തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു

WHALES

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി കടപ്പുറത്ത് നൂറോളം തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഇവ തീരത്തേക്ക് എത്തിയതെന്ന് തീരദേശവാസികള്‍ പറഞ്ഞു. മീന്‍പിടുത്തക്കാരും അധികൃതരും ചേര്‍ന്ന് കടലിലേക്ക് ഇവയെ തിരിച്ച് വിട്ടെങ്കിലും കുറെയെണ്ണം മണപ്പാട്, കല്ലമൊഴി തീരത്ത് വീണ്ടും അടിഞ്ഞു. ഇതില്‍ കുറെയെണ്ണം ചത്തിരുന്നു.

ചെറിയ ചിറകുള്ള തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. ഇത് ആദ്യമായാണ് ഇത്രയും തിമിംഗലങ്ങള്‍ കൂട്ടത്തോടെ എത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മന്നാര്‍ മറൈന്‍ പാര്‍ക്ക് ഉദ്യോഗസ്ഥരോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇത്രയധികം തിമിംഗലങ്ങളും ഡോള്‍ഫിനുകളും തീരത്തെത്തിയത് താളം തെറ്റുന്ന കാലാവസ്ഥയുടെ അനന്തരഫലമെന്നാണ് വിലയിരുത്തുന്നത്. സമുദ്രത്തിലെ ചൂടുയരുന്നതും മാലിന്യങ്ങള്‍ നിറയുന്നതും സമുദ്രജീവികളുടെ ജീവന് അപകടകരമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിലേതെങ്കിലും ആകാം ഇവിടെയും സംഭവിച്ചിരിക്കുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ നാഗപട്ടണത്തിനടുത്തുള്ള തീരത്ത് 33 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു.

DONT MISS
Top