അഭിഭാഷകര്‍ക്ക് എങ്ങനെ നിയമം കയ്യിലെടുക്കാന്‍ കഴിയുന്നു? പട്യാലഹൗസ് കോടതിയിലെ സംഭവങ്ങള്‍ അപലപനീയമെന്ന് സുപ്രീംകോടതി

supreme_court_scba for webദില്ലി: പട്യാലഹൗസ് കോടതിയിലെ സംഭവങ്ങള്‍ അപലപനീയമെന്ന് സുപ്രീംകോടതി. ഇരുകൂട്ടരും മിതത്വം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയില്‍ ജസ്റ്റീസ് ജെ ചലമേശ്വരയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജെഎന്‍യു കേസ് പരിഗണിക്കവെ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യ കുമാറിനെ ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിരുന്നു. ഈ പ്രശ്‌നം പരാമര്‍ശിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി പരാമര്‍ശം നടത്തിയത്. അഭിഭാഷകര്‍ക്ക് എങ്ങനെ നിയമം കയ്യിലെടുക്കാന്‍ കഴിയുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു. തീവ്രനിലപാടുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും, എല്ലാവരും മിതത്വം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നടപടികളെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ കോടതിയില് നിലവില്‍ വരുത്താനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഇന്ന് രാജീവ് ടാഡാക്ക് എന്ന അഭിഭാഷകന്‍ ഇന്ന് വന്ദേമാതരം മുഴക്കിയിരുന്നു. കോടതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും, രണ്ട് അധ്യാപകരെയും അഞ്ച് മാധ്യമപ്രവര്‍ത്തകരെയും മാത്രമേ പ്രവേശിപ്പിക്കൂ. കോടതി നടപടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ദില്ലി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിനടപടികള്‍ ജനങ്ങളിലെത്തണമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

DONT MISS
Top