“വിചാരധാരയ്ക്ക് ക്യാമ്പസുകളില്‍ എന്ത് സ്ഥാനം?” ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി യെച്ചൂരിയും ഇടതുനേതാക്കളും

yechuri

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് നയങ്ങള്‍ ക്യാമ്പസുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ നിയമിച്ച ജെഎന്‍യു വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല മേധാവികള്‍ ആര്‍എസ്എസ് തീരുമാനങ്ങളാണ് നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നത്. ജെഎന്‍യുവില്‍ അഴിഞ്ഞാടാന്‍ പോലീസിന് വൈസ് ചാന്‍സലര്‍ അനുവാദം നല്‍കി. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന പോലീസ് നടപടികളാണ് ക്യാമ്പസില്‍ നടത്തിയതെന്നും യെച്ചൂരി ആരോപിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുനേതാക്കള് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യുവിനെ ഭീകരരുടെ താവളമാക്കി ചിത്രീകരിക്കാനാണ് ചിലരുടെ ലക്ഷ്യം. നിരവധി കേന്ദ്ര മന്ത്രിമാരേയും, ഐഎഎസ് -ഐഎഫ്എസ് ഉദ്യോഗസ്ഥരേയും, രാഷ്ട്രീയനേതാക്കളെയും ഐബി തലവന്മാരെപ്പോലും സംഭാവന ചെയ്ത ക്യാമ്പസിനെയാണ് ഇങ്ങനെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പോലീസ് നിലവില്‍ രാജ്യരക്ഷാനിയമം പ്രകാരം കേസെടുത്തത് നിരപരാധികളായ 20 ഓളം പേര്‍ക്കെതിരെയാണെന്ന് സംഘം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ വിട്ടയക്കണം. പരിപാടിയില്‍ പങ്കെടുക്കുകയേ ചെയ്യാത്തവരാണ് ഇവരെല്ലാം. പരിപാടിയുടെ പേരില്‍ ഇടതു സംഘടനാ നേതാക്കളെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം വേട്ടയാടുകയാണെന്നും യെച്ചൂരി ആരോപിച്ചു. പോലീസ് കേസെടുത്തവരില്‍ സിപിഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിത രാജയുമുണ്ട്. സമരത്തിന്റേതായി പുറത്തുവന്ന വീഡിയോയില്‍ കേസിലുള്‍പ്പെട്ടവര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നതായില്ല. ചാനല്‍ ക്യാമറകളല്ല ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചരിക്കുന്നത്. സിസിടിവി ക്യാമറകളില്ലാത്ത ക്യാമ്പസില്‍ പിന്നെയാരാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പരിശോധിക്കണം. വീഡിയോ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ദൃശ്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളുകള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും യെച്ചൂരി ആവശ്യപ്പെട്ടു.

DONT MISS
Top