ടാക്‌സിയോടിക്കാന്‍ ഇനി സ്വവര്‍ഗാനുരാഗികളും മുന്നാംലിംഗക്കാരും

lgbt

മുംബൈ: മഴവില്ലിന്റെ ചിറകുകള്‍ എന്ന പേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ ആദ്യ എല്‍ജിബിടി റേഡിയോ ടാക്‌സി സേവനമൊരുക്കാനുള്ള പദ്ധതിക്ക് മുംബൈയില്‍ തുടക്കമായി.  ഇനി അവഗണനയ്ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായാണ് മുംബൈയിലെ ഒരു കൂട്ടം സ്വവര്‍ഗാനുരാഗികളും മൂന്നാംലിംഗക്കാരും പുതിയൊരു കൂട്ടായ്മയ്ക്ക് തയ്യാറെടുക്കുന്നത്.

വിംഗ്സ് ട്രാവല്‍സും ഹംസഫര്‍ട്രസ്റ്റും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. 2017 ഓടെ പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിലവില്‍ തയ്യാറായി വന്നിരിക്കുന്ന അഞ്ചോളം ഭിന്നശേഷിക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലനത്തിലൂടെ ഓള്‍ ഇന്ത്യ ലൈസന്‍സ് നേടിക്കൊടുക്കും. ഇവരാകും ഇന്ത്യയിലെ ആദ്യ എല്‍ജിബിടി റേഡിയോ ടാക്‌സി ഡ്രൈവര്‍മാരാകുന്നത്.

മുംബൈക്കൊപ്പം പൂനെ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂര്‍, ചണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് വിംഗ്സ് ട്രാവല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. 1500 ഓളം ഭിന്നശേഷിക്കാരെ പദ്ധതിയിലൂടെ പുനരധിവസിപ്പിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 4000 രൂപയോളമാണ് ഓരോരുത്തരുടെയും പരിശീലനത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15000 രൂപയോളം പ്രതിമാസം സമ്പാദിക്കാനാകുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലേയും തൊഴിലിടങ്ങളില്‍ വരുംനാളുകളില്‍ തുല്യത കൈവരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് പദ്ധതിയുടെ ഭാഗമായവരുടെ പ്രതീക്ഷ.

DONT MISS
Top