മലയാളത്തിന്റെ ചിരി മാഞ്ഞു

Untitled-1

മലയാളസിനിമയുടെ പെണ്‍ഹാസ്യത്തിന്റെ ഒറ്റനാമം, കല്‍പ്പന. മലയാളസിനിമയിലെ പകരം വെക്കാനാകാത്ത കല്‍പ്പന മലയാളം-തമിഴ്-തെലുങ്ക് ഭാഷകളിലായി 300-ഓളം സിനിമള്‍ സമ്മാനിച്ചാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കല്‍പ്പന കാലയവനികയ്ക്ക് പിന്നിലേക്ക് മറയുന്നത്. പ്രമുഖനടന്‍ വിപി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി തിരുവനന്തപുരത്ത് ജനനം. സഹോദരിമാര്‍ കലാരഞ്ജിനിയും ഉര്‍വശിയും സിനിമാതാരങ്ങള്‍. സഹോദരന്മാരായ കമല്‍റോയിയും പ്രിന്‍സും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ആ സിനിമാകുടുംബത്തില്‍ നിന്ന് വന്നതുകൊണ്ട് തന്നെ സിനിമ തന്നെയായിരുന്നു കല്‍പ്പനയുടെ ലോകം.

kalpana

1977 ല്‍ സഹോദരി ഉര്‍വശിക്കൊപ്പം പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം. 1983ല്‍ എംടിയുടെ ‘മഞ്ഞി’ലെ ഗ്രേസിയിലൂടെ സിനിമയില്‍ സജീവമായി. ആദ്യകാലത്ത് തന്നെ മലയാളത്തിന്റെ വിഖ്യാത സംവിധായകരായ എംടി, അരവിന്ദന്‍ തുടങ്ങിയവര്‍ കല്‍പ്പനയിലെ മഹാനടിയെ തിരിച്ചറിഞ്ഞു. 1982ലെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ജി അരവിന്ദന് നേടിക്കൊടുത്ത പോക്കുവെയിലില്‍ നായികയായി അഭിനയിച്ചത് കല്‍പ്പനയായിരുന്നു. പിന്നീട് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ 300 ഓളം ചിത്രങ്ങള്‍. 2012ല്‍ മികച്ച സഹനടിയ്ക്കുള്ള ദേശീയപുരസ്‌കാരം നല്‍കി രാജ്യം കല്‍പ്പനയെ ആദരിച്ചു.

kalpana2

പ്രമുഖ സംവിധായകനായ അനില്‍കുമാറുമായുള്ള വിവാഹബന്ധം 2012ല്‍ ഇരുവരും ഒഴിഞ്ഞിരുന്നു. 1985ലെ ഭാഗ്യരാജിന്റെ നായികയായി ‘ചിന്നവീട്’ എന്ന സിനിമയില്‍ തുടങ്ങി 2015ലെ ടോളിവുഡ് ഹിറ്റായ ‘കാക്കി സട്ടെ’ വരെ ആറോളം തമിഴ് സിനിമകളിലും, പ്രേമ എന്ന തെലുങ്ക് സിനിമയിലും കല്‍പ്പന വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി വിവിധ സീരിയലുകളിലും അഭിനയിക്കുകയും റിയാലിറ്റിഷോകളിലെ ജഡ്ജായും ടിവിയിലും കല്‍പ്പന നിറഞ്ഞുനിന്നു.

അനുഭവക്കുറിപ്പുകള്‍ ഞാന്‍ കല്‍പ്പന എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഉഷാ ഉതുപ്പിനൊപ്പം ഒരു സംഗീത ആല്‍ബത്തിലും കല്‍പ്പന അഭിനയിച്ചിരുന്നു. സാമൂഹ്യവിഷയങ്ങളിലെ ശക്തമായ നിലപാടുമായി മലയാള സാംസ്‌കാരിക മണ്ഡലത്തിലെ സുപ്രധാനവ്യക്തിത്വമായി മാറാനും കല്‍പ്പനയ്ക്ക് കഴിഞ്ഞു.

Untitled-1

90കളില്‍ ജഗതി ശ്രീകുമാറുമായും ജഗദീഷുമായും കല്‍പ്പന ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് നിറഞ്ഞ തീയറ്ററുകളിലെ ചിരിനാളുകളായിരുന്നു. സ്വന്തം വീട്ടിലെ ഒരംഗമായി മലയാളി കല്‍പ്പനയോളം പരിഗണിച്ച മറ്റൊരാളുണ്ടാകില്ല. ത്രീ മെന്‍ ആര്‍മ്മിയിലെ കാഥിക ഇന്ദിര, ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, പാര്‍വതീപരിണയത്തിലെ രാധ,  ജൂനിയര്‍ മാന്‍ഡ്രേക്കിലെ വന്ദന.. നിറചിരിയോടല്ലാതെ മലയാളിക്ക് ഓര്‍ക്കാനാകാത്ത ഒരുനൂറ് കഥാപാത്രങ്ങള്‍ ഓരോ മലയാളിയുടെ മനസിലും എന്നുമുണ്ടാകും. സ്പിരിറ്റിലെ പങ്കജവും, തനിച്ചല്ല ഞാനിലെ റസിയ ബീവിയും, സതി ലീലാവതിയിലെ ലീലാവതിയും തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഹാസ്യതാരമായി മാത്രം ഒതുങ്ങേണ്ടയാളല്ല താനെന്ന ശക്തമായ പ്രഖ്യാപനവും കല്‍പ്പന നടത്തി.

ഒടുവില്‍ തീയറ്ററുകളിലെത്തിയ ചാര്‍ലിയിലെ ക്വീന്‍മേരിയെന്ന കഥാപാത്രം നിറകണ്ണുകളോടെ കണ്ട ഓരോ മലയാളിയും ചിന്തിച്ചതും കല്‍പ്പനയ്ക്ക് ലഭിക്കാതെപോയ ശക്തമായ കഥാപാത്രങ്ങളെക്കുറിച്ച് തന്നെയാകും. കാറ്റുപോലെവന്ന് ചിരിയും ചിന്തയും സമ്മാനിച്ച് മനസില്‍ കൂടുവെച്ചാണ് കല്‍പ്പന മടങ്ങുന്നത്. പ്രിയ കല്‍പ്പനയ്ക്ക് വിട

DONT MISS
Top