കൈയ്യടി കിട്ടുക. ലിബറല്‍ പൊതുബോധമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിലും അത് അങ്ങനെ തന്നെയാണ്. പക്ഷേ മജോറിറ്റേറിയന്‍ കാഴ്ചപ്പാടുകളുടെ ഉച്ചഭാഷിണിയാകല്‍ അല്ലല്ലോ മാധ്യമപ്രവര്‍ത്തനം. സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്യമാണ്. അല്ലാതെ താരാട്ടുപാടാനുള്ള സ്വാതന്ത്ര്യമല്ല. ഭരണകൂട താല്‍പര്യങ്ങള്‍ രാജ്യതാല്‍പര്യമെന്ന് ചാപ്പ കുത്തി അടിച്ചേല്‍പ്പിക്കുമ്പോള്‍, വിയോജിക്കുന്നവരെ പിന്‍തുടര്‍ന്ന് വേട്ടയാടുമ്പോള്‍, ഫാഷിസം വീട്ടുവാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ ഹല്ലേലൂയ പാടുന്നതല്ല മാധ്യമപ്രവര്‍ത്തനം. ഭരണകൂടത്തിന്റെ തൊമ്മിമാരല്ല മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ട് അര്‍ണാബ് ഗോസ്വാമിയെ കണ്ട് പഠിക്കാന്‍ സൗകര്യമില്ല.

DONT MISS
Top