ഫെഫ്കയില്‍ വീണ്ടും പൊട്ടിത്തെറി: നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം അംഗങ്ങള്‍ ഇന്ന് യോഗം ചേരും

FEFKAതിരുവനന്തപുരം: സിനിമാസമരം ഒത്തുതീര്‍പ്പായതിനുപിന്നാലെ ഫെഫ്കയില്‍ പൊട്ടിത്തെറി. ഡ്രൈവര്‍മാരുടെയും മെസ് ജീവനക്കാരുടെയും യൂണിയനുകളെയും അംഗീകരിക്കാത്തതിനെതിരേ ഫെഫ്കയില്‍ ഒരുവിഭാഗം രംഗത്തെത്തി. ഫെഫ്കയുടെ നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം അംഗങ്ങള്‍ ഇന്ന് യോഗം ചേരും.

സിനിമാ സമരം തുടര്‍ന്നപ്പോള്‍ ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ അണിയറത്തൊഴിലാളികള്‍ ജോലിചെയ്യാന്‍ തയ്യാറായിരുന്നു. ഇതോടെയാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്താന്‍ തയ്യാറായത്. ഡ്രൈവര്‍മാരുടെയും മെസ് ജീവനക്കാരുടെയും യൂണിയന് അംഗീകാരം നല്‍കാനാകില്ലെന്ന് യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തിരുന്നു. ഇതുള്‍പ്പെടെയുള്ളവ ഫെഫ്ക അംഗീകരിച്ചതോടെയായിരുന്നു സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ യൂണിയനുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥക്കെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരമൊരു ഒത്തുതീര്‍പ്പ് അംഗീകരിക്കാനാകില്ലെന്ന് ഫെഫ്ക ജോയിന്റ് സെക്രട്ടറിയും ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റുമായ എല്‍ദോസ് പറഞ്ഞു.

എതിര്‍പ്പ് രൂക്ഷമായതോടെ ഈ മാസം പന്ത്രണ്ടിന് നടത്താനിരുന്ന ഫെഫ്കയുടെ തൊഴിലാളിസംഗമം മാറ്റിവെച്ചതായി ഭാരവാഹികള്‍ അംഗങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് മെസേജുകളും അയച്ചിട്ടുണ്ട്. എതിര്‍പ്പിനെ ഭയന്നാണ് ചടങ്ങ് മാറ്റിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

DONT MISS
Top