ഡിങ്കമതത്തെ നവമാധ്യമങ്ങള്‍ക്ക് പുറത്തേക്ക് കൊണ്ടുവരും; മതസംരക്ഷണം ആവശ്യപ്പെട്ട് വേണ്ടിവന്നാല്‍ സമരം ചെയ്യും

dinkan
പരമ്പരാഗത മതങ്ങളുടെ ജഡാചാരങ്ങള്‍ക്കും അസഹിഷ്ണുതകള്‍ക്കും എതിരെ നവമാധ്യമങ്ങളില്‍ ഉയിര്‍കൊണ്ട ഡിങ്കോയിസം എന്ന പുതിയ മതം സ്വീകാര്യതയുടെ വേഗക്കുതിപ്പിലാണ്. പങ്കിലക്കാട്ടില്‍ ജീവിച്ചിരുന്ന ഡിങ്കന്‍ എന്ന അത്ഭുത മൂഷികനെ ദൈവമായി ആരാധിക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകള്‍ പുതു പ്രബോധനത്തിന്റെ വഴി തുറന്നത്.

മറ്റെല്ലാ മതങ്ങളും തങ്ങള്‍ക്ക് പിന്നാലെ വന്നവയാണ് എന്ന് ഡിങ്കോയിസ്റ്റ് സമൂഹം ആണയിടുന്നു. തങ്ങളുടെ ആചാരങ്ങളും ആപ്തവാക്യങ്ങളും അപഹരിക്കപ്പെട്ടു. ശാസ്ത്ര സത്യങ്ങളെ ഉള്‍ക്കൊള്ളുന്ന വേദ ഗ്രന്ഥം ലോകത്ത് വിശുദ്ധ ബാലമംഗളം മാത്രണെന്നും വിവിധ ‘പഠന’ങ്ങളിലൂടെ ഇവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ജാതി വിഭാഗങ്ങളോ പുരോഹിത വര്‍ഗമോ മഹല്ല്, ഇടവക കമ്മിറ്റികളോ ഇല്ലാത്ത ഡിങ്ക മതത്തെ നവമാധ്യമങ്ങള്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മതത്തിന്റെ പ്രചാരകര്‍. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്‍ ദിലീപിന്റെ സ്ഥാപനത്തിന് മുന്നില്‍ നടന്ന സമരം.

ഡിങ്കോയിസത്തിന് എതിരെ മറ്റ് മതവിഭാഗങ്ങള്‍ നടത്തുന്ന അവഹേളന പ്രസ്താവനകളെ തടയാന്‍ നിയമം വേണമെന്നാണ് ഡിങ്കോയിസ്റ്റുകളുടെ ആവശ്യം. വിശുദ്ധ ഡിങ്കനേയും പരിപാവന ഗ്രന്ഥത്തേയും അപമാനിക്കാനുള്ള നീക്കത്തെ ഏത് നിലയ്ക്കും നേരിടാന്‍ സജ്ജമാണെന്നും മതപ്രചാരകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിശ്വാസികളുടെ സംഗമം കൊച്ചിയില്‍ സംഘടിപ്പിച്ച് അസഹിഷ്ണുതക്ക് എതിരെ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രചാരകര്‍ തീരുമാനിച്ചുകഴിഞ്ഞു. ഡിങ്കമതത്തിന്റെ പ്രചാരണത്തിനായി വിവിധ സൂക്തങ്ങളും ഭക്തി ഗാനങ്ങളും ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ഡിങ്കോയിസത്തിന്റെ ആധികാരികതയും യുക്തിഭദ്രതയും ബോധ്യപ്പെട്ടു എന്ന് പ്രഖ്യാപിച്ച് നിരവധി പേരാണ് ഇതിനകം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. കോഴിക്കോട് കളക്ടര്‍ പ്രശാന്ത് ഐഎഎസ് അടക്കമുള്ള ആളുകള്‍ ഇതിനകം ഡിങ്ക സന്നിധിയില്‍ അഭയം തേടിക്കഴിഞ്ഞു.

No worldly cause or a vice has ever caused such death or destruction in this world as has been caused in the name of…

Posted by Prasanth Nair on Sunday, November 15, 2015

ഹോമമോ മാമോദീസയോ തൊപ്പിയിടലോ വേണ്ട എന്നത് മതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ആകര്‍ഷണീയ ഘടകങ്ങളാണ്. പ്രാര്‍ത്ഥിക്കുന്നതിനോ തുണിയുടുക്കുന്നതിനോ പുരോഹിതരുടെ തിട്ടൂരങ്ങളെ ഭയപ്പെടുകയും വേണ്ട ഡിങ്കോയിസത്തില്‍.
https://www.dinkoism.com
പുതുകലാത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇത്രമേല്‍ തിരിച്ചറിഞ്ഞ ഒരു മതഗ്രന്ഥവും ലോകത്ത് ഇല്ലെന്ന് ആവര്‍ത്തിക്കുന്നു ഡിങ്കഭക്തര്‍. വിശുദ്ധ ബാലമംഗളത്തില്‍ (പുതിയ നിയമവും പഴയ നിയമവും) നിന്ന് നിരവധി സൂക്തങ്ങള്‍ ഇതിന് ഉദാഹരണം.

നിങ്ങളില്‍ വലത്തേക്ക് തിരിയുമ്പോള്‍ ഇടത്തേക്ക് ഇന്‍ഡികേറ്റര്‍ ഇടുന്നവര്‍ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ഉണ്ടാകും (വി.ബാ.മ 318:13)
മാളങ്ങളില്‍ ഒളിഞ്ഞുനോക്കുന്നവര്‍ നിശ്ചയമായും എന്നില്‍പെട്ടവരല്ല (വി.ബാ.മ 18:09)
സകല ദിക്കിലും മൊബൈലിന് റേഞ്ച് കുറയുമ്പോള്‍ അന്ത്യഡിങ്കനെ പ്രതീക്ഷിക്കുക, ലോകാവസാനത്തെ കരുതി ഇരിക്കുക (വി.ബാ.മ 34:08)

ഡിങ്കമതം നവതലമുറയുടെ മനസില്‍ പുതിയ ഇടം തീര്‍ക്കുകയാണ്. മതവൈര പോരുകളുടെ ഈ കാലത്ത് ദൈവങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങളുടെ അര്‍ത്ഥശൂന്യതയെ മനോഹരമായി പരിഹസിക്കുന്നു ഈ വിശ്വാസസമൂഹം

DONT MISS
Top