അധിക സര്‍വീസുകള്‍ അപ്രായോഗികമെന്ന് ഡല്‍ഹി മെട്രോ സുപ്രീംകോടതിയില്‍: പകരം കൂടുതല്‍ കോച്ചുകള്‍ അനുവദിക്കും

metro

ദില്ലി: ഒന്നര മിനുട്ടിലൊന്ന് എന്ന  നിരക്കില്‍ മെട്രോ ഓടിക്കുന്നത് അപ്രായോഗികമാണെന്ന് സുപ്രീംകോടതിയില്‍ ദില്ലി മെട്രോ അധികൃതര്‍ .  ഇങ്ങനെ ചെയ്താലുണ്ടാകുന്ന അധിക ചെലവ് പരിഗണിച്ചാണ് നിലപാട് സ്വീകരിച്ചതെന്നും മെട്രോ വ്യക്തമാക്കി.

രാജ്യ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കണമെന്നും, പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ്  ഡല്‍ഹി മെട്രോ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ രണ്ടേകാല്‍ മിനുട്ടിലൊന്ന് എന്ന നിലയിലാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ആറിൽ നിന്നും എട്ടായി കോച്ചുകൾ വര്‍ധിപ്പിക്കുമെന്നും മെട്രോയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള 1300 കോച്ചുകള്‍ക്കു പുറമെ 429 കോച്ചുകള്‍ക്കുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ്  ടിഎസ്  ഠാക്കൂര്‍,  ജസ്റ്റിസ്  ആര്‍ ബാനുമതി എന്നിവര്‍ക്ക് മുന്‍പാകെ സാളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു. 2016 ഡിസംബര്‍ മുതല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി പുതിയ 486 കോച്ചുകള്‍ കൂടി വാങ്ങുമെന്നും കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ദില്ലിയില്‍ നടപ്പിലാക്കുന്ന ഒറ്റ- ഇരട്ടയക്ക വാഹന നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതൽ കോച്ചുകളും സര്‍വീസുകളും നടത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ മെട്രോയോട് കോടതി നിര്‍ദേശിച്ചിരുന്നു. നഗരം ഒരു ഗ്യാസ് ചേമ്പറായി മാറുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തെത്തുടര്‍ന്നാണ് വാഹന നിയന്ത്രണം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകാരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ദില്ലി. പരീക്ഷണാടിസ്ഥാനത്തില്‍ വാഹനനിയന്ത്രണം ദില്ലിയില്‍ നടപ്പാക്കിയ ദിവസങ്ങളില്‍ അധികമായി 70 മെട്രോ സര്‍വീസുകള്‍ കൂടി നടത്തിയിരുന്നു. 3200 ട്രിപ്പുകളിലായി 24 ലക്ഷത്തോളം പേരാണ് ഡല്‍ഹി മെട്രോയില്‍ പ്രതിദിനം യാത്ര നടത്തുന്നത്.

DONT MISS
Top