ഐലന്‍ കുര്‍ദ്ദിയെ ആക്ഷേപിച്ച് വീണ്ടും ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍

Untitled-1

പാരിസ്: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കവെ കടലില്‍ മുങ്ങിമരിച്ച ഐലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ ബാലനെ ആക്ഷേപിച്ച് ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍. വിവാദ കാര്‍ട്ടൂണുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഫ്രഞ്ച് മാസിക ഇത് രണ്ടാം തവണയാണ് ഐലന്‍ കുര്‍ദ്ദിയെ ആക്ഷേപിച്ച് കാര്‍ട്ടൂണ്‍ തയ്യാറാക്കുന്നത്. ഐലന്‍ മരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ മറ്റ് അഭയാര്‍ത്ഥികളെ പോലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നത്രയും വളര്‍ന്നേനെ എന്ന ആശയമാണ് കാര്‍ട്ടൂണ്‍ പങ്കുവെക്കുന്നത്. പുതുവല്‍സരത്തലേന്ന് ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ ചുവടുപിടിച്ചാണ് ഐലനെ ആക്ഷേപിച്ച് മാസിക കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്.

കാര്‍ട്ടൂണിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഷാര്‍ലി ഹെബ്ദോയിലെ ജീവനക്കാര്‍ മുഴുവനും വംശീയവിരോധികളാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.
തുര്‍ക്കി തീരത്ത് മരിച്ചുകിടക്കുന്ന ഐലന്റെ ചിത്രം അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയില്‍പെടുത്താന്‍ കാരണമായി.  കാര്‍ട്ടൂണിസ്റ്റുകളും ചിത്രകാരന്മാരും ഐലന് ചായക്കൂട്ടുകള്‍ കൊണ്ട് യാത്രാമൊഴികള്‍ നേരുമ്പോഴാണ് ഹെബ്ദോയുടെ ആക്ഷേപം. വടക്കന്‍ സിറിയയിലെ കൊബാന്‍ സ്വദേശിയാണ് ഐലന്‍. അഞ്ച് വയസ്സുകാരനായ സഹോദരനും മാതാവും ഐലനോടൊപ്പം ബോട്ട് മുങ്ങി മരിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പിടിയിലായ നഗരത്തില്‍നിന്ന് യൂറോപ്പിലേക്ക് അഭയം തേടി പുറപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ഐലന്‍. 13 പേര്‍ സഞ്ചരിച്ച ബോട്ടില്‍ നിന്ന് ഡ്രൈവറും ഐലന്റെ പിതാവ് അബ്ദുള്ള കുര്‍ദിയും മാത്രമാണ് രക്ഷപെട്ടത്.

DONT MISS
Top