ബംഗലൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി നടത്തി; തലകുനിച്ച് ഭാരതം

TANSANIAN

വാഹനമിടിച്ച് 35 കാരിയുടെ മരണം. വാഹനമോടിച്ചിരുന്ന കാഴ്ചയില്‍ ആഫ്രിക്കക്കാരനെന്ന് തോന്നിക്കുന്ന യുവാവ് ആളുകള്‍ ഓടിക്കൂടുമ്പോളേക്കും രക്ഷപ്പെട്ടു. അര മണിക്കൂറിന് ശേഷം ഇവരുമായോ ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ടാന്‍സാനിയന്‍ യുവതി ഇതേ വഴിയില്‍ വാഹനവുമായി എത്തുന്നു. ആള്‍ക്കൂട്ടം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുന്നു. 21കാരിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി അരമണിക്കൂറോളം റോഡിലൂടെ നടത്തിക്കുന്നു. യുവതിയുടെ കാറും ഓടിക്കൂടിയവര്‍ കത്തിച്ചു. മുന്‍പ് വാഹനമിടിച്ചയാളും ഇയാളും ഒരേ രാജ്യക്കാരാണെന്ന് ആരോപിച്ചായിരുന്നുവത്രേ ആക്ഷേപം. ഈ സംഭവങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത യുവതിയെ
നാട്ടുകാര്‍ അപമാനിച്ചു. ഒറ്റ വാക്കില്‍ മനുഷ്യവിരുദ്ധം എന്ന് വിളിക്കാവുന്ന ഈ മൃഗീയത അരങ്ങേറിയത് ഉത്തരേന്ത്യയിലൊന്നുമല്ല, നമ്മുടെ തൊട്ടടുത്ത് ബംഗലൂരുവിനാണ്.

ഇന്ത്യ തലകുനിച്ച് നില്‍ക്കുന്ന ഈ കാട്ടാളത്തത്തിന് വിധേയയായത് ബംഗലൂരു ആചാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയായ 21 കാരിയാണ്.കഴിഞ്ഞ ജനുവരി 31 നാണ് സംഭവം നടന്നത്. കുട്ടിയോടൊപ്പമുണ്ടായിരുന്ന നാല് പേരേയും മര്‍ദനത്തിനിരയാക്കി. നാണം മറയ്ക്കാനായി ടി-ഷര്‍ട്ട് നല്‍കിയ കൂട്ടുകാരനും ഗുരുതര മര്‍ദനമേറ്റു. അതുവഴിയെത്തിയ ബസില്‍ നഗ്നയായ യുവതി കയറിയെങ്കിലും, ബസിലുള്ളവര്‍ കുട്ടിയെ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് തന്നെ തള്ളിയിടുകയായിരുന്നു.

രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസേടുക്കാന്‍ പോലീസും തയ്യാറായില്ല. കാറിടിച്ചയാളെ ഹാജരാക്കിയാല്‍ കേസെടുക്കാമെന്നായിരുന്നത്രേ പോലീസിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ വാഹനമിടിച്ചത് സുഡാനിയാണെന്ന് പിന്നീട് തെളിഞ്ഞതായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ അഭിഭാഷകന്‍ പറഞ്ഞു. വര്‍ണ്ണ വിവേചനമാണ് ബംഗലൂരുവില്‍ നടന്നതെന്ന ആരോപണങ്ങളും സജീവമായി ഉയര്‍ന്നുകഴിഞ്ഞു. സംഭവത്തില്‍ ടാന്‍സാനിയന്‍ എംബസി ഞെട്ടല്‍ രേഖപ്പെടുത്തി.

മനുഷ്യത്വം മരവിച്ച ഈ കുറ്റകൃത്യമറിഞ്ഞ് തരിച്ചിരിക്കുകയാണ് ബംഗലൂരുവിലെ പുറംനാട്ടുകാര്‍. മലയാളികളും വിവിധ ഇന്ത്യന്‍ സംസ്ഥാനത്തില്‍ നിന്നുള്ളവരും, ലോകത്തിന്റെ വിവിധ രാജ്യക്കാരുമായ ലക്ഷക്കണക്കിനാളുകളാണ് ബംഗലൂരുവില്‍ പഠനത്തിനും ജോലിക്കുമായെത്തി ജീവിക്കുന്നത്.

DONT MISS
Top