100 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദനം; ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വ്യവസായരംഗം കുതിക്കുന്നു

mobile-phone-usage

ദില്ലി: മൊബൈല്‍ഫോണ്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യന്‍ മുന്നേറ്റം. വന്‍കിട മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ രാജ്യത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചതിലൂടെ 100 മില്യണ്‍ യൂണിറ്റ് ഉല്‍പാദനം തികയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ വ്യക്തമാക്കി. ഡിസംബറില്‍ 1.14 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഇലക്ട്രോണിക് നിര്‍മ്മാണ രംഗത്ത് എത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 15 പുതിയ മൊബൈല്‍ പ്ലാന്റുകള്‍ക്ക് ഇന്ത്യ ആകര്‍ഷണ കേന്ദ്രമാണെന്നും 2014- ല്‍ 68 മില്യണായിരുന്ന ഉല്‍പ്പാദന മേഖലയാണ് ഇന്ന് 100 മില്ല്യണ്‍ യൂണിറ്റായി ഉയര്‍ന്നിരിക്കുന്നതെന്നും ഗ്ലോബല്‍ ബിസിനസ് സമ്മിറ്റിനിടെ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

2015 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകളനുസരിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയും 100 മില്ല്യണിലെത്തി. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമെ പാനസോണിക്, മിത്‌സുബിഷി, നിഡക്, സാംസങ്, ജാബില്‍, കോണ്ടിനന്റല്‍, ബോഷ് തുടങ്ങിയ പ്രധാനകമ്പനികളും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ സ്ഥാപകനും പ്രസിഡന്റുമായ പങ്കജ് മോഹിന്ദോയുടെ നിരീക്ഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 95 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പാദനരംഗത്ത് ഉണ്ടായത്.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രംഗത്തെ പുതിയ പരീക്ഷണങ്ങള്‍ക്ക് വലിയ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഈ രംഗത്തിന്റെ വളര്‍ച്ച രാജ്യപുരോഗതിക്ക് ആവശ്യമാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

DONT MISS
Top