നടനകല്‍പനക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി

kalpana

കൊച്ചി: ഇന്നലെ അന്തരിച്ച നടി കല്‍പനക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്. സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ഇന്ന് ഉച്ചയോടെ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച മൃതദേഹം തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.

ഇന്നലെ പുലര്‍ച്ചയോടെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് കല്‍പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു കല്‍പനയുടെ അന്ത്യം. ഐഫ അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കല്‍പന എത്തിയിരുന്നത്. കല്‍പനയുടെ അപ്രതീക്ഷിത മരണം കലാകേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു. മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

1965 ഒക്ടോബര്‍ അഞ്ചിനാണ് കല്‍പന ജനിച്ചത്. ബാലതാരമായാണ് കല്‍പന സിനിമയില്‍ എത്തിയത്. നാടകപ്രവര്‍ത്തകരായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കല്‍പന. 300-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. ശ്രീമയിയാണ് മകള്‍. ഞാന്‍ കല്‍പന എന്നൊരു മലയാള പുസ്തകം കല്‍പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

DONT MISS
Top