സമൂഹമാധ്യമങ്ങളില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദിയില്‍ കര്‍ശന നടപടി

social-media

സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ സൗദി അറേബ്യയില്‍ കര്‍ശന നടപടിക്ക് വഴിയൊരുങ്ങുന്നു. തടവും പിഴയും ആണ് ശിക്ഷയായി ലഭിക്കുക. ആക്ഷേപത്തിന് ഇരയാകുന്നവര്‍ക്ക് പരാതിപ്പെടുന്നതിനുള്ള സൗകര്യം ആഭ്യന്തരമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ മറ്റുള്ളവരെ അധിക്ഷേപിച്ചാല്‍ അഞ്ചു ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുക എന്ന് സൗദി ദേശീയ നിയമോപദേഷ്ടാവ് ഖാലിദ് അബു റാഷിദ് വ്യക്തമാക്കി.

സൈബര്‍ കുറ്റകൃതൃങ്ങളുടെ ഗൗരവം സൗദിയിലെ ജനങ്ങള്‍ വേണ്ടവിധം ഉള്‍കൊള്ളുന്നതായി കാണുന്നില്ലെന്ന് ഖാലിദ് അബു റാഷിദ് അഭിപ്രായപ്പെട്ടു. നിലവില്‍ ട്വിറ്ററിലൂടെ ആക്ഷേപം നടത്തിയാല്‍ മാത്രമെ സൈബര്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നുള്ളൂ എന്നാണ് പൊതുവെയുള്ള വിശ്വാസം. നിയമാവലിയില്‍ വാട്ട്‌സ് ആപിന്റെ പേര് കുറ്റകൃതൃങ്ങളുടെ പട്ടികയില്‍ പെടുത്തിട്ടില്ല എന്ന പ്രചാരണം ജനങ്ങള്‍ക്കിടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഏതു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റുള്ളവരെ ആക്ഷേപിച്ചാലും കുറ്റകൃതൃങ്ങളുടെ പരിധിയില്‍ പെടും. നിലവില്‍ പ്രചാരത്തിലുള്ളതും ഭാവിയില്‍ വരാന്‍ സാധ്യതയുള്ളതുമായ എല്ലാ പ്രോഗ്രാമുകളും ഇതിന്റെ പരിധിയില്‍ പെടുമെന്നും ഖാലിദ് അബു റാഷിദ് വൃക്തമാക്കി.

ഇത്തരം ആപ്ളിക്കേഷനുകളിലൂടെ മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ക്ക് വിധേയരായാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതിപ്പെടാവുന്നതാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ആപഌക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത ആപഌക്കേഷനിലൂടെ പരാതികൊടുക്കാന്‍ കഴിയുന്നതും കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ സാധിക്കുന്നതുമാണെന്നും ഖാലിദ് അബു റാഷിദ് പറഞ്ഞു.

DONT MISS
Top