ദലിതര്‍ മനുഷ്യരായി ജീവിക്കേണ്ടെന്ന ഹൈന്ദവ ഫാസിസത്തിന്റെ തിട്ടൂരം

Untitled-1

‘എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ, മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.’ പ്രൊഫ. ഈച്ചരവാര്യര്‍

‘Dying is an art like everything else, I do it exceptionally well.’

മാനവികമായ എല്ലാ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങളെയും പോലെ മരണവും ഒരു കലയാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചത് സില്‍വിയ പ്ലാത്ത് എന്ന മഹതിയാണ്. ആ നിലക്ക് ചില ആത്മഹത്യകള്‍ പോലും നൈതികമായി പരിശോധിച്ചാല്‍ കൊലപാതകങ്ങളാണ്. അങ്ങിനെ നോക്കുമ്പോള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് വെമുലയുടെ മരണം തീര്‍ച്ചയായും ഒരു കൊലപാതകം തന്നെയാണ്. രോഹിത് ക്യാമ്പസില്‍ എബിവിപിക്കാരുടെ ആക്രമണത്തിന് ഇരയായിരുന്നു. ക്യാമ്പസിലെ എബിവിപി നേതാക്കളായ സുശീല്‍ കുമാര്‍, വിഷ്ണു എന്നിവര്‍ രോഹിതിനും മറ്റുമെതിരെ വ്യാജപരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നായിരുന്നു കേന്ദ്രമന്ത്രി ദത്താത്രേയയുടെ ആവശ്യം.

പരാതി സര്‍വകലാശാലാ അധികൃതര്‍ പരിശോധിച്ച് കഴമ്പില്ലെന്നു കണ്ട് തള്ളിയതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടായതോടെ രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ക്യാമ്പസിലെ മെസ് ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് എബിവിപി സമ്മര്‍ദപ്രകാരം ദലിത് വിദ്യാര്‍ഥികളെ അധികൃതര്‍ വിലക്കി. പുറത്ത് ടെന്റ് കെട്ടിയാണ് രോഹിതും കൂട്ടുകാരും കഴിഞ്ഞിരുന്നത്. ‘മുസഫര്‍നഗര്‍ ബാക്കി ഹെ’ എന്ന വിവാദ ഡോക്യുമെന്ററി ക്യാമ്പസിലെ പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ പ്രദര്‍ശിപ്പിച്ചത് എബിവിപിയെ പ്രകോപിപ്പിച്ചിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സഖ്യത്തോട് തോറ്റതും പ്രതികാരമായി.

രോഹിത് വെമുല ഏറ്റവും മിടുക്കനായ ശാസ്ത്രഗവേഷക വിദ്യാര്‍ഥിയായിരുന്നു. നക്ഷത്രങ്ങളെ അറിയാനും പ്രപഞ്ചത്തെ പഠിക്കാനും ആഗ്രഹിച്ച, മാനവികതയുടെ ശക്തനായ വക്താവ് കൂടിയായ രോഹിത് ദളിത് ജനതയ്ക്ക് വേണ്ടിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിന് വേണ്ടിയും കരുത്തോടെ വാദിക്കുമായിരുന്നു. ഈ നിലപാടുകള്‍ ഹിന്ദു വര്‍ഗീയവാദികളായ ആര്‍എസ്എസിനെയും എബിവിപിയേയും രോഹിതിനും കൂട്ടുകാര്‍ക്കുമെതിരെ സസ്‌പെന്‍ഷന്‍ പോലുളള കര്‍ക്കശമായ നടപടികള്‍ സര്‍വകലാശാല അധികാരികളെക്കൊണ്ട് എടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്.

സവര്‍ണ ഫാസിസ്റ്റ് ഹൈന്ദവതയുടെ ക്യാമ്പസ് ഇര കൂടിയാണ് രോഹിത്. പ്രേരണാക്കുറ്റം ചുമത്തി കേന്ദ്രമന്ത്രി അടക്കമുളളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുന്നതായി കാണാം. രോഹിത്തിനെ സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍പ്പെടുത്തി കൊന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ന്യായമായ ഒന്നാണ്. ദളിതനായതുകൊണ്ടുമാത്രം മനുഷ്യനായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഹിന്ദു വര്‍ഗീയവാദികളുടെ ശാഠ്യത്തിന് ബിജെപി ഒത്താശ ചെയ്തതോടെ ഒരു സാധു വിദ്യാര്‍ഥി സ്വന്തം ജീവന് പൂര്‍ണവിരാമമിട്ടിരിക്കുന്നത് ‘ആധുനിക ഇന്ത്യ’യില്‍ ഞെട്ടലോടെ മാത്രമേ ഉള്‍ക്കൊള്ളാനാവു.

Untitled-1

ഇന്ത്യന്‍ ജനസംഖ്യയുടെ 17 ശതമാനത്തിലേറെയും ദളിത് എന്നുവിശേഷിപ്പിക്കുന്ന ജനവിഭാഗമാണ്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ട ‘താഴ്ന്നജാതിക്കാര്‍’. ഓരോ 18 മിനിറ്റിലും ജാതിഭേദത്തിന്റെ ഭാഗമായി ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ദിവസം മൂന്ന് ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് വിധേയരാകുന്നു. പ്രതിദിനം ദളിതര്‍ക്കുനേരെ ശരാശരി 27 അതിക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ആഴ്ചയിലും ആറു ദളിതരെ തട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യയിലെ 17 ശതമാനം പൗരന്മാര്‍ പൂര്‍ണമായും ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്ക് വെളിയിലാണ്. മാറിമാറിവരുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ സ്ഥിതി രൂക്ഷമാക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.

