മുഖ്യമന്ത്രിയും മന്ത്രിമാരും ഫോണില്‍ ജനങ്ങളിലേക്ക്: ‘നായക്’ മാതൃകയില്‍ ദില്ലി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം

kejrival

ദില്ലി:  അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, ടെലാത്തോണ്‍ സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ ദില്ലി നിവാസികളോട് നേരിട്ട് ഫോണില്‍ സംസാരിക്കും. ജനങ്ങളുടെ പരാതി നേരിട്ട് കേട്ട് പരിഹരിക്കാനും, ഭരണത്തിന്റെ വിലയിരുത്തല് ലഭിക്കാനും പദ്ധതി സഹായകരമാകുമെന്നാണ് എഎപിയുടെ പ്രതീക്ഷ. ഫെബ്രുവരി 14 നാണ് ദില്ലി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്  നടക്കുന്നത്.

വന്‍ ആഘോഷങ്ങള്‍ക്ക് പകരം ചെറുറാലികളും, ജനങ്ങളുമായുള്ള സംവാദവും നടത്താനാണ് അണികള്‍ക്കും പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ‘നായക്’ എന്ന ഹിന്ദി സിനിമയില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് ജനങ്ങളുമായി ഫോണില്‍ സംസാരിക്കുന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും എഎപി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 14ന് രാവിലെ 11 മുതല്‍ രണ്ട് മണിക്കൂര്‍ സമയമാകും പ്രത്യേകവേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് ഫോണില്‍ സംവദിക്കുന്നത്. അതേസമയം ‘ഫോണ്‍ പേ ചര്‍ച്ച’യുടെ വേദിയെവിടെയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് എഎപി അറിയിച്ചു. പരിപാടിയെ സംബന്ധിച്ചുള്ള കേജ്രിവാളിന്റെ ട്വീറ്റിന് വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top