കാമാത്തിപുരത്ത് ലൈംഗിക തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ബാങ്ക്; ദിവസവും നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ

മുംബൈ:ജീവിത പ്രാരാബ്ദവും നിസഹായതയുമാണ് ഒരോ സ്ത്രീ ശരീരത്തേയും കാമാത്തിപുരത്തെത്തിക്കുന്നത്. പണ്ടെപ്പോഴോ ചതിക്കപ്പെട്ടും ലഹരിക്കടിമപ്പെട്ടും എത്തിച്ചേര്‍ന്നതാണ് പലരും ഇവിടെ. മാതാപിതാക്കളുടെ ചികിത്സ,കുട്ടികളുടെ പഠനം,ഹോം ലോണ്‍….ഇങ്ങനെ നീണ്ടു പോകുന്നു പലരേയും ഇവിടെ പിടിച്ചുനിര്‍ത്താനുളള കാരണങ്ങള്‍.

kamathi 2

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നാണ് കാമാത്തിപുരം. 20000-ത്തോളം ലൈംഗികതൊഴിലാളികള്‍ ജീവിക്കുന്നുണ്ട് ഇവിടെ. ഇവര്‍ സമ്പാദിക്കുന്ന തുക കൃത്യമായി സൂക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവരുടെ തന്നെ നേതൃത്വത്തില്‍ 2007-ല്‍ സംഗിണി മഹിള സേവ എന്ന പേരില്‍ ബാങ്ക് ആരംഭിച്ചത്. 5000-ത്തോളം ലൈംഗികതൊഴിലാളികള്‍ ഇന്ന് ഈ ബാങ്കിന്റെ ഭാഗമാണ്. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ദിവസവും ഇവിടെ നിക്ഷേപ തുകയായി എത്തുന്നുണ്ട്. പപ്പിയ,റൈയ്മ എന്നിവരാണ് ഇപ്പോള്‍ ബാങ്കിന്റെ ചുമതലക്കാര്‍. വീട്ടില്‍ ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് പപ്പിയയുടെ മറുപടി ഇങ്ങനെ, സ്വന്തമായൊരു വീടും അച്ഛ്‌നും ഭര്‍ത്താവുമൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളാരും ഇവിടെ എത്തില്ലായിരുന്നു. അഞ്ചും,മൂന്നും വയസുളള 2 മക്കളുണ്ട് പപ്പിയക്ക്. മക്കളെ നന്നായി പഠിപ്പിക്കണം, അതിനായി അല്പകാലം കൂടി പപ്പിയ കാമാത്തിപുരത്തുണ്ടാകും. ഇവര്‍ ഉളളിടത്തോളം കാമാത്തിപുരത്തത്തെ ഓരോരുത്തരുടെയും സമ്പാദ്യം സുരക്ഷിതമായിരിക്കും ഈ കൈകളില്‍.

ബാങ്കിലേക്ക് നേരിട്ടെത്താന്‍ കഴിയാത്തവരുടെ വീടുകളിലെക്കും ഈ ജനകീയ ബാങ്ക് എത്തും. തങ്ങളുടെ ഉപഭോക്താക്കളെ ആരെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്താല്‍ അവിടെയും ജനകീയ ബാങ്ക് സഹായവുമായി എത്തും. വലിയ തുകകള്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തുമ്പോള്‍ അത്യാവശ്യമെങ്കില്‍ മാത്രം പോരേ വലിയ തുകയെന്ന് ചോദിച്ച് അവരെ ബോധവല്‍ക്കരിക്കാനും ഇവര്‍ മറക്കാറില്ല.

kamathi 1

എച്ച് ഐ വി ബാധിച്ച നിരവധിപേരുളള ഇവിടെ ഇവര്‍ക്കായുളള പുനരധിവാസത്തിനും ഈ ജനകീയ ബാങ്ക് മാത്രമേ ഉളളു ഇവര്‍ക്ക്. വിശ്വാസമാണ് ഈ ബാങ്കിന്റെ അടിത്തറ.സ്‌നേഹവും സഹവര്‍ത്തിത്വവുമാണ് സ്‌ട്രോങ്ങ് റൂം. നല്‍കുന്ന സ്‌നേഹത്തിന് ആരും പലിശ ചോദിക്കാത്തതുപോലെ ഈ ജനകീയ ബാങ്കിലും വായ്പ നല്‍കുന്നവരോട് പലിശ ആവശ്യപ്പെടാറില്ല.

ജീവിതം നല്‍കിയ കയ്‌പ്പേറിയ അനുഭവങ്ങളും സമൂഹം നല്‍കുന്ന അവഗണനയും, തീരാ വേദനയായി നിലനില്‍ക്കുമ്പോഴും എത്രവലിയ ദുരിതക്കയത്തില്‍ അകപ്പെട്ടാലും തങ്ങളെ പിടിച്ചുകയറ്റാന്‍ ഒരു കൈകളുണ്ടെന്ന പ്രതീക്ഷയാണ് ഈ ജനകീയ ബാങ്ക് കാമാത്തിപുരത്തെ അന്തേവാസികള്‍ക്ക് നല്‍കുന്നത്.

DONT MISS
Top