തീവ്രവാദത്തിനെതിരെ പാകിസ്താന്‍ ഫലപ്രദമായ നടപടിയെടുക്കണമെന്ന് ഒബാമ

obamaവാഷിംഗ്ടണ്‍: സ്വന്തം മണ്ണിലെ തീവ്രവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ പാകിസ്താന് കഴിയുമെന്നും,  അതിന് രാജ്യം ഉടന്‍ തയ്യാറാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. രാജ്യത്തെ തീവ്രവാദശൃംഖലയെ അമര്‍ച്ചചെയ്യാനും തടയാനും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും പാകിസ്താന്‍ തയ്യാറാകണമെന്നും ഒബാമ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ പാക്കിസ്താനെതിരെ ആഞ്ഞടിച്ചത്.

കുറേക്കാലമായി ഇന്ത്യ സഹിക്കുന്ന ഭീകരതയുടെ ഒടുവിലെ ഉദാഹരണമാണ് പത്താന്‍കോട്ടും കണ്ടതെന്നും ഒബാമ പറഞ്ഞു. ആക്രമണത്തിന് ശേഷവും നവാസ് ഷെരീഫുമായി ബന്ധപ്പെട്ട മോദിയുടെ നടപടി അഭിനന്ദനാര്‍ഹമാണ്. ഇരുനേതാക്കളും മേഖലയില്‍ എങ്ങനെ ഭീകരവാദത്തേയും തീവ്രവാദത്തേയും നേരിടാമെന്ന ചര്‍ച്ചയില്‍ മുന്നോട്ട് കുതിക്കുകയാണെന്നും ഒബാമ പറഞ്ഞു.

2014 ഡിസംബറില്‍ പെഷവാര്‍ സ്‌കൂളിലുണ്ടായ  തീവ്രവാദി അക്രമത്തിനുശേഷം തീവ്രവാദസംഘടനകള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് നവാസ് ഷെരീഫിന്റെ നേതൃത്വത്തിന്‍ നടക്കുന്നത്. നിരവധി സംഘടനകള്‍ക്കെതിരെ അതിനകം തന്നെ കര്‍ശന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇനിയും ഭീകരത പാക്കിസ്താനില്‍ ബാക്കിയുണ്ട് . ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പങ്കാളികളായി മാറാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കഴിയും. അടുത്ത ചങ്ങാത്തത്തിനായുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രവര്‍ത്തനത്തിലെ സഹകരണവും ചങ്ങാത്തവും വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഒബാമ അറിയിച്ചു.

പത്താന്‍കോട്ട് ആക്രമത്തെപ്പോലുള്ള സംഭവങ്ങള്‍ ഭീകരതയ്‌ക്കെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന അധ്യായമായിരുന്നു കഴിഞ്ഞ വര്‍ഷം താന്‍ ഇന്ത്യയിലേക്ക് നടത്തിയ യാത്രയെന്നും ഒബാമ അവകാശപ്പെട്ടു. ആഗോളപങ്കാളികളെന്ന നിലയില്‍ കാലാവസ്ഥാവ്യതിയാനം യോജിച്ച് നേരിടുന്നതിനും,എഷ്യാ-പസഫിക് ഇന്ത്യന്‍മഹാസമുദ്രമേഖലയിലും വര്‍ധിച്ച സഹകരണം ഉറപ്പുവരുത്തുന്നതിനും, സംയുക്തസൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനും ഇരുരാജ്യങ്ങള്‍ക്കും കഴിയണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തികള്‍ തമ്മിലുള്ള സുദൃഢ ബന്ധം നിലവില്‍ വന്ന കാലം എന്ന നിലയിലാകും വരും തലമുറ ഇക്കാലത്തെ വിലയിരുത്തുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റെന്ന നിലയില്‍ ബാക്കിയുള്ള അവസാന വര്‍ഷത്തില്‍ വിദേശനയത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുകയെന്നതാകുമെന്നും ബരാക്ക് ഒബാമ പറഞ്ഞു

DONT MISS
Top