സഞ്ജയ് ദത്ത് പുറത്തേക്ക്: ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും

Untitled-1

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും. മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് സഞ്ജയ് ദത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. മുംബൈ സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് തോക്കുകള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്ത് അഞ്ച് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ടത്. എന്നാല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കലാപത്തില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കാനാണ് തോക്ക് കൈവശം വച്ചതെന്ന് സഞ്ജയ് വാദിച്ചു. 1993-ല്‍ ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ദത്തിനെതിരെ കേസെടുത്തത്.

വിചാരണതടവുകാരനായി കഴിഞ്ഞ ദത്തിന് 1995 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. വിചാരണതടവ് അനുഭവിച്ച 18 മാസം കൂടി ഉള്‍പ്പെടുത്തി 2007ല്‍  ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു. 2013 മാര്‍ച്ചില്‍  ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി ബാക്കിയിരിയ്‌ക്കെയാണ് സഞ്ജയ് ദത്ത് മോചിതനാകുന്നത്.

ശിക്ഷാ കാലയളവില്‍ പല തവണ പരോള്‍ നേടിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സഞ്ജയ് ദത്തിന്റെ മോചനത്തിനായും മുറവിളികള്‍ ഉയര്‍ന്നു. ജയിലില്‍ ഹാജരാകാന്‍ വൈകിയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തിന് ഇളവ് ലഭിച്ചത്.

DONT MISS
Top