‘അങ്ങനെയെങ്കില്‍, കനയ്യ മാത്രമല്ല ഞങ്ങളും ദേശവിരുദ്ധരാണ്’

12743829_10208968823408082_4869766992986859006_n

ബിഹാറിലെ ബേഗുസരായ് ജില്ലയിലെ ബിഹാത് ഗ്രാമം… മണല്‍ത്തരികള്‍ക്ക് പോലും ഇവിടെ ചുവപ്പ് നിറമാണ്. പാടലീപുത്രയിലെ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലം… വരണ്ട ഭൂമിക്കുമേല്‍ വീശുന്ന കാറ്റില്‍ കമ്മ്യൂണിസത്തിന്റെ ഗന്ധമുണ്ട്. ഈ ഗന്ധം നുകര്‍ന്നാണ് കനയ്യകുമാര്‍ വളര്‍ന്നത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനനം. കുടുംബത്തിലെ എല്ലാവരെയും പോലെ ചെറുപ്പത്തില്‍ തന്നെ സിപിഐ പ്രവര്‍ത്തകനായി കനയ്യ. പാറ്റ്‌നയിലെ കോളെജ് പഠനകാലത്ത് എഐഎസ്എഫിന്റെ നേതൃനിരയില്‍ എത്തി. പഠനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം. 2011-ലാണ് കനയ്യ എം.ഫില്‍ പഠനത്തിനായി ജെഎന്‍യുവില്‍ എത്തുന്നത്. അന്ന് മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇരുപതോ ഇരുപത്തഞ്ചോ അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന എഐഎസ്എഫിന്റെ ജെഎന്‍യു യൂണിറ്റില്‍ നിന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി കനയ്യ ചരിത്രമെഴുതി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഡിബേറ്റിലെ പ്രസംഗമാണ് കനയ്യയെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചത്. രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ ഊന്നിയായിരുന്നു കനയ്യയുടെ തീപ്പൊരി പ്രസംഗം. അരികുജീവിതങ്ങളെ കുറിച്ചും വര്‍ഗീയ ഫാഷിസത്തെ കുറിച്ചും കനയ്യ ഉയര്‍ത്തിയ വാദമുഖം ജെഎന്‍യു ഏറ്റെടുത്തതിന്റെ തെളിവായി ആ ചരിത്ര വിജയം.

Prince Kumar, Younger Brother of JNU Student Union President Kanahiya alongwith Father Jai Shankar Singh and Mother Mina Devi at his vilage Masnadpur Tola in Bihat,Begusarai on Saturday, feb 13,2016. They are in shock and anger after at arrest of Kanahaiya in recent JNU protest and clash connection. Express Photo By Prashant Ravi

ദളിതനും ദരിദ്രനും ആരാണെന്ന് കനയ്യയ്ക്ക് നന്നായറിയാം. അങ്കണവാടി ജീവനക്കാരിയായ അമ്മയുടെ 3,000 രൂപ മാസ ശമ്പളത്തില്‍ കുടുംബം പുലരുമ്പോള്‍ വിശപ്പ് എന്താണെന്നും മറ്റാരേക്കാളും അറിയാം. ചെറുകിട കരാറുകാരനായിരുന്ന പിതാവ് ജയ്ശങ്കര്‍ സിങ് എട്ടു വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. എന്നും കനയ്യയ്ക്ക് കൈമുതല്‍ വിദ്യാഭ്യാസമായിരുന്നു. വായനയും കമ്യൂണിസ്റ്റ് ബന്ധം പകര്‍ന്ന തെളിഞ്ഞ ചിന്തയും മുന്നോട്ട് വഴി തെളിച്ചു.

രാജ്യത്തിന് തെറ്റ് പറ്റി എന്ന് പറയുന്നത് ഭീകരവാദമാണോ?. രാജ്യത്തിന്റെ ഭൂപടങ്ങളില്‍ ദളിതന്‍ എന്തുകൊണ്ട് അടയാളപ്പെടുന്നില്ല എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നത് ദേശവിരുദ്ധതയാണോ?. ഒന്നുകൂടി, എന്റെയും നിങ്ങളുടെയും അമ്മമാര്‍ ഭാരതമാതാവില്‍ പെടുന്നില്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യും എന്ന് പറഞ്ഞത് രാജ്യദ്രോഹമാണോ?.എങ്കില്‍ കനയ്യ ദേശവിരുദ്ധനാണ്, രാജ്യദ്രോഹിയാണ്. കനയ്യ മാത്രമല്ല ഈ രാജ്യത്തെ നിങ്ങള്‍ ഒഴികെയുള്ള കോടിക്കണക്കിന് ജനങ്ങളും ദേശവിരുദ്ധരാണ്. അവരെ തുറുങ്കിലടയ്ക്കാന്‍ നിങ്ങളുടെ ജയിലറകള്‍ പോരാതെ വരും.

kanayakumar-1

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരന്റെ കാലുനക്കി ജീവിച്ച ആര്‍എസ്എസിന്റെ ചരിത്രം പറയുന്നതില്‍ എന്താണ് ദേശവിരുദ്ധത?. കാവി ഭീകരതയോട് സന്ധിയില്ലെന്ന് കനയ്യകുമാര്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ പറയുമ്പോള്‍ ഭരണകൂടം തന്നെ ഇറങ്ങി തിരിച്ചു കനയ്യ എന്ന 28 വയസുകാരനെ വേട്ടയാടാന്‍. കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണം പൊളിഞ്ഞപ്പോള്‍ പിന്നെ ചോദ്യം മറ്റൊന്നായി. ദേശവിരുദ്ധ മുദ്രാവാക്യംവിളി എന്തുകൊണ്ട് തടഞ്ഞില്ലെന്ന്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ നിങ്ങള്‍ ആദ്യം കല്‍ത്തുറുങ്കില്‍ അടയ്ക്കൂ. എന്നിട്ടാകാം ആ ചോദ്യം. ജെഎന്‍യു ക്യാംപസിന്റെ പ്രവര്‍ത്തന സ്വഭാവം. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതാണ് ജെഎന്‍യുവിന്റെ പാരമ്പര്യം.

