ദലിതനാണോ? എന്നാല്‍ കക്കൂസ് വേണ്ട; മേല്‍ജാതിക്കാരുടെ എതിര്‍പ്പില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ കഴിയാതെ ദലിത് കുടുംബം

ggg

ഗാന്ധിനഗര്‍: പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനുള്ള സ്വകാര്യത പോലും നിഷേധിയ്ക്കപ്പെട്ട ഒരു വിഭാഗം രാജ്യത്ത് ഉണ്ടെന്നത് മനുഷ്യമനസാക്ഷിയെ തന്നെ മുറിവേല്‍പ്പിക്കുന്ന ഒന്നായിരിയ്ക്കും. ഗുജറാത്തിലെ മെഹ്‌സാനാ ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 13 പേരടങ്ങുന്ന കുടുംബം ഒരു കക്കൂസ് നിര്‍മ്മിയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രദേശത്തെ ഉന്നത ജാതിയില്‍പ്പെവര്‍ ഇവരെ ഇതിന് അനുവദിക്കുന്നില്ല.

ദലിത് കുടുംബം താമസിക്കുന്ന ലക്ഷ്മിപുര ഭാന്ദു വില്ലേജില്‍ 500 പേര്‍ മാത്രമാണുള്ളത്.ഇവരില്‍ ഭൂരിഭാഗവും മേല്‍ജാതിയിയില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികളായ ദലിത് കുടുംബങ്ങളുടെ ജീവിതം എന്നും മേല്‍ജാതിയില്‍പ്പെട്ടവരുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകുകയുള്ളൂ. സ്വന്തമായി ഒരുതുണ്ട് ഭൂമിയോ കിടപ്പാടമോ അവകാശപ്പെടാനില്ലാത്ത ഈ അടിസ്ഥാന വര്‍ഗ്ഗത്തിന് ആര്‍ക്കുമേലും ശബ്ദമുയര്‍ത്താനോ പ്രതികരിയ്ക്കാനോ സാധിയ്ക്കുന്നുമില്ല.

65 വയസ്സുള്ള ഭിക്കാഭായ് ഉള്‍പ്പടെയുള്ള ദലിത് കുടുംബത്തിന് പ്രാഥമിക കൃത്യം നിര്‍വ്വഹിയ്ക്കാന്‍ ദിവസവും കിലോമീറ്ററോളം സഞ്ചരിയ്ക്കണം. “ഉള്ള സ്ഥലത്ത് സ്വന്തമായി ഞങ്ങള്‍ക്കൊരു കക്കൂസ് കെട്ടണം.പക്ഷേ ഇവിടുത്തെ പ്രദേശവാസികള്‍ ഞങ്ങളെ അതിന് സമ്മതിക്കുന്നില്ല”. ഭിക്കാഭായിയ്ക്ക് ഈ പരാതിപറയാനല്ലാതെ ഒന്നിനും സാധിക്കുന്നില്ല.വില്ലേജില്‍ തന്നെയുള്ള മറ്റൊരു ദലിത് യുവാവ് പറയുന്നത് ,ഭിക്കാഭായിയുടെ ഭൂമിയില്‍ കൂടി ഒരു റോഡ് നിര്‍മ്മിയ്ക്കാന്‍ മേല്‍ജാതിയില്‍പ്പെട്ടവര്‍ക്ക് പദ്ധതിയുണ്ടെന്നാണ്. അതിന് ഭിക്കാഭായും കുടുംബവും അവര്‍ക്കൊരു തടസ്സമാണെന്നും യുവാവ് വ്യക്തമാക്കുന്നു.

2012 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പകുതി കുടുംബങ്ങളിലും കക്കൂസ് ഇല്ല. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും ദലിത് കുടുംബങ്ങളാണ്. ഗുജറാത്തിലേതിന് സമാനമായി ഡിസംബറില്‍ കോയമ്പത്തൂരിലെ ഒരു കുടുംബത്തിനും ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. കക്കൂസ് നിര്‍മ്മിയ്ക്കാന്‍ പ്രദേശവാസികള്‍ തടസ്സം നിന്നതിനെ തുടര്‍ന്ന് കെന്‍ഡായൂര്‍ വില്ലേജിലെ ദലിത് കുടുംബം കളക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് ചെയ്ത സാബചര്യമുണ്ടായി. എന്നാല്‍ ഇതേവരെയായിട്ടും പ്രശ്‌നത്തില്‍ പരിഹാരം കാണാനോ ആരോപണം ഉയര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രവുമല്ല ദലിതര്ക്കെതിരായ അതിക്രമങ്ങള്‍ മറ്റൊരു രീതിയില്‍ തുടരുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ ഒരു സകൂളില്‍ ദലിതരായ വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ കക്കൂസ് കഴുകിച്ചതിന് ഏഴ് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മേല്‍ജാതിയില് പെട്ട കുട്ടികള്‍ ഉപയോഗിക്കുന്ന കക്കൂസ് ദലിത് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചതിനാലാണ് 17-ഓളം വരുന്ന ദലിത് കുട്ടികളെക്കൊണ്ട് കക്കൂസ് അധ്യാപകര്‍ കക്കൂസ് കഴുകിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദലിത് വിവേചനം അവസാനിപ്പിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴാണ് ദലിതര്‍ക്കുനേരേ ഇത്തരം കാട്ടുനീതികള്‍ അടിച്ചേല്‍പ്പിക്കുന്നത്.

DONT MISS
Top