കേന്ദ്ര സര്‍വകലാശാലകളില്‍ ഇനി പാറുക 60 അടി വീതീയും 90 അടി നീളവുമുള്ള പതാക; സ്ഥാപിക്കാന്‍ ഓരോന്നിനും ചിലവ് 45 ലക്ഷം രൂപ

flag

വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനുറച്ച് എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ദേശീയ പതാക സ്ഥാപിക്കുന്ന പദ്ധതിക്ക് വന്‍ തുക ചിലവ് വരുമെന്ന് വിദഗ്ധര്‍. 40 മുതല്‍ 45 ലക്ഷം രൂപ വരെയാകും ഒരു സര്‍വകലാശാലയില്‍ കൊടിമരം സ്ഥാപിക്കാന്‍ കണക്കാക്കപ്പെടുന്ന ഏകദേശ തുക. 207 അടിയാകണം കൊടിമരത്തിന്റെ ഉയരമെന്നാണ്, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചത്. ഇത്തരത്തിലുള്ള പതാക സ്ഥാപിക്കാന്‍ 45 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നും, പ്രതിമാസം 65000ലധികം രൂപ പരിപാലനത്തിനായി വേണ്ടിവരുമെന്നും ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സിഇഓ കമാന്റര്‍ കെവി സിംഗ് പറഞ്ഞു. രാജ്യത്ത് 207 അടിയിലധിക ഉയരത്തിലുള്ള 65 ഓളം കൊടികള്‍ സ്ഥാപിച്ച അനുഭവത്തിലാണ് കണക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കൊടികള്‍ സ്ഥാപിക്കുന്നത് വളരെ മികച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിസഭ ഇനിയും പദ്ധതിക്കായുള്ള ചിലവ് കണക്കാക്കിയിട്ടില്ല. 2014 ല്‍ 207 അടി ഉയരത്തില്‍ ഡല്‍ഹി സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ച സമാനമായ കൊടിമര നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയായിരുന്നു ചിലവായത്. ഉയരെ 2.5 അടിയും ചുവട്ടില്‍ 4.5 അടി വ്യാസവുമാകും മരത്തിനുണ്ടാവുക. 60 അടി വീതിയും 90 അടി നീളവുമുള്ള കൊടിക്ക് 35 കിലോയോളം ഭാരവുമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലുമാണ് ദേശീയ പതാകകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top