നിരോധനസമയത്ത് മാഗി നൂഡില്‍സ് വിറ്റഴിച്ചുവെന്ന് ആരോപണം: സ്‌നാപ്ഡീലിനെതിരെ കേസ്

magi

ദില്ലി: നിരോധന സമയത്ത് മാഗി നൂഡില്‍സ് വിറ്റഴിച്ചുവെന്ന് ആരോപിച്ച് പ്രമുഖ ഓണ്‍ലൈന്‍ സംരഭകരായ സ്‌നാപ്ഡീലിനെതിരെ കേസ്. ഉല്പന്നം നിരോധിച്ച സമയത്ത് ഇവ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചെന്ന് ആരോപിച്ച് ജയ്പൂരില്‍ നിന്നുള്ള അഭിഭാഷകനായ ലളിത് ശര്‍മയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌നാപ്ഡീല്‍ സിഇഒ കുനാല്‍ ബാല്‍, സ്ഥാപകനായ രോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ ഏഴ് മുതലാണ് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒക്ടോബര്‍ 30 വരെ മാഗി നൂഡില്‍സ് നിരോധിച്ചത്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് മാഗിയില്‍ ലെഡിന്റെയും മോണോ സോഡിയം ഗ്ലൂട്ടമേറ്റിന്റെയും അളവ് കൂടുതലാണെന്ന് കണ്ടെത്തി ഉല്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. മുംബൈ ഹൈക്കോടതി നിരോധനം നീക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 19-നാണ് മാഗി നൂഡില്‍സ് വീണ്ടും വിപണിയിലെത്തിയത്.

നിരോധിച്ച ഉല്പന്നം വിറ്റഴിച്ചുവെന്നു തെളിഞ്ഞാല്‍ സ്‌നാപ്ഡീലിനെതിരെ നടപടിയുണ്ടാകും. എന്നാല്‍ ഇതേ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്‌നാപ്ഡീല്‍ അധികൃതരുടെ പ്രതികരണം.

DONT MISS
Top