അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം

Untitled-1

വാഷിംഗ്ടണ്: 2008ലെ ഒബാമ തരംഗത്തിനു ശേഷം ലോകം ഉറ്റുനോക്കുന്ന അതിപ്രധാനമായ തെരഞ്ഞെടുപ്പിന് അമേരിക്ക ഒരുങ്ങിത്തുടങ്ങി. ബരാക് ഒബാമ എന്ന കറുത്ത വര്‍ഗക്കാരന്‍ വൈറ്റ് ഹൗസിലെത്തി ചരിത്രം കുറിച്ചതോടെ വിവേചനത്തിന്റെ സ്ഫടികക്കൂട് സാങ്കേതികമായെങ്കിലും പൊളിക്കാന്‍ എട്ടുവര്‍ഷം മുമ്പ് അമേരിക്കയ്ക്ക് കഴിഞ്ഞു. അത്ര തന്നെയോ അതിലേറെയോ കനമുള്ള മറ്റൊരു ഗ്ലാസ് സീലിങ്ങ് അമേരിക്ക പൊളിക്കുമോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ താരമായി തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് മുന്‍ പ്രഥമ വനിതയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റനാണ്. ഒരു വനിത ഇത്രത്തോളം പ്രസിഡന്റ് പദവിക്കടുത്ത് എത്തിയ തെരഞ്ഞെടുപ്പ് ഇതിനു മുമ്പുണ്ടായത് 2008ലാണ്. അന്നു സാധിക്കാത്തത് ഇത്തവണ ഹില്ലരി നേടുമോ..അതു നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ചുവടുവയ്പ്പ് അയോവ എന്ന മധ്യ അമേരിക്കന്‍ സംസ്ഥാനത്തില്‍ തുടങ്ങിക്കഴിഞ്ഞു.

പൂര്‍ണമായും ജനാധിപത്യ പ്രക്രിയയിലൂടെയാണ് അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്, അതായത് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ആരു വേണമെന്നും ആ സ്ഥാനാര്‍ഥികളിലാര് പ്രസിഡന്റാകണമെന്നുമൊക്കെ നേരിട്ട് ജനങ്ങള്‍ തന്നെ തീരുമാനിക്കുന്നു. ഓരോ സംസ്ഥാനത്തിലും ഇതിനായി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വോട്ടെടുപ്പ് നടക്കുന്നു. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥിത്വം തേടുന്നവരിലൊരാളെ ഓരോ സംസ്ഥാനവും തെരഞ്ഞെടുക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചില സംസ്ഥാനങ്ങളില്‍ പ്രൈമറികളും ചിലയിടങ്ങളില്‍ കോക്കസുമാണ് നടക്കുക. കുടുംബയോഗങ്ങളുടെ രീതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ അതതു പ്രദേശങ്ങളിലെ നിശ്ചിത സ്ഥലങ്ങളില്‍ കൂടി ഓരോ സ്ഥാനാര്‍ഥിയുടേയും പ്രതിനിധികളെ പിന്തുണക്കുന്ന രീതിയാണ് കോക്കസ്. ഇത് രഹസ്യ ബാലറ്റോ ഗ്രൂപ്പായി മാറി നിന്നുള്ള കണക്കെടുപ്പോ ആകാം. അതേസമയം സാധാരണ തെരഞ്ഞെടുപ്പ് രീതിയിലുള്ള വോട്ടിങ്ങാണ് പ്രൈമറി.

ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമേ അതത് പാര്‍ട്ടിയുടെ പ്രൈമറിയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ. ചില സംസ്ഥാനങ്ങള്‍ പ്രൈമറി ദിവസം തന്നെ അംഗത്വം നല്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ജനത്തിന് അവസരമൊരുക്കുന്നു. ചിലയിടങ്ങളില്‍ പാര്‍ട്ടി അംഗമാകണമെന്ന നിബന്ധന തന്നെ പ്രൈമറി തെരഞ്ഞെടുപ്പിനില്ല. ഈ പ്രക്രിയ തുടങ്ങുന്നത് ഫെബ്രുവരി ആദ്യ വാരമാണ്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിനും അവസാന ഘട്ടം ജൂണ്‍ 14നുമാണ്. മാര്‍ച്ച് ഒന്നാണ് ഇതിലേറ്റവും പ്രധാനപ്പെട്ട ദിവസം. സൂപ്പര്‍ ട്യൂസ് ഡേ എന്നറിയപ്പെടുന്ന അന്ന് 14 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ആ ദിവസത്തോടെ ഇത്തവണത്തെ പ്രചാരണത്തിന്റെ പരസ്യച്ചെലവു മാത്രം 1,150 കോടി ഡോളറാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഒരു റെക്കോര്‍ഡായിരിക്കും.

