ഇതുപോലൊരു തമിഴ് ചിത്രം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; ഇത് എന്നെ ഞെട്ടിച്ച സിനിമ: രജനികാന്ത്

visaranai‘ഇതു പോലൊരു തമിഴ് സിനിമ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല, ലോകത്തിലെ തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രം ഇടം പിടിക്കുമെന്ന് തീര്‍ച്ച’ പറയുന്നത് തമിഴകത്തിന്റെ സ്വന്തം സ്‌റ്റൈല്‍ മന്നന്‍ രജനികാന്താണ്. ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘വിസാരണൈ’ എന്ന ചിത്രത്തിനെയാണ് രജനികാന്ത് വാനോളം പുകഴ്ത്തുന്നത്. സിനിമ കണ്ട ശേഷം അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

പോലിസ് ഭീകരതയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എം ചന്ദ്രകുമാര്‍ എന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ എഴുതിയ ലോക്ക് അപ് എന്ന തമിഴ് നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് തിരക്കഥ രൂപപ്പെട്ടത് എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. നടന്‍ ധനുഷും വെട്രിമാരനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തില്‍ ദിനേഷ്, സമുദ്രക്കനി, കിഷോര്‍ സംവിധായകന്‍ മുരുഗദോസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കഴിഞ്ഞ വര്‍ഷം വെനിസ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്താനിരിക്കേ രജനികാന്തിനെ പോലൊരു താരത്തില്‍ നിന്നും ഇത്തരമൊരു പ്രതികരണം ലഭിച്ചത് ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

DONT MISS
Top