സരബ്ജിത് സിംഗ് ആവാന്‍ രണ്‍ദീപ് ഹൂഡയുടെ ഞെട്ടിക്കുന്ന മെയ്ക്ക് ഓവര്‍

Untitled-1
2008ല്‍ പുറത്തിറങ്ങിയ ഹംഗര്‍ എന്ന ചിത്രത്തില്‍ ജയില്‍ അധികൃതരുടെ ക്രൂരതകള്‍ക്കെതിരെ 66 ദിവസം നിരാഹാരം കിടന്ന് മരണം വരിക്കുന്ന ബോബി സാന്റാസ് എന്ന കഥാപാത്രമായി രൂപാന്തരം പ്രാപിച്ച് ഹോളിവുഡില്‍ നിന്നും മൈക്കിള്‍ ഫാസ്‌ബെന്റര്‍ നമ്മളെ അത്ഭുതപ്പെടുത്തി. മെഷിനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ക്രിസ്റ്റ്യന്‍ ബെയിലും കാസ്റ്റ് എവേ എന്ന ചിത്രത്തിനായി ടോം ഹാങ്ക്‌സും കഥാപാത്രത്തിന് ആവശ്യമായ രീതിയില്‍ ശരീരത്തെ മെരുക്കിയെടുത്ത് വിസ്മയിപ്പിക്കുകയും ചെയ്തു. ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രം നടത്തിയ കഠിനാധ്വാനവും മെയ്ക്ക് ഓവറും പ്രശംസ പിടിച്ച് പറ്റി. ഇന്നിതാ ബോളിവുഡില്‍ നിന്നും ഞെട്ടിക്കുന്ന ലുക്കുമായി രണ്‍ദീപ് ഹൂഡയും മികച്ചൊരു എന്‍ട്രിയ്ക്ക് ഒരുങ്ങുകയാണ്.

തന്റെ പുതിയ ചിത്രമായ സരബ്ജിതിന് വേണ്ടി താരം തന്റെ ശരീരഭാരം 18 കിലോയാണ്് കുറച്ചത്. അതും 28 ദിവസം കൊണ്ട്. പ്രാകൃത രൂപത്തിലുള്ള രണ്‍ദീപ് ഹുഡയുടെ സരബ്ജിത് ലുക്ക് ആരാധകരെ വിസ്മയിപ്പിക്കുമെന്ന് തീര്‍ച്ച. പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്ന സരബ്ജിത് സിംഗിന്റെ ജീവിത കഥയാണ് സരബ്ജിത് എന്ന ചിത്രത്തിലൂടെ പറയുന്നത്. ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് ഇരയായ സരബ്ജിത് സിംഗ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ഒമംഗ് കുമാറാണ് സംവിധായകന്‍.

കഥാപാത്രത്തിന് വേണ്ടി നന്നായി ഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നു. ചിലപ്പോള്‍ എല്ലാ നടന്‍മാരും അത് സമ്മതിക്കണമെന്നില്ല. എന്നാല്‍ കഥ കേട്ട രണ്‍ദീപ് സമ്മതം മൂളുകയും സരബ്ജിത് ആകാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.ഒമംഗ് കുമാര്‍ പറഞ്ഞു. ഐശ്വര്യ റായി ആണ് സരബ്ജിതിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍ ആയി വേഷമിടുന്നത്. ചിത്രം മേയ് 19ന് തിയറ്ററുകളിലെത്തും.

DONT MISS
Top