“ഭരണഘടനയില്‍ പൂര്‍ണവിശ്വാസം,ദേശസ്‌നേഹത്തിന് ആര്‍എസ്എസ് സര്‍ട്ടിഫിക്കറ്റ് വേണ്ട”: അറസ്റ്റിന് തൊട്ടുമുന്‍പ് കന്നയ്യകുമാര്‍ നടത്തിയ പ്രസംഗ വീഡിയോ പുറത്ത്

jnu utsy

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യകുമാര്‍ നടത്തിയ പ്രസംഗം പുറത്തുവന്നു. അവസാന പ്രസംഗത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയിലാണ് കന്നയ്യകുമാര്‍ സംസാരിക്കുന്നത്. ഫെബ്രുവരി 9ന് നടന്ന വധശിക്ഷാ വിരുദ്ധ പരിപാടി ദേശദ്രോഹ പരമാണെന്ന എബിവിപി പ്രചരണത്തിനെതിരെ ക്യാമ്പസില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കുമാറിന്റെ പ്രസംഗം. പ്രസംഗത്തില്‍ വിവാദ പരിപാടിയില്‍ നടന്നതെന്താണെന്നും കുമാര്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭരണഘടനയില്‍ അടിയുറച്ച് വിശ്വസിച്ച് രാജ്യത്തിനായി അണിനിരക്കണമെന്നും ആഹ്വാനമുണ്ട്. പ്രസംഗത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുമാറിനെ ഹോസ്റ്റല്‍ വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

അവസാനപ്രസംഗത്തിലും ബിജെപി സര്‍ക്കാരിന്റെ പോലീസ് ഭീകരതയ്ക്കും, വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടിനുമെതിരെ ശക്തമായ ഭാഷയിലാണ് കുമാര്‍ പ്രസംഗിച്ചത്. ആര്‍എസ്എസിന്റെ മേധാവിത്വത്തിനും കാവിവത്കരണത്തിനും എതിരെയും കുമാര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. തങ്ങള്‍ക്ക് ആര്‍ എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. ജെഎന്‍യുവിലെ പരിപാടിയില്‍ ചിലര്‍ ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങള്‍ അപലപനീയമാണെന്നും കുമാര്‍ പറഞ്ഞു. ഇടതുപക്ഷ പ്രവര്‍ത്തകരോ, യൂണിയന്‍ നേതാക്കളോ ഈ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയിട്ടില്ലെന്നും കുമാര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്, എല്ലാ വിദ്യാര്‍ത്ഥികളും രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രംഗത്തിറങ്ങണമെന്നും കുമാര്‍ പറയുന്നുണ്ട്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മുന്നോട്ടുപോകാനും കുമാര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രസംഗത്തിനിടെ തന്നെ ഫോണുയര്‍ത്തിക്കാട്ടിക്കൊണ്ട്, തന്റെ അമ്മയെ എബിവിപി നേതാക്കള്‍ തെറി വിളിക്കുന്ന വീഡിയോ രേഖകളുണ്ടെന്നും പറയുന്നു. എബിവിപി വിളിക്കുന്ന മുദ്രാവാക്യത്തിലെ ഭാരത്മാതക്കളില്‍ ആ അമ്മയും മറ്റനേകം ദളിതരും അടിച്ചമര്‍ത്തമര്‍ത്തപ്പെട്ടവരുമായ അമ്മമാരുമുണ്ടെന്നും കുമാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കുമാറുള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കുകയായിരുന്നെന്ന പ്രചരണങ്ങള്‍ സജീവമാകുന്നതിനിടെയാണ്, ദേശസ്‌നേഹമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുമാറിന്റെ അവസാന പ്രസംഗം പുറത്തുവന്നത്. ഇതുള്‍പ്പെടെ നിരവധി തെളിവുകളുമായാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രസംഗ വീഡിയോ കാണാം

DONT MISS
Top