ഇന്ത്യയിലെ 11 സംസ്ഥാനത്ത് വന്‍തോതില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. 38 ശതമാനം സ്‌കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം (ദളിത്) ജനതയ്ക്ക് പൊലീസ് സ്‌റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍ കടകളിലും കയറാന്‍ സ്വാതന്ത്ര്യമില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തു പോകാന്‍ വിസമ്മതിക്കുന്നു. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതരെ കയറാന്‍ അനുവദിക്കുന്നില്ല. അവര്‍ ദളിത് സംവരണ സീറ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെങ്കില്‍പോലും വിലക്ക് നിലനില്‍ക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത ദളിതരുടെ മൃതദേഹം നദികളില്‍ ഒഴുക്കിവിടുകയോ സ്വന്തം കൂരയ്ക്കകത്ത് കുഴിവെട്ടി മൂടുകയോ ചെയ്യണം. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താല്‍തന്നെ അവരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ സ്വീകാര്യമല്ല.

ബിഹാറില്‍ ദളിതനായ നിതിന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയെന്ന് ബിജെപി ഊറ്റംകൊള്ളുന്നുണ്ട്. എന്നാല്‍, ഈ മുഖ്യമന്ത്രി സന്ദര്‍ശിച്ച ഒരു ക്ഷേത്രത്തിലെ വിഗ്രഹം മുഴുവന്‍ കഴുകിത്തുടച്ച് പുണ്യാഹംതളിച്ച് ശുദ്ധികലശം നടത്തി. ഇതിനെതിരെ ബിജെപി മൗനംപാലിക്കുന്നു. സംവരണ സീറ്റില്‍ മത്സരിച്ച അഞ്ച് ദളിത് സ്ത്രീകളെ അവരുടെ കൂരകളില്‍നിന്ന് കുടിയൊഴിപ്പിച്ചതിനെതിരെയും സര്‍ക്കാര്‍ മൗനംപാലിക്കുന്നു. പഞ്ചാബില്‍ ദളിത് സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിലും സര്‍ക്കാരിന് പ്രതികരണമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ‘താഴ്ന്ന ജാതി’ക്കാര്‍ക്കെതിരെ എണ്ണമറ്റ പീഡനം അരങ്ങേറുന്നു. ബ്രാഹ്മണ്യ വരേണ്യര്‍ക്ക് മാത്രമായി വിദ്യയെ ചുരുക്കുവാനുള്ള ഹൈന്ദവ ഫാഷിസറ്റ് തന്ത്രമാണ് രോഹിത് വെമുലയുടെ കൊലപാതകത്തിലൂടെ അപായ സൂചന നല്‍കുന്നത് .

ന്യൂനപക്ഷ ദളിത് രാഷ്ട്രീയം അത്രമേല്‍ പ്രസക്തമായി ഇടം നേടുന്ന യൂണിവേഴ്‌സിറ്റിയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി. ഭക്ഷണത്തില്‍ പോലും ഹൈന്ദവ ഫാഷിസം ഇടപെടുന്നതിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടന്ന അഭിമാനകരമായ ക്യാംബസ്സായിരുന്നു അത്. കൂലിവേലക്കാരിയായിരുന്ന അമ്മയുടെ തണലില്‍ പഠനം തുടര്‍ന്ന് അഞ്ചു ഫെല്ലോഷിപ്പുകള്‍ വരെ നേടിയിരുന്ന രോഹിത്, ഭാവി ഭാരതത്തില്‍ പ്രഗല്‍ഭനായി മാറുന്ന മിടുക്കനായ ഒരു ശാസ്ത്രജ്ഞനായി മാറുമായിരുന്നു. ആ സാധ്യതാ തളിരാണ് കേന്ദ്രമന്ത്രിയടക്കമുള്ള ഹൈന്ദവ കാപാലികര്‍ നുള്ളിക്കളഞ്ഞത്.
Untitled-1

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി.

അവസാനത്തെ ഭീതിദമായ സംഭവമാണ് രോഹിത് വെമുലയുടെ മരണം. അതിനെയാകട്ടെ അത്യധികം ക്രൂരവും, പകയിലധിഷ്ട്ടിതവുമായാണ് ഭരണകൂടം കൈകാര്യം ചെയ്തിരിക്കുന്നത്. സംസ്‌ക്കരിക്കാന്‍ ശവശരീരം പോലും ഭരണകൂടത്തില്‍ നിന്ന് വിട്ടുകിട്ടാത്തവനാണ് ദളിതരും, കീഴാളരുമെങ്കില്‍, പ്രാണന്‍ പറിച്ചെറിഞ്ഞു വ്യവസ്ഥിതിയോട് കലഹിക്കുന്നതിലും തീക്ഷ്ണമായി മറ്റെന്തുണ്ട്..?! ജനനം തന്നെ അപകടമായവര്‍ക്ക് മരണം തന്നെയാകുന്നു ശാപമോക്ഷം. ജീവിക്കണമെങ്കില്‍ മരിക്കാനും പഠിക്കേണ്ടിയിരിക്കുന്നു…!

എകലവ്യന്മാരുടെ വിരലുകള്‍ മാത്രമല്ല, വഴങ്ങാത്ത തലച്ചോറുള്ള, ശിരസ്സുകളെയും ദക്ഷിണയായി ആവശ്യപ്പെടുന്നുണ്ട് ഈ കറുത്ത കാലത്തെ ഹൈന്ദവ ബ്രാഹ്മണ്യം…!!!

DONT MISS
Top