“തുണിസഞ്ചിയും താടിയും ഞങ്ങളെ രാജ്യദ്രോഹികളാക്കുമോ?” ദില്ലി പോലീസിനെതിരെ നാടകപ്രവര്‍ത്തകര്‍

delhi

കയ്യില്‍ തുണിസഞ്ചിയുണ്ട്, താടിയുണ്ട്. കാഴ്ചയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായി ഏതോ പോലീസുകാരന് തോന്നി. ഇക്കാരണത്താല്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത് തങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന ആരോപണവുമായി നാടകപ്രവര്‍ത്തകര്‍ രംഗത്ത്.ദില്ലിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്ററില്‍ നടക്കുന്ന ഉര്‍ദു ഫെസ്റ്റിവലിലേക്ക് കയറവെയാണ് സങ്വാരി നാടകസംഘാംഗങ്ങളായ മൂന്ന് പേരെ ദില്ലിപോലീസ് അറസ്റ്റ് ചെയ്തത്. താടിയും, തുണി സഞ്ചിയുമുണ്ടെന്നതിനാല്‍ ജെ എന്‍യു വിദ്യാര്‍ത്ഥികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതോ സ്ഥലത്ത് വെച്ചുതന്നെ ബാഗില്‍ എസ്എഫ്‌ഐ കൊടി കണ്ടെത്തിയെന്ന കാരണത്താലും ഒരാളെ അറസ്റ്റ് ചെയ്തിരുന്നതായും നാടകപ്രവര്‍ത്തകര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്തശേഷം പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവാദം നല്‍കാതെ മണിക്കൂറുകള്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഉര്‍ദു ഫെസ്റ്റിവലില്‍ പരിപാടി നടത്തുന്നതിനിടെ ചായ കുടിക്കാന്‍ പുറത്തിറങ്ങിയവരെയാണ്, ആരെയും അറിയിക്കാതെ മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത്. എസ് എഫ്‌ഐ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്നാണ് പോലീസ് വിശദീകരണം. സ്‌റ്റേനില്‍ വെച്ച് താടിയെക്കുറിച്ചും തുണിസഞ്ചിയെക്കുറിച്ചുമായിരുന്നു ചോദ്യങ്ങളത്രയുമെന്നും അറസ്റ്റിലായ അതുല്‍ ബാവ്ര പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും പ്രതിഷേധിക്കരുതെന്നും സ്റ്റേഷനില്‍ വെച്ച് പ്രത്യേക ക്ലാസും ഉണ്ടായിരുന്നത്രേ. രാവിലെ അറസ്റ്റ് ചെയതനാടകപ്രവര്‍ത്തകര്‍ക്ക് വൈകുന്നേരമാണ് അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കിയത്. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തങ്ങളെ 6 മണിക്കൂറോളം ഭീകരരെപ്പോലെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് മൗലികാവകാശം നിഷേധിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു

DONT MISS
Top