jnu-1

നാട്ടില്‍ ഉയരുന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങളെല്ലാം കേട്ടു നില്‍ക്കുന്നവര്‍ തടയണം എന്നാണോ. അങ്ങനെ കൈയ്യൂക്ക് കാണിക്കണം എന്നാണോ. എന്തിനാണ് പിന്നെയിവിടെ ഒരു ഭരണകൂടം?. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നവരെ കൊണ്ട് നിറയ്ക്കാനാണോ നിങ്ങളുടെ കല്‍ത്തുറുങ്കുകള്‍. അതാണ് ഫാഷിസത്തിന്റെ രീതി എന്ന് ഞങ്ങള്‍ക്ക് അറിയാം. കള്ളം ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാന്‍ നോക്കും. കള്ളം പറഞ്ഞല്ലേ/പ്രചരിപ്പിച്ചല്ലേ നിങ്ങള്‍ ദാദ്രിയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നത്. ഭരണകൂടം തന്നെയാണ് ഇവിടെ കള്ളം പ്രചരിപ്പിക്കുന്നത് (ജെഎന്‍യു പ്രതിഷേധത്തിന് ഹാഫിസ് സെയ്ദിന്റെ പിന്തുണ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു). കള്ളം സ്ഥാപിക്കാന്‍ നിങ്ങള്‍ വീഡിയോകള്‍ കൃത്രിമമായി നിര്‍മ്മിക്കും. ശബ്ദം ചേര്‍ത്ത് എഡിറ്റ് ചെയ്യും. നിങ്ങളുടെ രാഷ്ട്രീയം സ്ഥാപിച്ചെടുക്കാന്‍ നിങ്ങള്‍ ശ്രമിക്കും. കനയ്യയുടെ കാര്യത്തിലും നിങ്ങള്‍ അത് തന്നെ ചെയ്തു. കോടതിയിലും നിങ്ങള്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ചു. നിയമത്തിന്റെ പരിരക്ഷകര്‍ തന്നെ കലാപത്തിന്റെ വിത്തുകള്‍ പാകി. ഏത് ജനാധിപത്യത്തിന്റെ പേരിലാണ് നിങ്ങള്‍ കനയ്യയെ കോടതിവളപ്പില്‍ നിലത്തിട്ട് ചവിട്ടിയത്. സുപ്രീംകോടതിയുടെ അഭിഭാഷക സംഘത്തെ നിങ്ങള്‍ ആക്രമിച്ചത് ഏത് ദേശീയതാ ബോധത്തില്‍ നിന്നു കൊണ്ടാണ്.

kanayya-2

ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചു കൊണ്ട് നിങ്ങള്‍ ഫാഷിസം നടപ്പിലാക്കുന്നു. ആര്‍ക്ക് എതിരെയാണ് നിങ്ങളുടെ അസഹിഷ്ണുത. അത് അഫ്‌സല്‍ ഗുരുവിന് എതിരെയാണെങ്കില്‍ നാടു മുഴുവന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് എതിരെ നിങ്ങള്‍ക്ക് ഒപ്പം കൈ കോര്‍ക്കാന്‍ രാജ്യത്തിന്റെ മതേതരബോധം കൂട്ടിനുണ്ടാകും. അങ്ങനെ ഒരാളെ പോലും നിങ്ങള്‍ക്ക് പിടികൂടാന്‍ കഴിഞ്ഞിട്ടില്ലല്ലോ. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുടെ ദളിത് ബന്ധമാണോ നിങ്ങളെ തടയുന്നത്. അവരെ പിടികൂടിയാല്‍ കശ്മീരില്‍ നിങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത ഭരണം ഉണ്ടാകും എന്നതാണോ ആശങ്ക. അപ്പോള്‍ ഒന്ന് വ്യക്തമാകുന്നു. നിങ്ങള്‍ക്ക് അധികാരമാണ് വലുത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരായ നടപടി എന്ന പുകമറ സൃഷ്ടിച്ച് നിങ്ങള്‍ ഇല്ലാതാക്കുന്നത് ചിന്തിക്കുന്ന യുവത്വത്തെയാണ്. അത് അനുവദിക്കാന്‍ കഴിയില്ല. കാരണം,രാജ്യസ്‌നേഹത്തിന് ആര്‍എസ്എസ് സാക്ഷ്യപത്രം വേണം എന്ന് ഈ രാജ്യത്തിന്റെ ഭരണഘടന പറഞ്ഞിട്ടില്ല. കനയ്യകുമാര്‍ സംസാരിച്ചത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തെ കുറിച്ചാണ്. അതിന്റെ പേരില്‍ ദേശവിരുദ്ധര്‍ എന്ന് മുദ്ര കുത്തിയാല്‍ ഈ രാജ്യം നിങ്ങളെ ഒറ്റപ്പെടുത്തും. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്.നിങ്ങളാണ് രാജ്യദ്രോഹികള്‍. ഈ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്ന കപടദേശീയവാദികള്‍.

DONT MISS
Top