സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുള്ള സമരം: പിന്തുണയുമായി ബിജെപി മുഖ്യമന്ത്രി

temple

വിവാദമായ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രപ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക്. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്ത നൂറ്റാണ്ടുകളായുള്ള ആചാരത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയതോടെയാണ് വിവാദത്തിന് പുതിയ മാനങ്ങള്‍ കൈവന്നത്.

ഇന്ത്യന്‍ സംസ്‌കാരവും ഹിന്ദുമതവും സ്ത്രീകള്‍ക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നുണ്ടെന്നാണ് ഫട്‌നാവിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെവരെ പിന്തുടര്‍ന്നുവന്നിരുന്ന അനുഷ്ഠാനങ്ങളില്‍ നിന്നുള്ള മാറ്റവും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാധനയിലെ വിവേചനം നമ്മുടെ സംസ്‌കാരത്തിലില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ക്ഷേത്ര അധികാരികള്‍ തയ്യാറാകണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെക്കുറിച്ച് ഇതുവരെ ക്ഷേത്രാധികാരികള്‍ പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്ചയാണ് സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ഭൂമാത എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 500 ഓളം വരുന്ന പ്രവര്‍ത്തകരെ 1000 ഓളം വരുന്ന നാട്ടുകാരും പോലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് എന്തുകൊണ്ട് പ്രവേശനം നല്‍കുന്നില്ലെന്ന് സംഘടന വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു. വനിതകളുടെ കറുത്തദിനമാണ് ചൊവ്വാഴ്ചയെന്നും സംഘടന പറഞ്ഞു. ദൈവത്തിന്റെ ശക്തി നഷ്ടമാകുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ത്രീകളെ തടഞ്ഞത്.

സ്ത്രീകള്‍ക്കുള്ള നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തില്‍ കയറിയപ്പോള്‍ ശുദ്ധീകരണപൂജകളും നടന്നിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായപ്പോളാണ് മഹാരാഷ്ട്രയിലും സമാനമായ സംഭവങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സ്ത്രീപ്രവേശനത്തിന് അനുകൂലമായി ബിജെപി മുഖ്യമന്ത്രി തന്നെ മുന്നോട്ടുവന്ന സാഹചര്യത്തില്‍ ക്ഷേത്ര അധികാരികള്‍ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന സ്ത്രീകള്‍.

DONT MISS
Top