JEB BUSH

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ ഒടുക്കം വരെ പ്രവചനാതീതമാണ്. ആര് ഏറ്റവുമധികം പണമിറക്കുന്നോ അവര്‍ ജയിക്കുമെന്ന ഒരു പൊതു ധാരണയുമുണ്ട്. മാത്രമല്ല തുടക്കത്തില്‍ ഏറെ പ്രതീക്ഷ നല്കുന്ന സ്ഥാനാര്‍ഥി പിന്നീട് തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഉണ്ടാകാതെയും വരാം. ഉദാഹരണത്തിന് ജെബ് ബുഷ്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ മകനും ജോര്‍ജ് ഡബ്ലിയൂ ബുഷിന്റെ സഹോദരനുമായ ജെബിന് അവകാശപ്പെട്ടതാണ് വൈറ്റ് ഹൗസെന്ന ധാരണ തുടക്കത്തിലേ പാളി. ബുഷ് ഇപ്പോഴും രംഗത്തുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പോരാട്ടത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ പോലും അദ്ദേഹത്തിന് ഇടം നേടാനായില്ല. എന്നാല്‍ ആരും ഗൌരവമായെടുക്കാത്ത, രാഷ്ടീയ പരിചയമേ ഇല്ലാത്ത, വിടുവായനെന്ന പേരു കേട്ട, വിവാദങ്ങളുടെ കൂട്ടുകാരനായ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ ഡൊനാള്‍ഡ് ട്രംപാണ് ഇത്തവണത്തെ ട്രംപ് കാര്‍ഡുമായി ഇറങ്ങ്ങിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഹില്ലരി ക്ലിന്റനിന്റെ സാധ്യതകളാണെങ്കിലും ഇതിനകം തന്നെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാണ്. തുടക്കം മുതല്‍ തന്നെ വിവാദങ്ങളുണ്ടാക്കിയ ട്രംപ് അസ്വീകാര്യവും വ്യക്തിഹത്യ നടത്തുന്നതുമായ പ്രസ്താവനള്‍ നടത്തി വിവാദനായകനായി തുടരുന്നു. ഭീകരവാദം തുടരുന്നിടത്തോളം, ഇക്കാര്യത്തില്‍ അമേരിക്ക ശരിയായ നിലപാട് എടുക്കുന്നിടത്തോളം മുസ്ലീങ്ങള്‍ അമേരിക്കയിലേക്ക് വരുന്നത് തടയണം എന്നത് ട്രംപിന്റെ വിവാദ പ്രസ്താവനകളില്‍ ഒന്നു മാത്രം. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ഏറ്റവും അവസാനത്തെ സംവാദത്തില്‍ പങ്കെടുക്കാതെയും ട്രംപ് ശ്രദ്ധേയനായി. അതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറ്റ സുഹൃത്തായ ഫോക്‌സ് ന്യൂസിലെ താര ആങ്കര്‍ മെഗാന്‍ കെല്ലി നയിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ശാഠ്യത്തെ തുടര്‍ന്ന്. അയോവ കോക്കസിന് തൊട്ടു മുന്പു പുറത്തുവന്ന കണക്കെടുപ്പിലും തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടെഡ് ക്രൂസിനേക്കാള്‍ അഞ്ചു പോയിന്റ് മുന്നിലാണ് ട്രംപ് . കോക്കസ് ചെയ്യുന്നവരില്‍ ഇരുപത്തിയെട്ടു ശതമാനവും ട്രംപിനെ പിന്തുണക്കുന്‌പോള്‍ 23 ശതമാനം പിന്തുണയുറപ്പിക്കാന്‍ മാത്രമാണ് ടെഡിന് കഴിഞ്ഞിട്ടുള്ളത്.

BERNIE

എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ ഘട്ടത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ഹില്ലരി ക്ലിന്റനും വെര്‍മോണ്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ബേര്‍ണി സാന്റേഴ്‌സും തമ്മില്‍ നടക്കുന്നത്. തുടക്കത്തില്‍ ഹില്ലരിക്ക് എളുപ്പം കടന്നുകൂടാമെന്ന നിലയായിരുന്നുവെങ്കില്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഓടിയെത്തിയ മട്ടിലാണ് ബേണി സാന്റേഴ്‌സ് നില്ക്കുന്നത്. താന്‍ മുന്നിലാണെന്ന് ഹില്ലരി ആണയിടുമ്പോള്‍ ഒപ്പത്തിനൊപ്പമാണ് തങ്ങളിരുവരുമെന്നും അയോവ തന്നോടൊപ്പം നില്ക്കുമെന്നു ഉറപ്പിച്ചു പറയുന്നു സാന്റേഴ്‌സ്. അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ പിന്തുണ അവസാന നിമിഷത്തിലെത്തിയത് ഹില്ലരി ക്യാംപിന് വന്‍ ആത്മവിശ്വാസമാണ് നല്കിയിരിക്കുന്നത്. ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും യോഗ്യയായ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നാണ് ന്യൂയോര്‍ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡ് ഹില്ലരിയെ വിശേഷിപ്പിച്ചത്.
ഏറ്റവും മോശമായ പോരാട്ടമാണ് റിപ്പബ്ലിക്കന്‍ ക്യാംപിന്റേതെന്നു വിമര്‍ശിച്ച പത്രം മുന്നിട്ടു നില്ക്കുന്ന രണ്ടു സ്ഥാനാര്‍ഥികളേയും പിന്തുണക്കുന്നില്ലെന്നു വ്യക്തമാക്കി.
അയോവയിലെ കോക്കസ് സംബന്ധിച്ച രസകരമായ ഒരു വസ്തുതയുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അയോവയില്‍ ജയിച്ച റിപ്പബ്ലിക്കന്‍ നേതാവിന് അവസാന ഘട്ടത്തില്‍ നോമിനേഷന്‍ ലഭിച്ചില്ല. അതേസമയം 2004ല്‍ അയോവ തെരഞ്ഞെടുത്ത ജോണ്‍ കെറിയും 2008ല്‍ അയോവയില്‍ വിജയം നേടിയ ബരാക് ഒബാമയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടിയെന്നത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നു.
ഇരു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ തീരുമാനിച്ച ശേഷം നവംബര്‍ എട്ടിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
2017 ജനുവരിയില്‍ ലോകത്തെ ഏറ്റവും ശക്തയായ വ്യക്തിയായി ഒരു വനിത മാറുമോ..അതറിയാന്‍ ഇനി 10 മാസം കാത്തിരിക്കേണ്ടിവരും.

DONT MISS
Top