സമൂഹ്യമാധ്യമ ഉപയോഗം കൂടുന്നതിനനുസരിച്ച് കൗമാരക്കാര്‍ക്ക് ഉറക്കം കുറയുന്നുവെന്ന് കണ്ടെത്തല്‍

sleep

ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവാക്കുന്ന കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും അസ്വസ്ഥമായ ഉറക്കമായിരിക്കുമെന്ന് പഠനം. സ്മാര്‍ട്ട്‌ഫോണുകള്‍ സൈലന്റ് ചെയ്ത് പുറത്തെ വിനോദങ്ങളിലേര്‍പ്പെടുന്നവരുമായി ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരെ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. ഉറക്കത്തെ വളരെ മോശമായി സ്വാധീനിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയതായി പഠനം നടത്തിയ പിട്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷക ജസീക്ക സി ലെവന്‍സന്‍ പറഞ്ഞു. 19നും 32നും ഇടയില്‍ പ്രായമായ 1788 പേരില്‍ നടത്തിയ സര്‍വെയുടെയും, ഇവരുടെ ഉറക്കത്തിന്റെ തോത് അളക്കാന്‍ സ്ഥാപിച്ച സംവിധാനത്തിന്റെയും സഹായത്തോടെയാണ് പഠനം കണ്ടെത്തലുകളിലെത്തിയത്.

ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ്, റെഡിറ്റ്, ടംബ്ലര്‍, പിന്ററസ്റ്റ്, വെയിന്‍, ലിങ്ക്ഡിന്‍ എന്നവയാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന സാമൂഹ്യമാധ്യമ സങ്കേതങ്ങളെന്നും പഠനം വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ ചെറുപ്പക്കാര്‍ ശരാശരി 61 മിനുട്ട് പ്രതിദിനം സാമൂഹ്യമാധ്യമങ്ങളില്‍ ചിലവഴിക്കുന്നവരാണ്. ആഴ്ചയില്‍ ശരാശരി 30 തവണയാണ് ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ 30%പേരും ഉറക്കത്തില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. സ്ഥിരമായി സാമൂഹ്യമാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വല്ലപ്പോഴും കയറുന്നവരേക്കാള്‍ ഇരട്ടിയിലധികം അസ്വസ്ഥത അനുഭവിക്കേണ്ടിവരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ ചിലവഴിക്കുന്ന സമയത്തെ അളന്നാല്‍ ഉറക്കത്തിലനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അളക്കാന്‍ കഴിയുമെന്നും ലെവന്‍സന്‍ പറഞ്ഞു. ഉറക്കത്തില്‍ തടസമുണ്ടായാല്‍ സമയം പോകാനായി വീണ്ടും സാമൂഹ്യമാധ്യമങ്ങള്‍ തുറക്കുമെന്നും, ഇത് പിന്നീട് ഉറക്കത്തിന് തടസമാകുന്നുവെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഉറക്കവും സാമൂഹ്യമാധ്യമ ഉപയോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തിന്റെ കുറവ് സാമൂഹ്യമാധ്യമങ്ങളുടെ വര്‍ധിച്ച ഉപയോഗത്തിലേക്കും, വര്‍ധിച്ച ഉപയോഗം വീണ്ടും ഉറക്കം കുറയാനും കാരണമാകും. ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി വരുന്നവരുടെ സാമൂഹ്യമാധ്യമ ഉപയോഗം ചോദിച്ചറിയാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും പഠനം നിര്‍ദേശിക്കുന്നു.

DONT MISS
Top