വാള്‍പ്പയറ്റും മല്‍പ്പിടുത്തവുമറിയുന്ന പെണ്‍കുട്ടിയെ ആവശ്യമുണ്ട്: ബാഹുബലി നായകന്‍ വധുവിനെ തേടുന്നു

bahubali36കാരനും രാജകുടുംബാംഗവുമായ യോദ്ധാവിന് അനുയോജ്യവധുവിനെ തേടുന്നു. ആരെങ്കിലും പോര വധുവായി, അതിനും കുറച്ച് കണ്ടീഷനുണ്ട്. വാള്‍പ്പയറ്റും അസ്ത്രവിദ്യയും മല്‍പ്പിടുത്തവും അറിയുന്ന സുന്ദരിയായിരിക്കണമെന്നതാണ് ആദ്യത്തെ നിബന്ധന. കാടും മലയും മഞ്ഞുഭൂമിയുമെല്ലാം താണ്ടാനും യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും കഴിയണമെന്ന് തുടങ്ങി ഓരോ നിബന്ധനയും കേട്ട് ഞെട്ടുന്ന പെണ്‍വീട്ടുകാര്‍, ശരിക്കും ഞെട്ടുക വരന്റെ പേര് കേട്ട് തന്നെയാകും. വരന്റെ പേര് ബാഹുബലിയെന്ന്. പരസ്യം നല്‍കിയതോ, മഹിഷ്മതിയുടെ രാജാവായ സാക്ഷാല്‍ ബല്ലാദേവനും.

ബാഹുബലിയില്‍ ബല്ലാദേവനായി വേഷമിട്ട റാണാ ദഗ്ഗുബതിയാണ് നവമാധ്യമങ്ങളില്‍ സജീവചര്‍ച്ചയായ പോസ്റ്റ് ട്വിറ്ററിലിട്ടത്. പക്ഷെ കല്യാണാലോചന വെറും തമാശയല്ല. ബാഹുബലിയിലെ നായകനായ തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിലേക്ക് ഒരു നായികയെ തപ്പുകയാണ്. ഈ വര്‍ഷംതന്നെ വിവാഹം കഴിക്കാമെന്ന് പ്രഭാസ് അമ്മാവനും തെലുങ്ക് മുന്‍ താരവുമായ കൃഷ്ണം രാജുവിന് വാക്ക് കൊടുത്തുകഴിഞ്ഞു.ബാഹുബലി 2ന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ പ്രഭാസിന്റെ വിവാഹം നടക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബാഹുബലിയിലെ പ്രതിനായകനായ റാണയുടെ ട്വീറ്റ്.

6 അടി 2 ഇഞ്ച് ഉയരം, മികച്ച ആകാരം, വീട്ടുജോലികളില്‍ സഹായിക്കും, നന്നായി മേക്കപ്പ് ചെയ്യും, വേണമെങ്കില്‍ വധുവിനും മേക്കപ്പ് സേവനം ലഭ്യമാണ് എന്നു തുടങ്ങി വരന്റെ വിപുലമായ സ്വഭാവസവിശേങ്ങളും ബല്ലാദേവന്‍ വിശദീകരിച്ചിട്ടുണ്ട്. പ്രഭാസിന് മലകയറി വന്ന് കാണാന്‍ പ്രേരണ നല്‍കും വിധം വധു സുന്ദരിയായിരിക്കണമെന്ന നിബന്ധനയും റാണ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒപ്പം കാരാഗ്രഹത്തില്‍ കഴിയുന്ന ഭര്‍തൃമാതാവിനെ ബഹുമാനിക്കണമെന്നും നിബന്ധനയുണ്ട്. യോഗ്യതകളുള്ള യുവതികള്‍ Bride@Baahubali.com,  shivagami@mahishmathi.com,  AdminKatappa@mashmathi.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാനും ട്വീറ്റ് നിര്‍ദേശിക്കുന്നു.

റാണയുടെ ട്വീറ്റിന് മികച്ച പ്രതികരണമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലിയ്ക്ക് ഏറ്റവും യോജിച്ചത് ബാഹുബലിയിലെ നായിക അവന്തികയാണെന്ന് അഭിപ്രായപ്പെട്ട് പലരും തമന്നയെ മെന്‍ഷന്‍ ചെയ്ത് വിളിച്ചും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലെ പെണ്‍കുട്ടികളില്‍ കൂടുതലാളുകള്‍ക്കും കല്യാണാലോചനയുമായി പ്രഭാസിനെ നേരിട്ട് സമീപിക്കാനുള്ള വിലാസമായിരുന്നു അറിയേണ്ടിയിരുന്നത്. ബാഹുബലിയെ കിട്ടിയില്ലെങ്കില്‍ ബല്ലാദേവനെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരും കുറവല്ല. റാണയുടെ ട്വീറ്റോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.

DONT MISS
Top