‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ലോഗോ രൂപകല്‍പന ചെയ്തത് വിദേശത്തെന്ന് വിവരാവകാശരേഖ

make in india

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ രൂപകല്‍പന ചെയ്തത് വിദേശത്തെന്ന് വിവരാവകാശ രേഖ. അമേരിക്കയിലെ ഓറിഗണില്‍ പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സി വെയ്ഡന്‍ പ്ലസ് കെന്നഡിയാണ് ഈ ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശിയായ ശേഖര്‍ഖൗര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയ്ച്ചത്.

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഈ പദ്ധതിയുടെ പ്രചരണ പരിപാടികള്‍ സര്‍ക്കാര്‍ നടത്തിയിരുന്നത്. പദ്ധതിയുടെ ലോഗോ പോലും വിദേശത്ത് രൂപകല്‍പന ചെയ്തതാണെന്ന വിവരം പദ്ധതിയോടുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

നേരത്തെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്നു തന്നെ ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളും വെബ്‌സൈറ്റുകളും വഴി സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വെയ്ഡന്‍ പ്ലസ് കെന്നഡി ഇന്ത്യ ലിമിറ്റഡിന് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. ലോഗോ രൂപകല്‍പ്പനയ്ക്ക് ചെലവെത്രയാണെന്ന ചോദ്യത്തിന് രൂപകല്‍പ്പനയ്ക്ക് മാത്രമായി പ്രത്യേകം പണം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. പദ്ധതിയുടെ പരസ്യത്തിനും പ്രചരണത്തിനുമായി 11 കോടിരൂപ നല്‍കിയിട്ടുണ്ട്.

DONT MISS
Top