വ്യാജ തേയില: ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കി

tea

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ ചായപ്പൊടി നിര്‍മ്മാണ കേന്ദ്രങ്ങളെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ പാലക്കാടും തൃശൂരും വന്‍തോതില്‍വ്യാജ ചായപ്പൊടി പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം വ്യാപിപ്പിച്ചത്.

പാലക്കാട് നൂറണിയിലും തൃശൂരിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡില്‍ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന 10,000 കിലോ വ്യാജ ചായപ്പൊടിയാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപണനം നടത്തുന്ന വ്യാജചായപ്പൊടികളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.

ഒരു ജില്ലയില്‍ പ്രതിമാസം ഒരു കിലോയുടെ രണ്ടായിരം പായ്ക്കറ്റ് വ്യാജചായപ്പൊടി വില്‍പന നടത്തിയിരുന്നുവെന്നാണ് അധികൃതര്‍ക്ക് ലഭിക്കുന്ന വിവരം. കുറച്ച് പൊടിയിട്ടാല്‍ തന്നെ നല്ല നിറം ലഭിക്കുമെന്നതിനാലും വന്‍തോതില്‍ കമ്മീഷന്‍ ലഭിക്കുമെന്നതിനാലും ഹോട്ടലുകളിലും തട്ടുകടകളിലും വലിയ തോതിലാണ് ഇത്തരം ചായപ്പൊടികള്‍ വിറ്റുപോയിരുന്നത്. പാലക്കാട് അറസ്റ്റിലായ മുഹമ്മദ് ഇഖ്ബാലാണ് മുഖ്യപ്രതിയെങ്കിലും ഇയാള്‍ക്ക് മറ്റു ജില്ലകളില്‍ സഹായം നല്‍കിയിരുന്നവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

മയൂരി, അമൃത എന്ന പേരിലാണ് ഇവര്‍ ചായപ്പൊടി വിപണിയിലെത്തിച്ചിരുന്നതെങ്കിലും മറ്റു പേരുകളില്‍ ഇത്തരം ചായപ്പൊടികള്‍ വില്‍പന നടത്തുന്നുണ്ടെയന്നും പരിശോധിച്ചുവരികയാണ്. സണ്‍സെറ്റ് യെല്ലോ, കാര്‍മോസിന്‍, ടട്രോസീന്‍, ബ്രില്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരാമീന്‍ തുടങ്ങിയ രാസവസ്തുക്കളാണ് നിറം ചേര്‍ക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

DONT MISS
Top